ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/അക്ഷരവൃക്ഷം/2042-ലെ ഓർമ്മക്കുറിപ്പ്
2042-ലെ ഓർമ്മക്കുറിപ്പ്
2042 -ലെ ഓർമ്മക്കുറിപ്പ് ഇന്ന് മാർച്ച് 30 ,2042 ! മറക്കാനാവാത്ത ഒരു ദിവസത്തിന്റെ ഓർമ്മ. ഓരോ നിമിഷവും അനുസ്മരിപ്പിക്കുന്ന പ്രഭാതം. ഇരുപതു വർഷങ്ങളുടെ നീരൊഴുക്കിൽ കാലം പിന്നോട്ട് നടക്കുമ്പോൾ 2022 -ലെ എസ് എസ് എൽ സി യുടെ ചൂട് കൈകളെ മരവിപ്പിക്കുന്നു. പക്ഷെ, നിറം പാതി കവർന്നെടുത്തതൊന്നുണ്ട്, പിന്നെയും! എട്ടാം ക്ലാസ്സിലെ അവസാന നിമിഷം. അനുഭവങ്ങളുടെ അഗ്നിയിൽ വെന്തുരുകിയിട്ടും എരിയാതെ, അടരാതെ സൂക്ഷിച്ച അന്ന്;എട്ടു വർഷങ്ങൾ ഒത്തുപിടിച്ച കൈകളെ തട്ടിത്തെറിപ്പിച്ചു, അടരാത്ത കുളിരുള്ള മുറ്റത്തോടു വിടചോദിക്കുമ്പോൾ മനസ്സിലെവിടെയോ മുറുകിയ വാശിയിൽ ഭൂമിക്ക് കണ്ണുനിറഞ്ഞിരുന്നില്ല. തീരാനോവുകളെല്ലാം പെയ്തൊഴിഞ്ഞ കറുപ്പ് പുതച്ചോ, കുളിരു ചേർത്ത് ചുംബിച്ചോ...പ്രകൃതിപോലും ആ ദിനം ഗൗനിച്ചില്ല . എന്തോ, അത്രത്തോളം വെറുത്തുപോയിരുന്നു ! പക്ഷെ ഭൂമിക്കു സ്വന്തമായിരുന്ന എല്ലാ കണ്ണുകളിലും ഭയത്തിന്റെ നിഴൽപ്പാടിലൊളിച്ച ഒരവ്യക്ത രൂപമുണ്ടായിരുന്നു. ഇരുളിനെ മനസ്സിലേക്ക് കുത്തിയാഴ്ത്തുന്നൊരു മുൾക്കിരീടം....വൈറസുകളുടെ നീണ്ട നിരയിലെന്നോ രൂപം പൂണ്ട കണ്ണി ..സൂര്യന്റെ അടങ്ങാത്ത പക ജ്വലിപ്പിച്ച ഹോമകുണ്ഡത്തിൽ ഉരുകുന്ന ശരീരങ്ങളിലെ സൗഹൃദത്തോടു വിടവാങ്ങുന്ന ആ ദിനം , എന്റെ കണ്ണുകളിൽ പതിപ്പിച്ചത് പാതി മറഞ്ഞ മുഖങ്ങളിലാഴുന്ന ചോദ്യചിഹ്നങ്ങളായിരുന്നു. മാർച്ചു മാസത്തിന്റെ പരീക്ഷയുടെ തുണ്ടുകൾ തണുത്തുറയിച്ച പഠനാവധികൾക്കു മുൻപ് വിടവാങ്ങലിന്റെ കൈപ്പിലൊന്നു ചിരിക്കുവാൻ മധുരം ചോദിച്ച, തമ്മിൽ കലഹിക്കുന്ന കൂട്ടരെയായിരുന്നു ഞാൻ കണ്ടത്. പുഞ്ചിരി മറയ്ക്കുന്ന ചോദ്യചിഹ്നങ്ങളായി, പാതിമറയുന്നവരായി, മുഖമില്ലാത്തവരായി അവർ മാറിയത് എത്ര പെട്ടന്നായിരുന്നു? ക്ലാസ്സുകളിൽ തലയാട്ടിച്ചിരിച്ച, ഇടവേളകളിൽ കളിയിൽ കുതിർന്ന ബാല്യം അടർന്നു മാറി! എട്ടാം ക്ലാസ്സുവരെ കൂടെ പഠിച്ചവരിൽ നിന്ന്, അന്നു കൈകോർത്ത 26 അംഗങ്ങളിൽ നിന്ന് പറന്നകന്നത്, വാടിവീണ പരീക്ഷാദിനങ്ങൾ ഓടിമറഞ്ഞതുകൊണ്ടായിരുന്നോ ! ജീവിതം കയ്യിലൊതുക്കുന്നതിനിടെ എത്രയോ മുഖങ്ങൾ...അതിൽ അവരുമുണ്ടായിരുന്നോ , അറിയില്ല ...കാരണം ഇന്നേക്ക് 22 വർഷങ്ങൾക്കു മുൻപ് ഞങ്ങൾ പിരിഞ്ഞിരുന്നു. ഫോണെന്ന പെട്ടിപോലും അത്ഭുതവും ആഗ്രഹവുമായിരുന്ന ലോകം മാറി ! അന്ന് ഫോണുപയോഗിക്കുന്ന കുട്ടികൾ തെറ്റായിരുന്നു.ബാക്കിശേഷിപ്പുകളായിരുന്ന ഗ്രാമസൗന്ദര്യം ജീർണിച്ചു കഴിഞ്ഞു. ഇന്ന് പിറന്നു വീഴുന്ന കുഞ്ഞിനു കൈയ്യിൽ ഫോണും, വളരുന്തോറും കൂട്ടിനു റോബോട്ടുകളും...ഗ്രാമങ്ങൾക്ക് പകരം കെട്ടിടങ്ങൾ, ശുദ്ധവായുവിന്റെ മാധുര്യവും മറഞ്ഞുകഴിഞ്ഞു. ജോലിസ്ഥലങ്ങളിലേക്കു പായുന്ന റോബോട്ടുകളും കഴിവുകൾ മറക്കുന്ന ലോകവുമൊരുങ്ങിക്കഴിഞ്ഞു. വെള്ളത്തിനും 'പർച്ചേസിങ്' വേണ്ടി വരുന്നു. "നാടൻ" എന്ന വാക്കുപോലും ശൂന്യം. ഇന്ന് 2042 , ലോകവും വളരെ മാറിയിരിക്കുന്നു.ഒപ്പം ഓർമ്മകളും നിശ്ചലമാകുന്നു.ഇനി എത്ര കാലം കൂടി ? [22 വർഷങ്ങൾക്കു ശേഷം ഞാനെഴുതാനിടയുള്ള അനുഭവക്കുറിപ്പിന്റെ ഭാവനാരൂപം. ഇനിയും ചോദ്യചിഹ്നങ്ങൾ ഭാവിയിലേക്ക് വിരൽ ചൂണ്ടുമ്പോൾ കേവലം സങ്കൽപ്പം വർത്തമാനകാലത്തോട് കൂട്ടിച്ചേർന്നെടുത്ത്]
|