സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/അമ്മയുടെ സ്നേഹമാണെന്റെ ശക്തി
അമ്മയുടെ സ്നേഹമാണെന്റെ ശക്തി
ഒരിടത്തൊരു നാട്ടിൽ ഒരമ്മയും മകളും ഉണ്ടായിരുന്നു. ആ മകൾക്ക് ചെറുപ്പത്തിൽത്തന്നെ അവളുടെ അച്ഛനെ നഷ്ടമായി. അച്ഛന്റെ പിന്തുണ നഷ്ടപ്പെട്ട അവൾക്ക് ഏക ആശ്രയം അമ്മയായിരുന്നു. സ്നേഹിക്കാൻ മാത്രമറിയുന്ന ആ അമ്മയുടെ ഏറ്റവും വലിയ കുറവ് കണ്ണു കാണാൻ കഴിയില്ല എന്നതായിരുന്നു. അന്ധതയുടെ ഇരുട്ടിലും മകൾക്കു വേണ്ടി ആ അമ്മ അദ്ധ്വാനിച്ചു. മകളുടെ സന്തോഷം കാണാൻ അമ്മ ആഗ്രഹിച്ചു. ചോദിക്കുന്നതെന്തും വാങ്ങിക്കൊടുത്തു. അതൊക്കെ മകൾ നന്നായി പഠിച്ച് നല്ല ഉദ്യോഗം നേടാൻ വേണ്ടിയായിരുന്നു. അവൾ പഠനത്തിൽ വളരെ മിടുക്കിയായിരുന്നു. പക്ഷേ വളരും തോറും അവളുടെ സ്വഭാവത്തിൽ മാറ്റം വരാൻ തുടങ്ങി. അന്ധതയുള്ള അമ്മ അവൾക്കൊരു കുറവായി തോന്നി. പല സ്ഥലങ്ങളിലും അമ്മ മൂലം അവൾ അവഗണിക്കപ്പെട്ടു. കൂട്ടുകാർ അവളുടെ അമ്മയുടെ പേരിൽ കളിയാക്കാൻ തുടങ്ങി. എങ്കിലും അവൾ പഠനത്തിൽ ശ്രദ്ധിച്ചു. ഹൈസ്കൂളിലും ഹയർസെക്കൻഡറിയിലും അവൾ ഫുൾ എപ്ലെസ് നേടി. തന്റെ മകൾ ഒരു കളക്ടറാവണമെന്നതായിരുന്നു ആ അമ്മയുടെ സ്വപ്നം. അതിനാൽ തന്നെ ഹയർസെക്കൻഡറി പഠനത്തിനു ശേഷം ഹോസ്റ്റലിൽ നിന്ന് പഠനം തുടങ്ങി. ആഴ്ചയിലൊന്ന് മകൾക്കിഷ്ടമുള്ള സാധനങ്ങളുമായി അമ്മ ചെല്ലുമായിരുന്നു. അന്ധതയിൽ ഇത്തിരി വെളിച്ചം കിട്ടാനാണ് മകളെ കാണാൻ പോകുമ്പോൾ കൂട്ടുകാരിയെക്കൂടി കൂടെ കൂട്ടാറുള്ളത്. സൗന്ദര്യത്തിലും മിടുക്കിയായിരുന്ന മകൾക്ക് അമ്മ തന്നെ കാണാൻ വരുന്നതുപോലും വലിയ കുറവായിരുന്നു. കൂട്ടുകാർ കളിയാക്കും എന്നതായിരുന്നു അവളുടെ ഭയം. അവൾ അമ്മയോടു പറഞ്ഞു. ഇനി താഴെയുള്ള കടവരെ വന്നാൽ മതി. ഞാൻ അവിടേയ്ക്ക് വന്നോളാം. തന്റെ കുറവു മൂലം തന്റെ മകൾ ആരുടെ മുമ്പിലും തല താഴ്ത്തരുതെന്ന് അമ്മ തീരുമാനിച്ചു. അതിനാൽ മകൾ പറഞ്ഞതുപോലെ അനുസരിച്ചു. കാലം കടന്നു പോയി. അമ്മയ്ക്ക് പ്രായം കൂടി വന്നു. സിവിൽ സർവീസ് പരീക്ഷ പൂർത്തിയാക്കി മകൾ വീട്ടിലെത്തി. അമ്മ അവളെ വാരിപ്പുണർന്നു. ഇഷ്ടമില്ലെങ്കിലും അവൾ ആ സ്നേഹത്തിനു മുമ്പിൽ നിന്നു കൊടുത്തു. അമ്മയോട് മിണ്ടാതെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം സന്ധ്യാപ്രാർത്ഥനക്കിടയിൽ അമ്മ കുഴഞ്ഞു വീണു. ഓ നാശം എന്നു പിറുപിറുത്തുകൊണ്ട് അവൾ അയൽക്കാരെ വിളിച്ചുകൂട്ടി. ആശുപത്രിയിൽ എത്തിച്ചു. അമ്മ മരണത്തോടടുക്കുകയായിരുന്നു. അമ്മ മകളെ അന്വേഷിച്ചു. അവൾ അടുത്തു ചെന്നു. അമ്മ അവളുടെ കൈ പിടിച്ചു പറഞ്ഞു. മോളേ എന്റെ അന്ധത നിനക്കു നാണക്കേടായിട്ടുണ്ടെന്നെനിക്കറിയാം. നിനക്കു നാലു വയസ്സുള്ളപ്പോൾ ഒരു ദിവസം നീ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അടുപ്പത്ത് അരി വെന്തോ എന്നു നോക്കാൻ ഞാൻ അടുക്കളയിൽ ചെന്നു. പെട്ടെന്ന് നിന്റെ കരച്ചിൽ കേട്ടു ഞാൻ ഓടി വന്നു. മുള്ളു വേലിയിൽ കൊണ്ട് കണ്ണിൽ നിന്നും രക്തം വാർന്നൊഴുകുന്ന കാഴ്ചയാണ് ഞാൻ കൊണ്ടത്. വേദനകൊണ്ടു പിടയുന്ന നിന്നെയമെടുത്തുകൊണ്ട് ഞാൻ ആശുപത്രിയിലേയ്ക്കു പാഞ്ഞു. നിന്റെ രണ്ടു കണ്ണുകളും നഷ്ടപ്പെട്ടിരുന്നു. ഞാൻ എന്റെ കണ്ണുകൾ നിനക്കു ദാനം ചെയ്തു. അങ്ങനെയാണ് ഞാൻ അന്ധയായത്. അവൾ അമ്മയെ കെട്ടിപ്പിടിച്ചു കറഞ്ഞു. ആ ഇരുപ്പിൽത്തന്നെ അവളുടെ അമ്മ ഈ ലോകത്തോടു യാത്ര പറഞ്ഞു.
|