10:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ആനന്ദക്കണ്ണീർ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാഷ് പറഞ്ഞതായിരുന്നു അവളോട് വീടും പരിസരവും ശുചിയാക്കിവെക്കാൻ. അതെന്നോടവൾ പറയുകയും ചെയ്തു. അച്ഛന് തിരക്കായതോണ്ടല്ലേ അച്ഛന് ചെയ്യാൻ പറ്റാത്തെ, അമ്മക്കാണേൽ അടുക്കളയിൽ നിന്നിറങ്ങീട്ട് നേരമില്ല. പിന്നെല്ല പറമ്പ് വൃത്തിയാക്കൽ. മുത്തശ്ശിയെ കുളിപ്പിക്കാൻ കൂടി അമ്മ വേണം, ആ പാവം ഇതെന്തറിഞ്ഞോണ്ടാ.എനിക്ക് അതല്ല മനസ്സിലാവാത്തത് അതിനിത്ര ഒളിച്കളിക്കേണ്ട ആവശ്യമെന്താ? കാര്യം ഞാൻ ഏട്ടനാണേലും ഒമ്പത് വയസ്സ് മാത്രമേയൊള്ളു എനിക്കും. അച്ഛന്റെ തൂമ്പ എനിക്ക് പൊക്കാൻപോയിട്ട് വീണാൽ പൊക്കിവെക്കാൻപോലും എന്ത് പണിയാന്നോ.അവൾക്ക് പണ്ടേ ദേഷ്യമാ, മുട്ടേന്ന് വിരിഞ്ഞില്ലേലും മൂക്കത്താശുണ്ഠിയെന്ന് അമ്മ കളിയാക്കിപ്പറയും.
എന്നാലും പെണ്ണിന് ദേഷ്യാ. ഇന്നിപ്പോ ദിവസം നാലായി ഈ ഒളിച്ചുകളി അവളെന്നോട് തുടങ്ങീട്ട്. സുല്ലിട്ടെന്ന് പലതവണ പറഞ്ഞതാ കേൾക്കാൻ അവൾ വേണ്ടേ. അവൾ ഒളിച്ചിരിക്കുകയാണെന്നും നീ എണ്ണിക്കൊണ്ടിരുന്നോ എന്നും അമ്മാവൻ പറഞ്ഞു. എനിക്കവളെ പിരിഞ്ഞിരിക്കാൻ പറ്റില്ലാന്നവൾക്കറിയില്ലേ. അവൾ എണ്ണിക്കൊണ്ടിരിക്കുമ്പോൾ എന്നെ കണ്ടില്ലേൽ അവൾ കരഞ്ഞാൽ ഞാൻ അപ്പോൾ മുന്നിൽ- ചെല്ലുമല്ലോ.അവളിങ് വരട്ടെ, ഇനി എന്നെ ഒരിക്കലും സാറ്റടിക്കാൻ കിട്ടാൻ പോണില്ല.
അച്ഛനും അമ്മയും കൂടി ഒളിച്ചിരിക്കുകയാണ്. അതാണ് കൂടുതൽ ദേഷ്യം വരുന്നത്. ഞങ്ങൾ കളിക്കുമ്പോൾ ദേഷ്യം വരുന്ന അച്ഛനാ ഇപ്പൊ അവളുടെ കൂടെ കളിക്കാൻ കൂടിയിരിക്കുന്നത്.
പിറ്റേന്ന് എണീറ്റപ്പോൾ അവൾ വന്നിട്ടുണ്ട്. കോലായിൽ പുതച്ച്കിടക്കാ,പക്ഷേ അവൾക്കിഷ്ടമുള്ള പൂക്കളുള്ള കമ്പിളി അല്ല പുതച്ചിരിക്കുന്നത്. അച്ഛന്റെ മുണ്ടാണെന്ന് തോന്നുന്നു. അമ്മ കരയുന്നേന്ന് മനസ്സിലാവുന്നില്ല. അവൾ കളിയിൽ ജയിച്ചില്ലേ പിന്നെന്തിനാ കരയുന്നേ, ഞാൻ തോറ്റെന്ന് പലതവണ വിളിച്ച്പറഞ്ഞാണല്ലോ. എല്ലാവരുടെയും കണ്ണിൽ കണ്ണുനീരുണ്ട്. സന്തോഷം വന്നാൽ ആനന്ദക്കണ്ണീർ വരുമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അവളുടെ വിജയം ആഘോഷിക്കുന്നതാവും. അവൾ എല്ലാവരുടെയും ഓമനയല്ലേ, എന്റെയും. പക്ഷേ ഞാനിതവളോട് പറഞ്ഞിട്ടില്ല , എനിക്കിഷ്ടം അടികൂടാനാണ്. പക്ഷേ ആനന്ദം സന്തോഷമല്ലേ, അത് വന്നാൽ ചിരിക്കില്ലേ. കുറേകഴിഞ്ഞ് അവളെ എടുത്ത് അച്ഛനും അമ്മാവനും കൊണ്ടുപോയി. അല്ലേലും അവൾ ഉറങ്ങിയാൽ അച്ഛൻ എടുത്ത്കൊണ്ടുപോവുകയാണ് പതിവ്. പക്ഷേ ഇതെന്താപുറത്തേക്ക്? എന്നെ കെട്ടിപ്പിടിച്ച് അമ്മ വീണ്ടും കരഞ്ഞു. സന്തോഷക്കണ്ണീർ ഇത്രയും ആദ്യമായാണ് കാണുന്നത്. അന്നും അവളെ ഞാൻ കണ്ടില്ല. രാത്രി വിഷമിച്ചാണ് ഉറങ്ങിയത്. അച്ഛനും അമ്മയും വന്നിട്ടും അവൾ വീണ്ടും ഒളിച്ചിരിക്കുന്നു. അവസാനം വരെ ഒളിച്ചിരിക്കുന്നയാളാണ് ജയിക്കുക എന്ന് അയലത്തെ മനുവേട്ടൻ പറഞ്ഞിട്ടുണ്ട്.
പിറ്റേന്ന് അച്ഛൻ കെട്ടിക്കിടക്കുന്നവെള്ളം ഒഴിവാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഉണർന്നത്. പക്ഷേ അപ്പോഴും ഇന്നലെത്തെ ആനന്ദക്കണ്ണീർ അച്ഛന്റെ മുഖത്തുണ്ടായിരുന്നു.