ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/അക്ഷരവൃക്ഷം/ വിഷുപ്പക്ഷി

19:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിഷുപ്പക്ഷി

"ഒന്ന്,രണ്ട്, മൂന്ന്”വളരെ പതുക്കെയാണവ‍ൾ അത് പറഞ്ഞത്.പക്ഷെ പിന്നീട് ഒന്നുകൂടി സ്വയം കുടഞ്ഞുകൊണ്ട് നിർത്താതെ ഒറ്റശ്വാസത്തിൽ മൊഴിഞ്ഞു, "നാല്,അഞ്ച് , ആറ്.........പത്ത്,പതിനൊന്ന് " അടുക്കളയുടെ ചൂടിൽ വെന്തുരുകി കുക്കർ കരഞ്ഞു.കറിക്ക് ഉപ്പ് ഇടണം.തേങ്ങാ ചെരവണം.പാത്രങ്ങൾ കഴുകണം തുടങ്ങി, വിവിധ നിറത്തിലും ഭാവത്തിലും അടുക്കളയുടെ രാജ്ഞി ചെലച്ചുക്കൊണ്ടിരുന്നു.അപ്പോഴും മേടത്തിലെ സൂര്യൻ അസ്തമിക്കാറായിട്ടില്ല. "പോയ് കണിക്കൊന്ന പറിച്ചുക്കൊണ്ടുവാ ന്റെ ലക്ഷമീദേവീ....” ഉമ്മറത്ത് നിന്ന് അമ്മ വിളിച്ചു പറഞ്ഞു.അല്പം കടുപ്പിച്ചുള്ള ചൂട് പിന്നീട് സമ്മർദ്ദം കൂട്ടുകയായിരുന്നു. "അവളിവിടെ കിടന്ന് എണ്ണിക്കളിക്കുവാ.പോയ് പറിക്കെടീ..”

മെല്ലെ ,തെളിഞ്ഞ മാനത്ത് കാർമേഘങ്ങൾ അടഞ്ഞുകൂടിയിരിക്കുന്നതുപോലെ നേരിയ ഇരുട്ട് പടർന്നു. പൊടിപടലങ്ങളുടെ കുത്തൊഴിക്കിൽപ്പെടാതെ ചാരുകസേരയിൽ നിവർന്നിരുന്ന് താടിയിൽ തടവിക്കൊണ്ട് മുത്തശ്ശൻ ഭാവാഭിനയം കാണിച്ചു.വെളുത്ത രോമങ്ങളിലെ കറുത്ത പൊട്ടുകൾ എന്തിന്റെ സൂചകമായിരുന്നുവെന്ന് അറിയില്ല.

ഇളംകാറ്റിന്റെ തഴുകൽ നന്നേ രസിപ്പിച്ചു.ലക്ഷ്മിയുടെ മുഖത്ത് വിയർപ്പുത്തുള്ളികൾ ചാടിക്കളിച്ചു.എവിടെയോ എന്തോ കരിയുന്ന മണം.വിങ്ങലിന്റെ മഞ്ഞപ്പ്.ആകെ ഒരു അവ്യക്തത.നെറ്റിയിൽ പ്രത്യക്ഷമായി കാണപ്പെട്ട വട്ട പൊട്ട് ഭംഗിയെ ഉതകിക്കൊണ്ട് വരച്ചതായിരിക്കണം.

"പീലി മോളെ ,ഇതുവരെ പറിച്ചില്ലേ പോയി പറിക്ക്.” അമ്മ വീണ്ടും ശബ്ദമുയർത്തി. 'ലക്ഷ്മി 'എന്ന പേര് ആരും അധികം ഉപയോഗിച്ചിട്ടില്ലായിരുന്നു.എന്നോ ഒരു ദിവസം കാൽതെറ്റി വീണപ്പോൾ അറിയാതെ മിഴികൾ ചൊരിഞ്ഞ മഴ കണ്ടിട്ടാവണം പീലി എന്ന പേര് വാമൊഴിയിലൂടെ വീണത്.ഭഗവാൻ ശ്രീകൃഷ്ണന്റെ മയിൽപീലിയുടെ അംശം തന്നിലുണ്ടെന്ന തോന്നൽ അവളെ എന്നും ആഹ്ലാദിപ്പിച്ചു.വരയ്ക്കാനോ പാടാനോ ആടാനോ അറിയാത്തൊരു കുട്ടി എന്ന് എല്ലാവർക്കും അറിയാമായിരുന്നിട്ടും കൂടി 'കളിയാക്കൽ' എന്ന പ്രക്രിയയ്ക്ക് അത് നല്ലവണ്ണം കലങ്ങിതെളിഞ്ഞ ഒരു വസ്തുതയായിരുന്നു.പക്ഷെ,എന്തും ആസ്വദിക്കാൻ അവൾക്കറിയാമായിരുന്നു.......

ഇതിന്റെയെല്ലാം തുടക്കം എന്നിലൂടെയാണ്.നാളത്തെ വിഷുവിന് വേണ്ടി മാത്രം കാത്തിരിക്കുന്ന എന്നിലൂടെ.ജീവനിൽ തിരിതെളിയിച്ച് വിഷുവിന് ഞാൻ പൂത്തിരിക്കും.ഇതുവരെ എന്ത് തന്നെ സംഭവിച്ചാലും വർഷിക്കാൻ പോകുന്ന മഴയുടെ തണുപ്പത്തിരുന്ന് കുളിരാടാനാണെനിക്കിഷ്ടം. മണ്ണിന്റെ ഗന്ധത്തിലൂടെ വളരാനും. "പീലീ....."അമ്മയുടെ സ്വരം വീണ്ടും മുഴങ്ങി. മുറ്റത്ത് പൂത്ത് നിന്ന എന്നെ നോക്കി പീലി മന്ത്രിച്ചു, "നീ തന്നെ പറ,എത്ര തിരക്കുപിടിച്ചാണ് നാളത്തെ വിഷു ആഘോഷിക്കാൻ നിന്നെ കൊണ്ടുപ്പോകുന്നത്?” ശരിയാണ് സന്തോഷത്തോടെയാണ് എന്നെ കൊണ്ടുപ്പോകുന്നത്.ക‍‍‍ർഷകരെ വിത്തും കൈക്കോട്ടുമെടുക്കാനുള്ള സമയം ഓർമ്മപ്പെടുത്തുന്ന വിഷുപ്പക്ഷികൾ.....അതേ പക്ഷികൾ പാടിനടക്കുന്ന മണ്ണിൽ തന്നെയാണോ ഇന്ന് ഞാൻ നിലകൊള്ളുന്നത് ?പ്രകൃതി എന്തിന് മൂകയാവുന്നു?പീലിയുടെ നേർക്ക് ഞാൻ നോക്കിനിന്നു.ചുണ്ടുകൾ വീണ്ടും അനങ്ങി, "പക്ഷെ ഇവിടുത്തെ പ്രശ്നങ്ങൾ നിന്നെയറിയിക്കാതെയെങ്ങനാ?വൈറസുകൾ പെരുകുവല്ലേ..മരണങ്ങളുടെ കണക്കുകൾ എണ്ണി എണ്ണിയാ പറയുന്നത്.ഇപ്പോ അതാണ് താരം.പക്ഷെ നമ്മൾ വിട്ടുകൊടുത്തിട്ടില്ല കേട്ടോ.കുറച്ച് ആശ്വാസമുണ്ടിപ്പോൾ.കണ്ണിന് കാണാത്ത ഇവയൊക്കെ ഇങ്ങനെ പെരുകിയാൽ മനുഷ്യർക്ക് ജീവിക്കാൻ പറ്റുമോ?" അവളുടെ കണ്ണിൽനിന്ന് ഒരു തുള്ളി വെള്ളം ഉരുണ്ട് ചുണ്ടുകളെ സ്പർശിച്ച് താഴേക്ക് ഒഴുകിപ്പോയി.തൊണ്ടയിടറി.വിഷുപ്പക്ഷികൾ കരയുകയാണോ?പീലിയുടെ വാക്കുകളിൽ സന്തോഷം നിറയാത്തത് ഒട്ടും അതിശയകരമായി എനിക്ക് തോന്നിയില്ല.കണ്ണുകൾ തുറന്നത് ഇങ്ങനെയൊരു അവസ്ഥയിലാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.നേരിയ വിങ്ങൽപ്പാടുകൾ എന്നിലും സ്പർശിച്ചു.സൂര്യൻ ഉജ്ജ്വലിക്കുന്നു.പക്ഷികൾ കരഞ്ഞപേക്ഷിക്കുന്നു."വിളക്കുകൾ കൊളുത്തുക"എന്നായിരുന്നു അവളുടെ വാക്കുകൾ. ഓർമ്മ പോലൊരു ദിവസം വേണമെങ്കിൽ സന്തോഷം നിറഞ്ഞതായിരിക്കണം.എന്റെ മഞ്ഞപ്പിലേക്ക് ഞാൻ തന്നെ സൂക്ഷിച്ചു നോക്കി.ശരിയാണ്.ആർക്കുംആരെയും ഒന്നിനും നിർബന്ധിക്കാനാവില്ല.വീണ്ടുമൊരു വിഷു വരും. അമ്മ മുരളിച്ച ശബ്ദത്തോട് കൂടി ചോദ്യം ഉന്നയിച്ചു. "പറിച്ചോ?” ഉടനടി എന്റെ മാറിലേക്ക് ചാരി നിന്ന് പൂക്കൾ പറിച്ചുക്കൊണ്ട് അവൾ ആശ്വാസകരമായൊരു ഉത്തരം നൽകി; "പറിച്ചു.” ഭഗവാന്റെ അനുഗ്രഹം എനിക്ക് മേൽ വ‍ർഷിച്ചു.ഭീതിയുടെ ചിഹ്നം മറ്റെല്ലാവർക്കും ഉണ്ടായിരുന്നിട്ടും കൂടി പീലിയുടെ വാക്കുകൾ ആരെയും ആശ്വസിപ്പിക്കുന്നതായിരുന്നു.കണ്ണിന് കാണാത്ത എത്രയോ കാര്യങ്ങൾ നമ്മെ വേട്ടയാടിയിട്ടുണ്ട്.അവിടെ നാം പാലിച്ചതെന്തോ അത് തന്നെ ഇവിടെയും തുടരും.മനസ്സുകളുടെ അകലം ;നമമൾ പാലിക്കുന്നത് നമ്മുടെ വേർപാടുകളുടെ സൂചകമായാണ്.ഒന്നും അനശ്വരമല്ല . വൈറസുകളാണ് നമ്മെ വേട്ടയാടുന്നത്. 'നാളേക്ക് വാടുന്ന പൂക്കളിൽ- പ്പോലും മൃദു മന്താരം പടർന്നീടാം അല്ലെങ്കിൽ പൊടിഞ്ഞുപ്പൊടിഞ്ഞ് കരിഞ്ഞുണങ്ങീടാം........’ നിറഞ്ഞ അന്ധകാരത്തിലും തിളങ്ങി ജ്വലിക്കാൻ ഓരോ വിഷുപക്ഷിയും കൈനീട്ടും... "ന്റെ കണിക്കൊന്നേ നിന്നെ സമ്മതിക്കണം ഈ ഉറുമ്പുകളെയെല്ലാം നീ എങ്ങനെയാ സഹിച്ചത്?”


ANUSHA SAVITHRI I V
9 D ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ