ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/അക്ഷരവൃക്ഷം/തൂക്കുമരം

19:59, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തൂക്കുമരം

സെല്ലിനുള്ളിലെ ഒഴിഞ്ഞ മുലയിൽ അയാൾ ഇരുപ്പുറപ്പിച്ചു. ആ ഹേമന്ത രാത്രിയിൽ അയാൾക്ക് വല്ലാത്ത കുളിരനുനുഭവപ്പെട്ടു. പാതിരാകാറ്റ് അയാളെ ആശ്വസിപ്പിക്കുന്ന തരത്തിലൊന്ന് തലോടി. തന്റെ ജീവിതത്തിലെ അവസാന രാത്രിയായി അയാൾ അതിനെ കണക്കാക്കി. കാരണം അയാൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു.
രാവിലെ തന്റെ അച്ഛനെ സെല്ലിൽ വെച്ച് കണ്ടുമുട്ടിയതിനെക്കുറിച്ച് അയാൾ ഓർത്തു. അയാളുടെ അച്ഛൻ വിതുമ്പുകയും ഒടുവിൽ കരയുകയും ചെയ്തു. അച്ഛനെ ഏറ്റവും വിഷമിപ്പിച്ച ഒരു കാര്യം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്ന തന്റെ മകനെ തൂക്കിലേറ്റുന്നത് താൻ തന്നെയാണെന്ന വസ്തുതയായിരുന്നു. കാരണം അയാൾ ഒരു ആരാച്ചാരായിരുന്നു. വർഷങ്ങളോളം ആരാച്ചാരായുള്ള അനുഭവ സമ്പത്ത് അയാൾക്കുണ്ടായിരുന്നു ദരിദ്രരായ ആ കുടുംബത്തിന്റെ ഏക ഉപജീവനമാർഗ്ഗം അയാളായിരുന്നു.
കോടതി ഓരോ വധശിക്ഷകൾ വിധിക്കുമ്പോഴും അയാൾ സന്തോഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ അയാൾക്കതിന് കഴിയുന്നില്ല.
പിറ്റേന്ന് നടക്കാനിരിക്കുന്ന സങ്കട നിമിഷങ്ങളെക്കുറിച്ച് അയാൾ ഓർത്തു. പുലർച്ചയോടുകൂടി വധശിക്ഷ നടപ്പാക്കുമെന്നാണ് രാവിലെ കണ്ടുമുട്ടിയപ്പോൾ അയാളുടെ അച്ഛൻ (ആരാച്ചാർ)പറഞ്ഞത്. തന്റെ അച്ഛന് വധശിക്ഷ നടപ്പാക്കുന്നതിൽ സങ്കടമാണ്. എന്നാൽ തനിക്ക് അതിൽ സന്തോഷം ആണുള്ളത്.
തൻറെ അച്ഛന്റെ മുമ്പിലാണ് താൻ മരിക്കുന്നത് എന്ന് അയാൾ ഓർത്തു. അത് അയാൾക്ക് സന്തോഷവും സങ്കടവും നൽകി. ആ രാത്രിയിൽ പോലീസ് ഉദ്യോഗസ്ഥർ അയാൾക്ക് ഭക്ഷണം നൽകിയെങ്കിലും അയാൾ കഴിച്ചില്ല. സെല്ലിനുള്ളിലേക്ക് ഒരു ഇളംകാറ്റ് പ്രവേശിച്ചു. മരിച്ചുപോയ തന്റെ അമ്മയുടെ തലോടലായി അയാൾ അതിനെ കണ്ടു. ആ സമയം അതുവരെ കരയാതിരുന്ന അയാളൊന്നു കരഞ്ഞുപോയി . കുറ്റമൊന്നും ചെയ്യാതെയാണ് താൻ വധശിക്ഷയ്ക്ക് അർഹനായത്. തന്റെ അമ്മ കിടന്ന സെല്ലിനുള്ളിലാണ് അയാൾ കിടക്കുന്നത്. ആ രാത്രിയിൽ ഒന്ന് മയങ്ങണമെന്ന് അയാൾക്ക് തോന്നി . തന്റെ ജീവിതനിമിഷങ്ങൾ അയാൾ ഒന്ന് ഓർത്തു.
തന്റെ അനിയത്തിയെ കുറിച്ചായിരുന്നു അയാൾ ചിന്തിച്ചത് . അവളോടൊത്തുടള്ള ജീവിത നിമിഷങ്ങൾ അയാൾ ഓർത്തു. തന്റെ വധശിക്ഷ നടപ്പാക്കുന്ന ദിവസത്തിന് ശേഷമാണ് അനിയത്തിയുടെ വിവാഹം.
ഇതെല്ലാം ഓർത്ത് അയാൾ ഒന്നു മയങ്ങി. സ്വപ്നത്തിൽ തൻറെ അച്ഛന്റെയൊപ്പം അനിയത്തിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതായി അയാൾ സ്വപ്നം കണ്ടു. അവളുടെ നവ വരനെയും സങ്കൽപ്പിച്ചു. തന്നെ ആരോ തട്ടുന്നതായി അയാൾക്ക് തോന്നി. ഉണർന്നപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് അയാൾ കണ്ടത് . കുളിച്ച് വേഷം മാറുവാനായി അയാൾ അഭ്യർത്ഥിച്ചു. ഭക്ഷണം ചോദിച്ചെങ്കിലും അയാൾ നിരസിച്ചു.
അയാൾ ദേഹത്ത് കുറച്ച് വെള്ളം ഒഴിച്ചു. ആ തണുത്ത വെള്ളം അയാളെ കുളിരണിയിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം അയാളുടെ കണ്ണു മൂടി കെട്ടി പതിയെ പൊലീസ് ഉദ്യോഗസ്ഥർ അയാളെ കഴുമരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി . കണ്ണീർ വാർത്ത് ആരാച്ചാരായ അയാളുടെ അച്ഛൻ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അയാൾ വലിയ ചിന്തയിലായിരുന്നു . വധശിക്ഷ നടപ്പാക്കുന്നതിലൂടെ ലഭിക്കുന്ന പണം അനിയത്തിയുടെ വിവാഹത്തിന് എടുക്കണമെന്ന അഭ്യർത്ഥന അയാളുടെ കാതിൽ മുഴങ്ങി. തന്റെ മകന്റെ മുന്നിൽ വച്ച് അയാൾ പൊട്ടിക്കരഞ്ഞു. പല പ്രതികളുടെയും വധശിക്ഷ നടപ്പാക്കിയിട്ടുള്ള അയാൾ ആദ്യമായി ഒന്നു കരഞ്ഞു . കണ്ണു മൂടിക്കെട്ടിയ മകന്റെ മുഖം അയാൾക്ക് താങ്ങാൻ കഴിയുഞ്ഞില്ല.
ആ അച്ഛൻ പതിയെ മനസാന്നിധ്യം വീണ്ടെടുത്തു. അയാൾ പതിയെ തന്റെ ജോലിയിലേക്ക് പ്രവേശിച്ചു. കൃത്യനിർവഹണത്തിന് ശേഷം അയാളുടെ മൃതദേഹം ആരാച്ചാരായ ആ അച്ഛൻ ഏറ്റുവാങ്ങി. മകൻറെ മൃതദേഹം മടിയിൽ വച്ച് അയാൾ ഉറക്കെ കരഞ്ഞു. ആ രംഗം ആകാശത്ത് പൂർണ ശോഭയോടെ കത്തിജ്വലിക്കുന്ന സൂര്യനല്ലാതെ മറ്റാരും കണ്ടില്ല.

എഡിസൻ സെബാസ്റ്റ്യൻ
8A ജി.എച്ച്.എസ്.എസ് മൂക്കന്നൂർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ