ഗവ,എൽ.പി.എസ്.കന്യാകുളങ്ങര/അക്ഷരവൃക്ഷം/കൊറോണയും എന്റെ അവധിക്കാലവും
കൊറോണയും എന്റെ അവധിക്കാലവും
മാർച്ചിൽ പരീക്ഷ ഒന്നു തീർന്ന് കിട്ടിയിരുന്നെങ്കിൽ എന്നു സങ്കടപ്പെട്ടിരുന്നപ്പോൾ ദാ വരുന്നു കൊറോണ. പരീക്ഷ ഇല്ല എന്തൊരു സന്തോഷം! കൊറോണക്ക് കാരണമായ കാണാൻ പറ്റാത്ത ജീവി ഏതാണെന്ന് വിചാരിച്ചിരുന്നപ്പോൾ എല്ലാവരും വീട്ടിലിരിക്കണമെന്ന് അറിയിപ്പ് കിട്ടി. അപ്പോഴും പരീക്ഷ ഇല്ല, സ്കൂളിൽ പോകേണ്ട എന്നത് ആശ്വാസം ആയിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മഹാ ബോർ ആയിതുടങ്ങി. ഇതിനേക്കാൾ നല്ലത് സ്കൂളിൽ പോകുന്നതാണെന്ന് തോന്നി. കൊറോണയെ ചെറുക്കാൻ വീട്ടിലിരുന്നാൽ മാത്രം പോര പരിസര ശുചിത്വവും വ്യക്തി ശുചിത്വവും വേണമെന്ന് ടിവി യിലൂടെയും പത്രത്തിലൂടെയും അറിഞ്ഞു. അങ്ങിനെ ഞാനും ചേട്ടനും കൂടി വീടിന് ചുറ്റും നടന്നു. അപ്പോഴാണ് വീട്ടിലെ അഴുക്ക് വെള്ളത്തിന്റെ പൈപ്പ് റോഡിന്റെ ഓടയിലേക്ക് വച്ചിരിക്കുന്നതായി കണ്ടത്. അത് ഞാൻ അമ്മയോട് പറയുകയും ചെയ്തു. അപ്പോഴാണ് വീടിനടുത്തുള്ള ഒരു സാർ ശുചിത്വം, രോഗം എന്നിവയെ പറ്റി ഉള്ള പടമുള്ള ഒരു നോട്ടിസ് മുന്പ് തന്നത് ഓർമ വന്നത്. ആ നോട്ടിസ് തപ്പിയെടുത്ത് അതിൽ പൈപ്പ് വെള്ളം എങ്ങിനെ എന്തു ചെയ്യണം എന്നും അസുഖങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ചു അമ്മയെ വായിച്ചു കേൾപ്പിച്ചു അപ്പോഴാണ് അമ്മക്ക് മനസ്സിലായത്. പിന്നീട് അമ്മയും ഞാനും ചേട്ടനും ചേർന്ന് വീടും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക്ക് ചാക്കിലാക്കി കുടുംബശ്രീയുടെ ഹരിത കർമ സേനക്ക് കൊടുക്കാമെന്നു അമ്മ പറഞ്ഞു. മറ്റ് വേസ്റ്റ്കൾ കുഴിയെടുത്ത് അതിലിട്ടു. പൈപ്പ് വെള്ളം തൊഴിലുറപ്പ് പദ്ധതിയിലൂടെ സോക്ക്പിറ്റ് എടുക്കാമെന്ന് അമ്മ പറയുകയുണ്ടായി. അങ്ങനെ ഈ കൊറോണ സമയത്ത് വീടും പരിസരവും വൃത്തിയാകുകയും ബാക്കി സമയം ബോറടിക്കാതിരിക്കുവാൻ പച്ചക്കറികൾ(ചീര, വെണ്ട, ഇഞ്ചി, മഞ്ഞൾ, വെള്ളരി, തക്കാളി, വാളരി, പയർ, കത്തിരി) എന്നിവ കൃഷി ചെയ്യാൻ അമ്മയ്ക്കും അഛനുമൊപ്പം ഞാനും ചേട്ടനും കൂടി. നല്ല വിളവും കിട്ടി. ബാക്കി സമയം ഡാൻസിനും പാട്ടിനും പടം വരക്കുന്നതിനുമായി ചിലവഴിച്ചു. അത് കൂടാതെ ഈ കൊറോണ കാലം കഴിയുമ്പോൾ അടുത്തുള്ള വീടുകളിൽ പോയി പരിസര ശുചിത്വം കുറിച്ചും രോഗത്തെ കുറിച്ചും പറയുമെന്നു തീരുമാനം എടുക്കുകയും ചെയ്തു. ഇപ്പോൾ എനിക്കു കൊറോണ കാലവും അവധിക്കാലവും ഒരു ബോറായി തോന്നുന്നില്ല. ഈ കൊറോണ കാലം എന്നും ഞാൻ ഓർമിക്കും
|