എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''പതറാത്ത കൈകൾ'''

പതറാത്ത കൈകൾ

ഇരുണ്ട ആകാശത്ത് കറുത്ത നക്ഷത്രങ്ങൾ
കോലാഹലം കൂട്ടവേ,
താഴെ ചുവന്നു കറുത്ത ഇരുട്ടിന്റെ തുരങ്കം
ഓടിക്കൊണ്ടേയിരുന്നു.
നിശബ്ദമായ കാലന്റെ അട്ടഹാസത്തോടെ.

ചുവപ്പും മഞ്ഞയും വയലറ്റും നീലയും
കറുപ്പായി മാറിയ രാത്രിയിൽ,
കഥയിൽ നനഞ്ഞു തണുത്തുറങ്ങിയ
കുട്ടികൾ കറുപ്പിൽ നിന്ന് വെളുപ്പിലേക്ക്‌
മാറുന്ന പ്രതിഭാസത്തിനായി കാത്തിരുന്നു.

താഴിട്ടു പൂട്ടി സംരക്ഷിച്ച്‌
നാളത്തെ പ്രതീക്ഷകൾ പുനർജനിപ്പിക്കുവാൻ,
ഊതിക്കെടുത്താൻ പോലും കഴിയാത്ത
വിളക്കിനു താഴെ പുഞ്ചിരിയേന്തിയ കാവൽക്കാരും,
വിളക്കേന്തിയ മാലാഖമാരും പടച്ചട്ടയണിയവേ,
കഴുകിക്കളയുവാൻ മാത്രം ലാഘവമുള്ള
പ്രേമമാണെന്നോടെന്ന് ദൈവം പറഞ്ഞുകൊണ്ടേയിരുന്നു.

പട്ടിണിമൂലം അലഞ്ഞ നായ്ക്കൾക്ക്
അന്നപൂർണ്ണേശ്വരി ആയതും
വൃദ്ധരുടെ വറ്റിയ കണ്ണുകൾക്ക് പുഞ്ചിരി ആയതും
ദൈവത്തിന്റെ സ്വന്തം മക്കൾ.

മുറികൾക്കപ്പുറവും മതിലുകൾക്കപ്പുറവും
മൈലുകൾക്കുമപ്പുറവും
കാണാതിരിക്കുവാൻ കണ്ണുകൾ തുറന്ന
മനുഷ്യരൊക്കെയും ദൈവതുല്യർ.
ബാക്കിയാക്കിയ ഉത്തരക്കടലാസുകൾ
മാടിവിളിക്കാൻ വെമ്പി നിൽക്കവേ
ചാടിക്കടക്കുവാൻ കടമ്പകൾ ഇനിയും ബാക്കി.

എക്കാലത്തിനുവേണ്ടി കാത്തുകിടന്ന
മൈതാനങ്ങളേറെ,
മിഠായി തെരുവുകളേറെ,
കടവത്തു കനവുകണ്ട കടത്തുവഞ്ചികളേറെ,
ഇക്കാലവും കടന്നുപോകുമെന്നു ചൊല്ലി
മിത്രങ്ങളെല്ലാം കാത്തിരിപ്പിന്റെ
മൺകുടിലിൽ തനിച്ചിരിപ്പൂ.

കഥ അവസാനിച്ചില്ലെങ്കിലും,ഇടവേളകളിൽ
കൊഴിഞ്ഞ ഇലകൾ
ആത്മവിശ്വാസമെന്ന മിത്രത്തിന്റെ
അതിജീവന മന്ത്രവുമായി എത്തിനോക്കി.

റമീസ.എ
+1 എസ്.എൻ.വി.എച്ച്.എസ്.എസ്, ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത