കരുതൽ

സമയത്തോട് മത്സരിച്ച് അവൾ ഓരോ വറ്റും വായിലേക്കിട്ടു. അവസാനം തന്നെക്കൊണ്ട് ജയിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കി അവൾ ചോറ് മതിയാക്കി.

"മോളെ ചോറ് മുഴുവൻ കഴിച്ചിട്ട് പോ, രണ്ട് മണിക്കല്ലെ ഡ്യൂട്ടി തുടങ്ങൂ"

"ഇന്ന് നേരത്തെ ചെല്ലണം" വേഗത്തിൽ വാക്കുകൾ കൂട്ടിച്ചേർത്ത് പറഞ്ഞൊപ്പിച്ചു.

"ഇനി എപ്പഴാ മോള് തിരിച്ച് വരുന്നേ"

അത് കേട്ടപ്പോൾ രമ്യയുടെ മുഖം വാടി

"പത്ത് ദിവസമാണ് ഡ്യൂട്ടി അത് കഴിഞ്ഞ് പതിനാല് ദിവസം നിരീക്ഷണത്തിൽ ഇരിക്കണം"

"അപ്പോ മക്കളോ?"

"അവരോട് ഞാനൊന്നും പറഞ്ഞിട്ടില്ല" ധൃതിയിൽ ചെരുപ്പിട്ട് അവൾ മുറ്റത്തേക്കിറങ്ങി

"സച്ചൂ... അനന്തൂ ... അമ്മ പോട്ടെ" അകത്ത് ടെലിവിഷനിൽ ശ്രദ്ധപതിപ്പിച്ചിരുന്ന രണ്ടു പേരും ഓടിയെത്തി അമ്മയ്ക്ക് മധുരമൂറുന്ന രണ്ട് ഉമ്മകൾ സമ്മാനിച്ചു. ആശുപത്രിയിലെത്തിയിട്ട് വിളിക്കാം എന്ന് വാക്കു കൊടുത്ത് അവൾ നടന്ന് നീങ്ങി.

കൊടുത്ത വാക്ക് പാലിച്ചുകൊണ്ട് രമ്യയുടെ ഫോൺ കോൾ എത്തി. "ഹലോ, അമ്മേ ഞാനിവിടെ എത്തി. പ്രതീക്ഷിച്ചതു പോലെയല്ല. ഇന്ന് തന്നെ മൂന്ന് കൊവിഡ് കേസുകളാണ് ഇവിടെയുള്ളത്. നമ്മൾ സൂക്ഷിക്കേണ്ട സമയമാണിത്. സർക്കാർ തരുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ ശ്രമിക്കണം".

"ഉം.... "

"മക്കളെവിടെ?

"അവര് കളിക്ക്യാണ്"

"ഇവിടെ അൽപം തിരക്കുണ്ട്. വെക്കട്ടെ"

"ശരി"

ഫോൺ കട്ട് ചെയ്ത് അവൾ തന്റെ നിസ്വാർത്ഥ സേവനം തുടർന്നു.

മക്കളുണർന്നപ്പോൾ അവർ അമ്മയെ തിരക്കി. ഇപ്പോൾ വരുമെന്ന മറുപടിയെ ആ അമ്മൂമ്മയ്ക്ക് നൽകാനുണ്ടായിരുന്നുള്ളൂ. ഏതാനും ദിവസങ്ങൾ ആ മറുപടി കൊണ്ട് അവർ പിടിച്ചു നിന്നു. എന്നാൽ അന്ന് രാത്രി അമ്മയുടെ ചൂടു പറ്റാതെ അവർക്കുറങ്ങാനായില്ല. അനന്തു അമ്മയെ കാണാൻ കരഞ്ഞു വാശി പിടിച്ചു. അമ്മൂമ്മയുടെ വാക്കുകൾക്ക് അനന്തുവിനെ തൃപ്തിപ്പെടുത്താനായില്ല. അവസാനമൊരു തീരുമാനമെടുക്കാനാവാതെ വന്നപ്പോൾ അവരുടെ അച്ഛൻ വീട്ടിൽ നിന്ന് പുറത്തിറങ്ങി.

"അമ്മേ ഞാൻ പോക്കാണ്"

"എങ്ങോട്ട്?"

"കടയിലേക്ക് "

"ലോക് ഡൗണല്ലേ മോനേ, പുറത്തിറങ്ങാൻ പാടുണ്ടോ"

ആ വാക്കുകൾ അയാൾ പുച്ഛിച്ചു തള്ളി. അതിനൊരു മറുപടി കൊടുക്കാൻ അയാൾ താത്പര്യപ്പെട്ടില്ല. കടയിലേക്ക് കേറിയതും ചിലരുടെ നോട്ടങ്ങൾ അവളുടെ നേർക്ക് കുതിച്ചു. "കൊറോണ വണ്ടി വരുന്ന ടാ" അയാൾക്ക് പെട്ടെന്നൊന്നും മനസ്സിലായില്ല. ഇടയ്ക്ക് ആരോ പറയുന്നത് കേട്ടു.

"ഇയാൾടെ ഭാര്യ രമ്യ കൊറോണ വാർഡിലെ നാഴ്സാണ്".

ഒരു കാരണത്താൽ പലരുടെയും പരിഹാസവും വിദ്വേഷവും തനിക്കു നേരെ ഉയർന്നു വന്നു. വീട്ടിലെത്തിയപ്പോൾ സ്ഥിതി ഗുരുതരമായിരുന്നു. കടുത്ത ദേഷ്യത്തോടെ അയാൾ ഭാര്യയെ വിളിച്ചു. ഇതിനൊക്കെ കാരണം അവളാണല്ലോ.

"ഹലോ"

"നീയിപ്പോൾ ഈ ജോലി രാജിവയ്ക്കണം"

"നിങ്ങളെന്താണീ പറയുന്നത്?"

"നിനക്ക് ഈ ജോലി രാജി വയ്ക്കാൻ പറ്റുമോ ഇല്ലയോ? കണ്ട നാട്ടുകാരുടെ പരിഹാസം എന്നെ കൊണ്ട് കഴിയില്ല. മക്കളെ വരെ നോക്കാതെ നീയെന്തിനാണിങ്ങനെ ജോലി ചെയ്യുന്നത് ?"

നിന്ന് അവൾ മൗനമായി ഇത് കേട്ടു നിന്നു. "നിങ്ങളുടെ അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഇതിന്റെ ഗൗരവം നിങ്ങൾക്കിനിയും മനസ്സിലായിട്ടില്ല. ഇപ്പോൾ നമ്മുക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാം എന്നാൽ നാളെ ഇതിലും വലിയ ബുദ്ധിമുട്ട് ഇല്ലാതിരിക്കാനാണ് ഞാനിതൊക്കെ ചെയ്യുന്നത്. രോഗികൾക്ക് ഞങ്ങൾ മാലാഖമാരാണ് ഒരു മാലാഖയുടെ കരുണ ഞങ്ങൾക്കവരോട് കാണിച്ചേ പറ്റൂ. ഞങ്ങൾക്ക് ഈ മഹാവ്യാധിയെ പ്രതിരോധിക്കണം എന്നാലാവുന്നത് ഞാൻ ചെയ്യും. നമ്മളെല്ലാവരും ശ്രമിച്ചാലെ ഇത് നടക്കൂ. നമ്മുക്ക് പ്രതിരോധിക്കണ്ടെ?"

രമ്യയുടെ വാക്കുകൾ അവസാനിച്ചപ്പോൾ അയാൾക്ക് തല താഴ്ത്തി നിൽക്കാനെ കഴിഞ്ഞുള്ളു.

"സോറി" - പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു. കേട്ടത് രമ്യ മാത്രമാണെങ്കിലും പറഞ്ഞത് എല്ലാവരോടുമാണ്.

ഫോൺ കട്ട് ചെയ്ത് തിരിഞ്ഞു നോക്കുമ്പോൾ ആ മാലാഖയെ വരവേറ്റത് കൈയ്യടികളായിരുന്നു. അവൾ ഒരു നക്ഷത്രത്തത്തെപ്പോലെ തിളങ്ങി .


ജിൻഷ എം
9 C ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ