കണിയിലൊതുങ്ങി മേടമാസം പുലർന്നു തണലേകാൻ മുറ്റത്തെ പൊൻകൊന്ന പൂത്തു കുരിശിലേറിയ വെള്ളിയാഴ്ച്ച ദുഃഖത്തിലമർന്നു ഉയിർത്തെഴുന്നേൽപ്പിൻ ദിനം പ്രതീക്ഷയിലമർന്നു കുഞ്ഞുക്രൂരൻ വിതച്ചത് ദുഃഖത്തിൻ വിത്തുകൾ ; ഭയത്തിൻ ആന്തലുകൾ ! കിരീടമണിഞ്ഞ് ആ കൊച്ചുകീടം ആർത്തുചിരിക്കുന്നു ആളിപ്പടരുന്നു എങ്കിലുമീ ഭൂമിയെ ഭരിക്കാൻ തുനിഞ്ഞ സ്വേച്ഛാധിപതി മുട്ടുമടക്കേണ്ടിയിരിക്കുന്നു.. അതിരുകൾ ഭേദിച്ച മർത്യനിന്ന്- പുറംലോകത്തെ അകറ്റുന്നു; ജാഗ്രതാരൂകരായി അവർ ഒന്നു തൊടാൻ പോലും മടിക്കുന്നു... ഭയമെന്നയിരുളിൽ മുങ്ങാതെയവർ എങ്ങും പൊൻതിരി തെളിക്കുന്നു ; തനിക്കും ലോകത്തിനുമായി അവൻ നിസ്വാർത്ഥം കേഴുന്നു താനെന്നില്ലാതെ ആരോഗ്യ കാവൽക്കാർ ലോകസൗഖ്യത്തിനായ് ഉറക്കമൊഴിയുന്നു രാപ്പകലില്ലാതെ ഭൂമിയുടെ ഭടൻമാർ നാടിനായ് ലാത്തിയെടുക്കുന്നു ; പുഞ്ചിരിയോടെ മാലാഖമാർ ഭൂമിക്ക് തണലായി ചിറക് വിരിക്കുന്നു ഇന്നിന്റെ നായകർ അതിജീവനത്തിന്റെ പൊൻസൂര്യനായ് മാറുന്നു... ഇവിടെയൊരമ്മതൻ സ്നേഹത്തിൽ അച്ഛന്റെ കരുതലിൽ മുഖ്യനും ഒപ്പം മലയാളമക്കളും ഒറ്റക്കെട്ടായ് നിൽക്കുന്നു നല്ലൊരു നാളെക്കായ് പ്രതീക്ഷ നിറച്ച് കാലചക്രം വീണ്ടും മുന്നോട്ട് നീങ്ങുന്നു...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത