എ.എം.എൽ.പി.എസ്.പള്ളപ്രം/അക്ഷരവൃക്ഷം/മാമാങ്കത്തിന്റെ നാട്ടിൽ
മാമാങ്കത്തിന്റെ നാട്ടിൽ
മാമാങ്കത്തിന്റെ ഓർമ്മകൾ അയവിറക്കി ഭാഷാപിതാവിന്റെ മണ്ണിലേക്ക് ഞങ്ങൾ ഒരു പഠനയാത്ര പോയി. കൂട്ടുകാർക്കും അധ്യാപകർക്കും ഒപ്പം മനോഹരമായ യാത്ര തന്നെയായിരുന്നു അത്. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഭാഷാ പിതാവിന്റെ ജന്മഭൂമിയായ തിരൂരിലേക്കായിരുന്നു യാത്ര. ഞങ്ങളുടെ നാടായ പൊന്നാനിയിൽ നിന്ന് ചമ്രവട്ടം ജംഗ്ഷൻ വഴിയാണ് പോയത്. മനുഷ്യനും മണ്ണും സൗഹൃദമായി നടത്തുന്ന നെൽ കൃഷികളും, ശൂന്യമായി കിടക്കുന്ന ഭൂമിയും, അടുത്തടുത്ത് നിൽക്കുന്ന മനോഹരമായ വീടുകളും. കേരളത്തിലെ പ്രധാന പ്രത്യേകതകളിലൊന്നായ കാറ്റിനെ സ്നേഹിച്ച് ആടുന്ന തെങ്ങുകളും അമ്പലങ്ങളും പള്ളികളും യാത്രക്കിടയിൽ കണ്ടു. ഞങ്ങൾ റോഡിലൂടെയും പാലത്തിലൂടെയും യാത്ര ചെയ്തു. ഇനി പോയ സ്ഥലങ്ങളെക്കുറിച്ച് പറയാം. ഞങ്ങൾ ആദ്യമായി പോയത് കേരളത്തിലെ പ്രധാന യുദ്ധങ്ങളിൽ ഒന്നായ മാമാങ്കം നടന്നിരുന്ന തിരുനാവായയിലേക്കായിരുന്നു. ചങ്ങമ്പള്ളി കളരിയാണ് ആദ്യം കണ്ടത്. കുറേ പഴക്കമുള്ള ആ കളരി കാണേണ്ടത് തന്നെയാണ്. അതിന് പിറകിലായി പല ഔഷധസസ്യങ്ങളും ഞങ്ങൾ കണ്ടു. അവിടെ വെച്ച് സാമൂഹ്യ പ്രവർത്തകനും മാമാങ്ക ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ. ചിറക്കൽ ഉമ്മർ മാമാങ്കത്തെക്കുറിച്ച് കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. പിന്നീട് ഞങ്ങൾ പോയത് കൊടക്കൽ എന്ന സ്ഥലത്തുള്ള നിലപാട് തറയിലേക്കായിരുന്നു. തറയിൽ കയറിയപ്പോൾ വലിയ, ആഴമുള്ള ഒരു കിണർ കണ്ടു. രാജാവ് ഇരുന്നിരുന്ന തറയും കണ്ടു. അതിൽ ഞങ്ങൾ ഇരുന്നു നോക്കി. കുറച്ച് ഫോട്ടോയും എടുത്തു. വലിയ ചെമ്പു പോലുള്ള പാത്രവും കണ്ടു. അടുത്തു ഗ്ലാസ് വെക്കുന്ന സ്ഥലവുമുണ്ടായിരുന്നു. പണ്ട് കാലത്ത് ആ കല്ല് പാത്രത്തിൽ കുടിക്കാനുള്ള വെള്ളമുണ്ടായിരുന്നു. അതിൽ നിന്നാണ് രാജാവിന് വെള്ളം എടുത്തു കൊടുക്കുന്നത്. പിന്നെ ഞങ്ങൾ കണ്ടത് മരുന്നയായിരുന്നു. അവിടം ഒരു ഗുഹ പോലുള്ള സ്ഥലമായിരുന്നു. മുഴുവൻ ഇരുട്ട്. അധ്യാപകർ മൊബൈലിലെ ഫ്ളാഷ് ലൈറ്റ് അടിച്ചു. അങ്ങിനെ അതിനുള്ളിൽ പ്രവേശിച്ച് എല്ലാം കണ്ടു. ഷോക്കേസുകൾ പോലെ രണ്ട് തട്ടുകൾ കണ്ടു. മണിക്കിണർ കാണാൻ ഞങ്ങളെത്തിയപ്പോൾ നട്ടുച്ചയായിരുന്നു. മാമാങ്കത്തിൽ കൊല്ലപ്പെട്ടവരെ അതിൽ കൊണ്ടുവന്ന് തള്ളുമായിരുന്നത്രേ. നിറയുമ്പോൾ ആനയെക്കൊണ്ട് ചവിട്ടിത്താഴ്ത്തിക്കുമായിരുന്നു. പഴുക്ക മണ്ഡപത്തിലേക്ക് ഞങ്ങളെത്തി. ഉള്ളിൽ കടന്നില്ലെങ്കിലും കാര്യങ്ങൾ പറഞ്ഞു തന്നു. ഞങ്ങളുടെ സ്കൂളിലെ സജ്ന ടീച്ചറുടെ വീട് അവിടെ അടുത്തായിരുന്നു. ഞങ്ങൾ അവിടെയെത്തിയപ്പോൾ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം റെഡിയായിരുന്നു. നിറയെ കൃഷിയുള്ള പെരുന്തല്ലൂർ എന്ന ആ ഗ്രാമം എനിക്കിഷ്ടപ്പെട്ടു. കട്ട വിരിച്ച വിശാലമായ മുറ്റത്ത് പ്രകൃതിയുടെ കാറ്റേറ്റ് ഞങ്ങൾ ഭക്ഷണം കഴിച്ചു. യാത്രയുടെ രണ്ടാം ഘട്ടം തിരൂരിലേക്കായിരുന്നു. തുഞ്ചൻ പറമ്പ്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ കർമ്മ ഭുമി. എഴുത്തച്ഛന്റെ കിളിപ്പാട്ടിനെ ഓർമ്മിപ്പിച്ച കിളിയുടെ ശിൽപവും എഴുത്തോല, എഴുത്താണി എന്നിവയും കണ്ടു. പിന്നെ മ്യൂസിയത്തിലേക്കാണ് പോയത്. നാടൻ കലകളുമായ ബന്ധപ്പെട്ട കുറേ സാധനങ്ങൾ, ചിത്രങ്ങൾ എന്നിവ കണ്ടു. വാദ്യോപകരണങ്ങൾ പരിചയപ്പെട്ടു. മലയാള നാടിനെ കുറിച്ച് നല്ലൊരു പ്രദർശനവും കണ്ട് ഞങ്ങൾ തുഞ്ചന്റെ മണ്ണിനോട് വിട പറഞ്ഞു. നല്ല അറിവുകളുമായി ഞങ്ങൾ യാത്ര തിരിച്ചു. ഈ പഠനയാത്ര മറക്കാനാവാത്ത അനുഭവമായി. |