ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/അക്ഷരവൃക്ഷം/'അയാളുടെ ഗ്യാസ് കഥ'

13:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
'അയാളുടെ ഗ്യാസ് കഥ'


ക്രിസ്തുവർഷം 2070 അയാൾ രാവിലെ എഴുന്നേറ്റത് Alarm ബെഡ്ഢിന്റെ അഥവാ കുലുക്കി കട്ടിലിന്റെ നേർത്ത ഇളക്കലിലൂടെയാണ്. ശീതീകൃത മുറിയിൽ നിന്നും ഏതോ ആലസ്യത്തിൽപ്പെട്ടതുപോലെ ആ വയോധികൻ എഴുന്നേറ്റു നടന്നു. ഇന്നലത്തെ സ്വപ്നങ്ങളുടെ ക്ലൈമാക്സ് രംഗം ഇനിയും ബാക്കിയുള്ളതായി തോന്നും ആ നടത്തം കണ്ടാൽ. എങ്ങോട്ടോ പോകാനെന്നപോലെ വീടിന്റെ മുൻവാതിൽ തുറന്നു പുറത്തേക്കിറങ്ങിയതും, ജീവശ്വാസം അതിവേഗം തന്നിൽ നിന്നും ബഹിർഗമിക്കുന്നതായി അയാൾക്കനുഭവപ്പെട്ടു. പെട്ടെന്ന് ബഫർ ശബ്ദം മുഴങ്ങി, ഇടംകൈയ്യിലെ പെരുവിരലിൽ ഘടിപ്പിച്ചിരുന്ന ഇൻഡിക്കേറ്റർ ലാംബ് മിന്നിക്കൊണ്ടിരുന്നു. തന്റെ ബോധമനസ്സിന്റെ നിഷ്ഫലത ആ നിമിഷങ്ങളിലൊന്നിൽ അയാൾക്ക് ബോധ്യപ്പെട്ടു. പൂർണ്ണ നിദ്രാഭംഗം സംഭവിച്ച ആ സെക്കന്റിൽ, ആലസ്യത്തിന്റെ കെട്ടുപൊട്ടിച്ചയാൾ തനിക്കുപറ്റിയ വലിയ മണ്ടത്തരം തിരിച്ചറിഞ്ഞു. ജീവഹാനി തന്നെ സംഭവിച്ചേക്കാമായിരുന്ന ആനുകാലിക അപായം. ഓക്സിജൻ മാസ്ക് വയ്ക്കാതെയാണ് താൻ പുറത്തേക്ക് നടക്കാൻ തീരുമാനിച്ചതെന്ന നൂതന നഗ്നസത്യം അയാളെ അസ്വസ്ഥനാക്കി. മരണത്തിന്റെ സ്മരണയുണർത്തിയ നിമിഷാർദ്ധത്തിൽത്തന്നെ തപ്പിപ്പിടഞ്ഞയാൾ, ഭിത്തിയിൽ തൂക്കിയിട്ടിരുന്ന മാസ്കിന്റെ സുതാര്യമായ മൃദു പദാർത്ഥം മുഖത്തേക്കടുപ്പിച്ചു. ON ബട്ടൺ അമർത്തിയപ്പോൾ ഗോദ്റേജിന്റെ ഏറ്റവും പുതിയ 2.0 Air Purifier Mask പ്രവർത്തനക്ഷമമായി. അത് മുന്നിലുള്ള വായുവിനെ ശുദ്ധീകരിച്ച് നാസാദ്വാരങ്ങളിലേക്കു പ്രവേശിപ്പിക്കും, അതുപോലെ തിരിച്ചും. ഈ Neo Nuclear യുഗത്തിൽ അതില്ലാതെ ജീവസന്ധാരണം മാനവീയന് അസാധ്യം.
നാട്ടിലെ മുതിർന്ന പൗരപ്രമുഖരിൽ ഒരാളായ അയാൾക്ക് ആ നിമിഷം തന്റെ ഓമൽ ചെടിയെ കാണാനുള്ള തീവ്രാഭിലാഷമുണ്ടായി. അയാൾ വീടിന്റെ നടുമുറ്റത്തേക്കിറങ്ങി. അവശേഷിക്കുന്ന ഹരിതജീവിതങ്ങളിൽ അവിടുത്തെ ഏക പ്രതിനിധിയായ ആ പച്ചപ്പയ്യന്റെ അടുത്തുമാത്രമാണ് തന്റെ സന്തപ്തഹൃദയം അയാൾ തുറന്നുവയ്ക്കാറുള്ളത്. കാരണം അയാളെ കേൾക്കാനും അയാളോടു പറയാനും ഗൂഗിളിന്റെ ലേറ്റസ്റ്റ് ഹ്യൂമനോയ്ഡ് വെർഷനായ G-മോനും G-മോളും മാത്രമേയുള്ളൂ. പാചകവും വീട്ടുജോലികൾ ചെയ്യാനും ഹോം നേഴ്സായി അവളും, സാമ്പത്തിക ഇടപാടുകളും കാര്യസ്ഥപ്പണിയും മറ്റു പുറംപണികൾ ചെയ്യാൻ അവനും. എന്നാലും അവരെ അയാൾക്ക് മടുത്തു തുടങ്ങി. അയാളുടെ ഭാഷയിൽ പറഞ്ഞാൽ, ജഡികബുദ്ധികളും സ്നേഹശൂന്യരുമായ കുടിലസൃഷ്ടികൾ. അതിനാൽതന്നെ അയാൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് ഹരിതാഭൻ എന്ന് താൻ നാമകരണം ചെയ്ത ആ പച്ചച്ചെടിയായിരുന്നു. അവന്റെ അടുത്തെത്തുമ്പോൾ അൽപം ആയാസപ്പെട്ടാണെങ്കിലും അയാൾ ഓകസിജൻ മാസ്ക് മാറ്റും, ഹരിതാഭന്റെ ഇലകളാകുന്ന വദനത്തോട് സ്വവദനം ചേർത്ത് ചുംബിച്ച്, നവശ്വാസം നുകരും. വീണ്ടും മാസ്ക്കണിഞ്ഞ് വാട്ടർ ചേംബറിൽ നിന്നും Artificial H2O processing ചെയ്തു വരുന്ന ശുചീകൃത ജലമെടുത്ത് പതിയെ ഒഴിക്കും, മെല്ലെ തലോടും, വാത്സല്യത്തോടെ കൊഞ്ചിക്കും. ബാക്കിയുള്ള വെള്ളം അയാളും കുടിക്കും.
പുത്രഭാഗ്യം ലഭിക്കാതിരുന്ന തന്നെ പു: എന്ന ഈ നരകത്തിൽ നിന്നും ത്രാണനം ചെയ്യുന്ന പുത്രനാണ് ഹരിതാഭനെന്ന് അയാൾ സങ്കൽപ്പിച്ചു, ഉറച്ചു വിശ്വസിച്ചു.
അന്നത്തെ പ്രധാന വിശേഷങ്ങളറിയാൻ വീടിന്റെ ചുവരിൽ തൊട്ട് അയാൾ ഹൈപ്ലാസ്മ സ്ക്രീൻ ON ചെയ്തു. എന്നത്തേയും പോലെ രാവിലെ പത്രം വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് അയാളുടെ ശീലമായിരുന്നു. Automated കസേരയിൽ ചാരിക്കിടന്നയാൾ G-മോളോട് ഒരു ചായ ആവശ്യപ്പെട്ടു. വികാരവിക്ഷോഭത്താൽ എപ്പോഴെങ്കിലും ചായ മോശമാണെന്നു പറഞ്ഞ് അയാൾ ചൂടായാലും, ഈ G-മക്കളുടെ വായിൽ നിന്ന് സഭ്യമായ പദപ്രയോഗങ്ങൾ മാത്രമേ വരൂ. അതുകൊണ്ടുതന്നെ അവരുടെ കാര്യത്തിൽ ഇടപെട്ട് സെൻസർ ബോർഡിന് ഇടയ്ക്കിടെ beep ശബ്ദം മുഴക്കേണ്ട ഗതികേട് വന്നിട്ടില്ല.
അങ്ങനെ ഇരിക്കുമ്പോഴാണ് പരിചിതവും അരോചകവുമായ ആ ശബ്ദം അയാളുടെ കർണപുടങ്ങളിലേക്കെത്തിയത്. കൺമുന്നിലെ സ്ക്രീനിൽ അയാൾ തെളിഞ്ഞുകണ്ടു. നോവൽ കൊറോണ അഥവാ കോവിഡ്-19 എന്ന മാരകവൈറസ് ലോകത്തെ മുഴുവൻ പിടിച്ചുലച്ച്, മാനവരാശിയുടെ നല്ലൊരു ഭാഗവും ഇല്ലായ്മ ചെയ്ത്, സംഹാര താണ്ടവമാടി കടന്നുപോയിട്ട് ഇന്നേയ്ക്ക് 50 വർഷങ്ങൾ പൂർത്തിയാകുന്നു. അതിന്റെ ദേശീയവാർഷിക ദിനത്തിൽ പ്രധാനമന്ത്രിജി ഭാരതീയരെ അഭിസംബോധന ചെയ്തു സംസാരിക്കുകയാണ്. “मेरे प्यारे देशवासियों.................................”
ഭാരതം കോവിഡ് എന്ന മഹാമാരിയെ ധീരതയോടെ പിടിച്ചുകെട്ടിയ ദീപ്തസ്മരണകൾ അയാളുടെ ഓർമയിൽ വന്നു. അന്നയാൾ 15 വയസ്സ് മാത്രമുള്ള കൗമാരകേസരിയായിരുന്നു. രാജ്യമൊട്ടാകെ മാസങ്ങൾ നീണ്ടുനിന്ന ലോക്ഡൗണിന്റെ ദുരിതനാളുകളിൽ തരണംചെയ്ത കാര്യങ്ങൾ ഓരോന്നായി അയാളുടെ ബോധമനസ്സ് വീണ്ടും ചികഞ്ഞെടുത്തു. അവിടെനിന്ന്, ശരീരത്തിലെ Electrionic Micro ചിപ്പിലൂടെ decode ചെയ്ത്, Hifi സിഗ്നലുകൾ വഴി മുൻപിലെ സ്ക്രീനിൽ ആ ഓർമകളെ ദൃശ്യവത്കരിച്ചു..............
അപ്പോഴതാ പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം. അതുകേട്ടയാൾ അല്പനേരമൊന്നാലോചിച്ചു. എന്നിട്ട് സ്വയം മന്ത്രിച്ചു.
"ഇന്നു രാത്രിയും ടോർച്ചടിച്ച് ആളെ പേടിപ്പിക്കണോ  !!!
ദൈവമേ, ഈ പകർച്ചവ്യാധിക്കിതുവരെ മരുന്ന് കണ്ടുപിടിച്ചില്ലേ...?

ആസ്ട്രൽ ഇഗ്നേഷ്യസ്
10A ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ