ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/അക്ഷരവൃക്ഷം/ചില കോവിഡ് അനുഭവങ്ങൾ
ചില കോവിഡ് അനുഭവങ്ങൾ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നാം വീടുകളിൽ തന്നെ ആയിരിക്കുകയാണ്. സാധാരണ ജീവിതത്തിന്റ് തിക്കും തിരക്കും മാറ്റിവയ്ക്കാൻ നാം നിർബന്ധിതരായി, സ്വസ്ഥവും സമാധാനപരവുമായ ജീവിതം ഒപ്പം ഉള്ളിലെവിടെയോ കത്തുന്ന ഭീതിയും പ്രതിരോധവും. വീണ്ടും നാം വീടുകളിൽ കുടുംബങ്ങളുടെ ഇമ്പവും താളവും തിരിച്ചറിഞ്ഞു . നമുക്ക് പാതിവഴിയിൽ നഷ്ടപ്പെട്ട നമ്മുടെ കുടുംബത്തിൻറെ ആ ചിരി നമുക്ക് തിരികെ ലഭിച്ചു. ഒഴിവുസമയങ്ങൾ പണ്ട് കണ്ടെത്താൻ മറന്നിരുന്ന നമുക്ക് ഇന്ന് ധാരാളം സമയമുണ്ട് എന്തിനുമേതിനും. നമ്മുടെ പരമ്പരാഗത രീതിയിലേക്ക് ചില സമയങ്ങളിൽ എങ്കിലും നാം ഊളയിട്ടിറാങ്ങാറുണ്ട് . പുതു തലമുറയ്ക്ക് ഒരു പക്ഷേ അതൊക്കെ അപരിചിതമാണ് എന്നിരുന്നാലും മുതിർന്നവർ അത് ആസ്വദിക്കുന്നുണ്ടാവും തീർച്ച.കാറ്റിനേക്കാൾ വേഗത്തിൽ ഓടിയിരുന്ന തങ്ങളുടെ മക്കളും കൊച്ചുമക്കളും ഇന്ന് അവർക്ക് ചുറ്റും ഉണ്ട്. അതിൽ അവർ സന്തോഷിക്കുന്നുമുണ്ട്.പക്ഷേ തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം ഒരു വിചിത്ര കാലഘട്ടം അതിനെ അവർ പേടിക്കുന്നുണ്ടാവും. തങ്ങളുടെ കഴിവുകൾ പൊടിതട്ടി എടുക്കുവാൻ നല്ല ഒരു അവസരമാണിത് ,ഒപ്പം നാം നേരിടുന്ന ഈ മഹാമാരിയെ പ്രതിരോധിക്കാൻ മാനസികമായി തയ്യാറെടുക്കുവാനും. നാം നമ്മുടെ പരിസ്ഥിതിയെയും മറന്നുകൂടാ.നമ്മെ ഉൾക്കൊള്ളുന്ന ഈ ഭൂമിയെയും അതിലെ ജീവജാലങ്ങളെയും ഒന്ന് അടുത്തറിയാൻ ശ്രമിക്കാം അവയുടെ താളം നെഞ്ചോടു ചേർക്കാം. ഇനിയും ഒരു പ്രളയം വരാതിരിക്കുവാൻ നമുക്ക് ഈ പ്രകൃതിയെ സംരക്ഷിക്കാം .ജീവജാലങ്ങളിൽ മനുഷ്യൻ മാത്രമാണ് പ്രകൃതിയെ ഇത്രത്തോളം അകറ്റി നിർത്തുന്നത് നമുക്കും ഈ പ്രകൃതിയെ പ്രണയിക്കാം അതിൻറെ താളത്തിൽ സ്വയം മറന്ന് അതിൽ അലിഞ്ഞു ചേരാം.ഒരു ഇല പൊഴിയുന്നത് പോലും എന്തു മനോഹരമാണ് എന്ന് സൂക്ഷ്മ നിരീക്ഷണത്തിലൂടെ നമുക്ക് മനസ്സിലാകും.. നാം കൊറോണ ഭീതിയിലും വീടുകളിൽ ഇങ്ങനെയൊക്കെ സന്തോഷമായിരിക്കുന്നു.നാം കോറോണ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കോവിഡ് 19 ലോകം മുഴുവൻ വരുത്തുന്ന ഭീതിയും നഷ്ടങ്ങളും അതിൻറെ തീവ്രത ഒരുപക്ഷേ നാം അറിയുന്നുണ്ടാവില്ല. അതറിഞ്ഞ ആയിരങ്ങൾ നമ്മുടെ ഈ ലോകത്ത് ഉണ്ട് .നിപ്പയും പ്രളയത്തെയും പ്രതിരോധിച്ച നമ്മൾ കോവിഡ് 19 നെയും പ്രതിരോധിക്കുമെന്ന് ആധികാരികമായി പറയാറുണ്ട് എന്നാൽ അത് വെറും വാക്കുകളിൽ ഒതുങ്ങാതെ നാമോരോരുത്തരും മുൻകരുതലുകളും വേണ്ട പ്രതിരോധമാർഗങ്ങളും എടുക്കാൻ ശ്രമിക്കണം.. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ വെറും തമാശയായി എടുക്കാതെ അതിനെ ഗൗരവത്തോടെ ഉൾക്കൊള്ളാൻ നാം ശ്രമിക്കണം.നാം വീടുകളിൽ സുരക്ഷിതരായി ഇരിക്കുന്നത് നമ്മുടെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ രാത്രിയെയും പകലിനെയും വേർതിരിക്കാതെ നമുക്കായി പ്രവർത്തിക്കുന്നത് കൊണ്ടാണ്. മാധ്യമപ്രവർത്തകരെയും നാം മറന്നുകൂടാ യഥാസമയം നമ്മൾക്ക് വാർത്തകൾ കൃത്യമായി നൽകാൻ അവർ ക്യാമറ കണ്ണുകളുമായി പാഞ്ഞു തന്നാലാവും വിധം ശ്രമിക്കുന്നു. അവരും ബഹുമാനാർഹരാണ് . നമ്മെപ്പോലെ ആരോഗ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും ഓരോ സഹോദരങ്ങളാണ് അമ്മയാണ് അച്ഛനാണ് കൂട്ടുകാരനും കൂട്ടുകാരിയും ഒക്കെയാണ് അവർക്കും നമ്മെപ്പോലെ വീട്ടിലിരിക്കാനും ഒഴിവുസമയങ്ങളിൽ ആയിരിക്കാനും അവകാശമുണ്ട്. അവർ അത് ചെയ്യാതെ പ്രതിരോധത്തിന്റെ പടച്ചട്ടയണിഞ്ഞ് നമുക്കായി ആണ് പ്രവർത്തിക്കുന്നത്.ഏപ്രിൽ 7 ലോക ആരോഗ്യ ദിനം- നഴ്സുമാർക്ക് പിന്തുണ എന്നതായിരുന്നു ഈ വർഷത്തെ വിഷയം ഏത് വ്യാധികൾക്ക് നടുവിലും നമുക്ക് മീതെ സൗഖ്യത്തിന്റെ ഔഷധ സ്പർശവുമായി എത്തുകയാണ് ഓരോ ആരോഗ്യപ്രവർത്തകരും , അവർക്ക് ബഹുമാനം അല്ല അതിനുമപ്പുറം അർഹിക്കുന്നവരാണ്..അവർ ഒരിക്കലെങ്കിലും തൻറെ അവകാശങ്ങൾക്കു വേണ്ടിയും ചെയ്ത ആതുര സേവനത്തിന്റെയും കണക്കുകൾ പറഞ്ഞിരുന്നുവെങ്കിൽ നമ്മക്ക് അത് ഒരിക്കലും തീർക്കുവാൻ ആകില്ലായിരുന്നു..നാമിന്ന് സ്വസ്ഥമായി വീട്ടിൽ ഇരിക്കുകയാണ് നമ്മുടെ ജീവൻ കാക്കുന്ന പട്ടാളക്കാരെ പോലെ നമ്മുടെ ജീവൻ നിലനിർത്താൻ വേണ്ടി യത്നിക്കുന്ന അവർ ബഹുമാനവും ആദരവും അർഹിക്കുന്നു അവർക്കായി നമുക്ക് ദൈവസന്നിധിയിൽ ഒരു നിമിഷം കണ്ണുകൾ അടച്ചുകൂടെ. രോഗം ബാധിച്ചവരെ ചികിത്സിച്ച അനവധി ഡോക്ടർമാരും നേഴ്സുമാരും ഇന്ന് രോഗബാധിതരാകുകയും മരണത്തിനു കീഴടങ്ങുകയും ചെയ്തു അവർക്കായി നമുക്ക് പ്രാർത്ഥിക്കാം അവരുടെ നിർദ്ദേശങ്ങൾ തമാശയായി കണ്ടു നിസ്സാരവൽക്കരിക്കാതെ ശ്രദ്ധയോടെ പാലിക്കാം.. കമ്മ്യൂണിറ്റി കിച്ചൻ തുറന്നു ഭക്ഷണം ഇല്ലാത്തവർക്ക് ഭക്ഷണം നൽകാൻ ആരംഭിച്ചപ്പോൾ നിരവധി മത സാമുദായിക രംഗത്ത് ഉള്ളവർ അതിന് പിന്തുണ സാമ്പത്തികമായും അല്ലാതെയും നൽകിയിരുന്നു അവരെയും അഭിനന്ദിക്കാതെ വയ്യ.. രോഗ പ്രതിരോധത്തിന് ഭാഗമായി നമുക്ക് വീട്ടിൽ ഇരിക്കാം അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങാം കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കഴുകാം, മാസ്ക്ക് ധരിക്കാം അങ്ങനെ നമ്മുക്ക് ഈ മഹാമാരിയെ ഇല്ലായ്മ ചെയ്യാം നമുക്ക് അതിനായി ഒരുമിച്ച് നീങ്ങാം………. പ്രതിരോധിക്കാം……………, ഈ മഹാമാരിയെ ഇല്ലായ്മ ചെയ്യാം.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |