ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഭൂമിദേവി
ഭൂമിദേവി
'നന്ദു '. അതാണ് അവന്റെ പേര്. അവനു മാതാപിതാക്കളില്ല, കൂട്ടുകാരില്ല, ബന്ധുക്കളില്ല, തീർത്തും അനാഥൻ. അനാഥാലയത്തിന്റെ മതില്കെട്ടിനുള്ളിൽ ഒരു സുവർണകാലം സ്വപ്നം കണ്ടു കഴിയുന്ന ബാല്യം. എന്നാൽ എല്ലാദിവസവും അവനോടൊപ്പം കളിക്കാനും കൂട്ടുകൂടാനും കുറെ കൂട്ടുകാർ അവനെ തേടിയെത്തും. അവൻ ഉണരുന്നത് തന്നെ കിളികളുടെ കലപിലയുള്ള ബഹളം കേട്ടാണ്. ഉണർന്നയുടൻ ഓടി പൂന്തോട്ടത്തിലേക്കെത്തും. അവനെ കാത്തു അവിടെ നിറയെ പൂക്കളും പൂമ്പാറ്റകളും കുരുവികളും അണ്ണാറക്കണ്ണനും ഒക്കെയുണ്ടാകും. അവയോടെല്ലാം അവൻ അവന്റെ വിശേഷങ്ങൾ പറയും. അവയോടൊപ്പം കളിക്കും. അവയോടൊന്നിച്ചു ആഹാരം കഴിക്കും. വൈകുന്നേരം വരെ അവരോടൊപ്പം ആയിരിക്കും. സന്ധ്യയാകുമ്പോൾ അവൻ ആകാശത്തേക്ക് നോക്കി അങ്ങനെ നിൽക്കും. മറഞ്ഞു പോകുന്ന സൂര്യനെയും ഉദിച്ചു വരുന്ന ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി നിൽക്കാൻ എന്തു രസമാണ്. പിന്നെ അവയോട് ഉറങ്ങുന്നത് വരെ കാര്യം പറയും. അവൻ ഈ പ്രകൃതിയെ ഒരുപാടു സ്നേഹിക്കുന്നു. മരങ്ങളെ, ചെടികളെ, പൂക്കളെ, നദികളെ, പക്ഷികളെ, മൃഗങ്ങളെ...... അങ്ങനെ എന്തൊരു സൗന്ദര്യമാണ് പ്രകൃതിക്ക്. എത്ര വർണിച്ചാലും മതി വരാത്ത അത്രയും സൗന്ദര്യം നിറഞ്ഞു ഒഴുകുന്ന ഈ ഭൂമിദേവിയെ അല്ലെ മനുഷ്യർ നശിപ്പിക്കുന്നത്. എന്തൊരു ക്രൂരതയാണ് മനുഷ്യർ പ്രകൃതിയോട് കാട്ടുന്നത്. പച്ചപരവതാനി വിരിച്ച പാടങ്ങൾ നികത്തി മനുഷ്യർ വലിയ വലിയ കൊട്ടാരങ്ങൾ നിർമിക്കുന്നു. എല്ലാ മരങ്ങളെയും വെട്ടിമാറ്റുന്നു. കാടുകൾ നാടുകൾ ആക്കുന്നു. ഇതു പോലെയുള്ള ക്രൂരതകൾ ഈ പ്രകൃതിയോട് കാട്ടുമ്പോൾ അവ വെള്ളപ്പൊക്കത്തിന്റെ രൂപത്തിലും മറ്റു പല പ്രകൃതി ദുരന്തങ്ങളുടെ രൂപത്തിലും മനുഷ്യരോട് പകരം വീട്ടുന്നു. അപ്പോൾ സുന്ദരമായ പ്രപഞ്ചവും അതിൽ വസിക്കുന്ന മനുഷ്യരും നശിക്കുന്നു. 'നന്ദൂ......... ' നീ അവിടെ എന്തെടുക്കയാ? മദർ അമ്മയുടെ വിളി കേട്ടാണ് നന്ദു സ്വപ്നലോകത്തു നിന്നും ഉണർന്നത്. "എന്താ മദർ അമ്മേ, എല്ലാവരും എന്നെപ്പോലെ ഈ പരിസ്ഥിതിയെ സ്നേഹിക്കാത്തത്? "...... "അതോ,........ നന്ദു മോനെ, എല്ലാമനുഷ്യരുടേയും മനസുകൾ ഒരുപോലെയല്ല,........... അതുകൊണ്ട് നന്ദുമോനെപ്പോലെ നല്ലമനസുള്ള ഒരു തലമുറ ഉണ്ടാകാൻ നമുക്ക് ഭൂമിദേവിയോട് പ്രാർത്ഥിക്കാം....... നന്ദു മോൻ വന്നുകിടന്നു ഉറങ്ങിക്കോളൂ ".......... അവൻ വീണ്ടും പ്രകൃതിയോടൊപ്പം അവന്റെ സ്വപ്നലോകത്തേക്കു യാത്രയായി.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |