ഒരുകൊറോണക്കാല൦
  ഇന്ന് മാർച്ച് 26  ഇനി ആകെ രണ്ട് പരീക്ഷകൾ കൂടിയേ ഉള്ളൂ . എത്രയും വേഗം കഴിഞ്ഞു കിട്ടിയാൽ പിന്നെ അവധിക്കാലം ആയി.അവധിക്കാലത്ത് എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ച് ഓർത്ത് ആവേശത്തോടെ ചിന്തിക്കുകയാണ് നന്ദിനി . സത്യത്തിൽ എഴുതാനുള്ള പരീക്ഷയെക്കാൾ വരാനിരിക്കുന്ന അവധിക്കാലം ആണ് നന്ദിനിയെ ചിന്താകുലയാക്കുന്നത്. അമ്മേ ഇത്തവണ നമുക്ക് അമ്മാവൻറെ വീട്ടിൽ പോകണം കേട്ടോ , ഇന്നലേ൦  വിളിച്ചായിരുന്നു അമ്മാവൻ. അടുത്തമാസം 27നാണ് കേട്ടോ ഉത്സവം തീരുന്നത്. താലപ്പൊലി എടുക്കാനുള്ള ഉള്ള ഹാഫ് സാരി ഞാൻ തേച്ചു വച്ചിട്ടുണ്ട് . മറക്കല്ലേ അമ്മേ അച്ഛനോട് അവധിയെടുക്കാൻ നേരത്തെ പറയണേ. 
         ഒന്നു മിണ്ടാതിരിക്ക് പെണ്ണേ , അവളുടെ പരീക്ഷ കഴിഞ്ഞിട്ടില്ല  പുസ്തകം തുറന്നു നോക്കാൻ  സമയം ഇല്ല എന്നാ പറയുന്നേ. കൂത്താടാനുള്ള കമ്മലും മാലേ൦ പെറുക്കാൻ  അവൾക്ക് ഏറെ സമയമാ. നീ ഇപ്പോ ചെന്ന് വല്ലതും പഠിക്ക്, ഉത്സവം അടുത്തമാസം അല്ലേ അപ്പോൾ തീരുമാനിക്കാം. "അല്ലേലും ഈ അമ്മ ഇങ്ങനെ തന്നെയാ എന്തുപറഞ്ഞാലും ഒരു ഒരു പഠിത്തം പഠിത്തം ഞാനെന്താ പുസ്തകപുഴുവോ" പിറുപിറുത്തുകൊണ്ട് പുസ്തകം തുറന്നപ്പോഴും  നന്ദിനിയുടെ മനസ്സുനിറയെ ഉത്സവമായിരുന്നു. ഇത്തവണ 'സാരഥി'യുടെ ബാലേ ഉണ്ടെന്നാ അച്ഛൻ പറഞ്ഞത് .അത് കാണാൻ അച്ഛൻ അവധിയെടുക്കുമത്രേ. കണ്ടറിയാ൦. 
          പിറ്റേന്ന് രാവിലെ ഉണർന്ന നന്ദിനി ഉച്ചത്തിലുള്ള എന്തോ ശബ്ദം കേട്ടു. ചെന്ന് നോക്കിയപ്പോൾ പറമ്പിൽ തേങ്ങാ വീണതായിരുന്നു. നന്ദിനിയുടെ പറമ്പ് ആണെങ്കിലും റോഡിന് മറുവശത്ത് ആണ് പകുതി സ്ഥലം . സത്യത്തിൽ അവരുടെ തറവാട് സ്വത്തിന്റെ നടുക്കൂടാണത്രേ റോഡ്. പണ്ട് പത്തേക്കർ സ്ഥലം ആയിരുന്നത്രേ ഇവിടുത്തെ  കുടുംബസ്വത്ത്. ഇപ്പോ എല്ലാം പോയി, ആകെക്കൂടി രണ്ടേക്കർ കഷ്ടിച്ച് . മുത്തച്ഛൻ  എല്ലാം വിറ്റു തുലച്ചു, അമ്മൂമ്മ ഇന്നും പറയും യും. പക്ഷേ തേങ്ങ വീണത് മുറ്റത്തു നിക്കണ  തെങ്ങിൽ ആണ് ട്ടോ .അമ്മേ ഞാൻ  തൊടീല് പോയി വേറെ തേങ്ങാ ഉണ്ടോന്ന്  നോക്കിയിട്ട് വരാം. ഇന്നലെ രാത്രി നല്ല കാറ്റ് ആയിരുന്നു .കൃഷി ചെയ്യാൻ സമയം ഇല്ലെങ്കിലും പറമ്പ് കാട് പിടിച്ചു കിടക്കാൻ അച്ഛൻ സമ്മതിക്കില്ല .ആളെ നിർത്തി വൃത്തിയാക്കി ഇട്ടിരിക്കുവാ. പറമ്പിൽ അങ്ങിങ്ങായി കുറച്ച് തെങ്ങും തേക്കും ഒക്കെ ഉള്ളൂ .അമ്മേടെ ദാരിദ്ര്യം കേൾക്കുമ്പോൾ  നാട്ടുകാർ പറയുന്നത് ഈ മരങ്ങളെക്കുറിച്ചാ. വേണൂന് പെണ്ണിനെ കെട്ടിക്കാൻ രണ്ട് മരം വെട്ടി വിറ്റാൽ മതിയല്ലോന്നാ അവരുടെ ന്യായം. കാടു൦ പടലു൦ ഇല്ലാത്തതുകൊണ്ടും റോഡിൻറെ അരിക് ആയതുകൊണ്ടും തന്നെ   രാവിലെ മുതൽ പറമ്പിൽ നിറയെ ആളായിരിക്കും. പണിയില്ലാത്ത  ആണുങ്ങൾ കുറെയെണ്ണം  വെറുതെ ചളി പറയാൻ വന്നിരിക്കും. അവധി ആയാൽ പിന്നെ പത്തുമണിയോടെ കുട്ടി കളുടെ തിരക്കായിരിക്കും. സത്യത്തിൽ പലപ്പോഴും തേങ്ങയും മറ്റും ഞങ്ങൾക്കു കിട്ടില്ല. അച്ഛൻ അതിൻറെ പുറകെ പോകാറുമില്ല. അതുകൊണ്ട്  എണീറ്റാൽ ഉടൻതന്നെ നന്ദിനി പറമ്പിൽ പോയി ആകെ ഒന്നു പരതു൦. അപ്പോഴേക്കും പക്ഷേ  റോഡിൽ നിറയെ തിരക്കായിരിക്കും. ഇന്ന്  തേങ്ങാ നോക്കാൻ പോകാൻ ഇറങ്ങിയ നന്ദിനിയെ അമ്മ വിലക്കി. "ഇനി പുറത്തേക്കൊന്നും പോവണ്ട മോളേ ആകെ പ്രശ്നമാ". പ്രശ്നമോ എന്തു പ്രശ്നം?നന്ദിനി ആശങ്കയോടെ ചോദിച്ചു. കൊറോണ കേരളത്തിലാകെ പടർന്നുപിടിക്കുകയാണ്. നിങ്ങളുടെ പരീക്ഷ ഒക്കെ മാറ്റിവെച്ചുന്നാ കേട്ടത്. നീയാ ടിവി ഒന്നു വെച്ചു നോക്ക്.നന്ദിനി ഒരു നിമിഷം സ്തബ്ധയായി. പരീക്ഷ മാറ്റിവെച്ചുന്നോ!  ഒരെണ്ണം കൂടിയേ ഉണ്ടായിരുന്നുള്ളൂ. ഇനി അതെന്ന് നടത്താനാ?വെറുതെ മനുഷ്യനെ മെനക്കെടുത്താൻ, ഇവർക്ക് വേറെ പണിയില്ലേ. സർക്കാരിനെ കുറ്റം പറഞ്ഞു കൊണ്ട് അകത്തേക്ക് കയറുമ്പോഴും നന്ദിനി ഒരു നിമിഷം പോലും കൊറോണാ വൈറസിനെ ക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പരീക്ഷയുടെ സമയത്ത്  എല്ലാവരും മാസ്ക് വയ്ക്കണം  എന്നൊക്കെ പറഞ്ഞു കേട്ടെങ്കിലും  സ്കൂളിൽ അതൊന്നും ഇല്ലായിരുന്നു. എവിടെയോ ആർക്കോ വന്നതിന് നമ്മൾ എന്തു വേണം എന്നായിരുന്നു അവളുടെ ചിന്ത. സാനിറ്റൈസറിൻറെ പേര്  അമ്മ എപ്പോഴും സാനിറ്ററൈസ് എന്ന് തെറ്റിച്ചേ പറയാറുള്ളൂ.  ഇതൊക്കെ ഓർത്തു മനസ്സിൽ ചിരിച്ചു കൊണ്ട് ചെന്ന് ടിവി വെച്ച നന്ദിനി പകച്ചു പോയി. കേരളം ഒട്ടാകെ കൊറോണ പടർന്നു പിടിച്ചിരിക്കുന്നു. എല്ലാ രാജ്യത്തും അടിയന്തരാവസ്ഥ.അതാ ഫ്ലാഷ് ന്യൂസ് വന്നു. രാജ്യത്ത് നാളെ ജനതാ കർഫ്യൂ .പുറകിൽ നിന്ന് അമ്മ അച്ഛനോട് വിളിച്ചുപറഞ്ഞത് കേട്ടപ്പോഴാണ് അമ്മ പുറകിൽ നിൽക്കുന്നത് അവൾ കണ്ടത്. സത്യത്തിൽ കർഫ്യൂ എന്നാൽ എന്താണെന്ന് അവൾക്ക് മനസ്സിലായില്ല. അപ്പോൾ തന്നെ വാർത്ത വായിക്കുന്ന ആ   വെളുത്ത ചേച്ചി പറഞ്ഞു ആരും നാളെ പുറത്തിറങ്ങാൻ പാടില്ലാത്രേ. ഇനി ചിലപ്പോൾ രാജ്യം കുറച്ചു നാളത്തേക്ക്  ഇങ്ങനെയായിരിക്കും എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ അവളുടെ നെഞ്ചു പിടച്ചു, അവളുടെ കണ്ണിൽ നിന്നും കണ്ണീരുതീർന്നു. അത് ഉത്സവത്തിനു പോകാൻ പറ്റാത്തതിൻറെയോ അതോ കൊറോണ വൈറസിൻറെ ഭീതിയെ ക്കുറിച്ച് ഓർത്തിട്ടോ? നിശ്ചലമായി നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ. അപ്പോഴും അമ്മ പുറകിൽ നിന്നു വാർത്തയിലെ ഫ്ലാഷ് ന്യൂസ് ഉച്ചത്തിൽ വായിക്കുന്നുണ്ടായിരുന്നു .
ശ്രീഹരി എം ഡി
8 A എൻ എസ് എസ് എച്ച് എസ് കാട്ടൂർ
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ