ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/കൊറോണക്കാണക്കാലത്തെ കരുതലും തലോടലും

08:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാണക്കാലത്തെ കരുതലും തലോടലും
സൂര്യൻ ഉദിക്കുന്നു.സ്നേഹതീരം എന്ന ഗ്രാമത്തിലെ ആളുകൾ തങളുടെ കുടുംബങളെ പോറ്റാനുള്ള നെട്ടോട്ടത്തിലാണ്.പ്രദേശത്തെ കൂടുതൽ ആളുകളും കർഷകരാണ്.അവിടെ വയലിനോടടുത്ത് ഒരു വലിയ വീടുണ്ട്.അവിടുത്തെ ഏറ്റവും വലിയ വീട്.സമ്പന്നനായ അർജുനന്റെ വീടാണ്.അതിനോട് ചേർന്ന് ഒരു ചെറിയ കുടിലിൽ വേറൊരു കുടുംബവും താമസിക്കുന്നുണ്ട്.അർജുനൻ തന്റെ ഔദാര്യമായി സൈദ് എന്ന ദരിദ്രനായ കർഷകന് കൊടുത്തതാണ് ആ സ്ഥലം.അവിടെ സൈദും ഭാര്യയും പറക്കമുറ്റാത്ത രണ്ട് പെൺമക്കളുമാണുള്ളത്. അവിടെ അവർ ചെറിയ ഒരു കുടിൽ കെട്ടി താമസിച്ചു വരുകയായിരുന്നു.
ഒരു രാത്രി അർജുനന്റെ വീടിനു മുന്നിൽ ഒരു വലിയ ബഹളം. സൈദിന്റെ ഭാര്യയായ മൈമൂനയുടെ നിലവിളിയാണ് ആ കേൾക്കുന്നത്. സൈദിന് ഭയങ്കര പനിയാണ്.ആ രാത്രി കൂട്ടിന് ആരുമില്ലാതെ ആശുപത്രിയിൽ എത്തിക്കാൻ മൈമൂനയ്ക്ക് കഴിയുമായിരുന്നില്ല. അത്കൊണ്ടാണ് സഹായത്തിനായി അർജുനന്റെ വീട്ടിലേക്ക് വന്നത്. പക്ഷേ അദ്ദേഹം ആ സ്ത്രീയുടെ നിലവിളി കേട്ടതായി ഭാവിക്കുന്നതു പോലുമില്ല.അവസാനം തീരെ സഹിക്കാതെ വന്നപ്പോൾ അദ്ദേഹത്തിന് പറ്റില്ല എന്ന് ഉറപ്പിച്ചു പറഞ്ഞ് തന്റെ സേവകരെക്കൊണ്ട് അവരെ തന്റെ വീട്ടിൽ നിന്നും ഇറക്കിവിട്ടു.വേറെ വഴിയൊന്നുമില്ലാതെ ആ പാവം സ്ത്രീ തന്റെ കുടിലിലേക്ക്,തന്റെ ഭർത്താവിന്റെ അരികിലേക്ക് തന്നെ മടങ്ങി.
കൊറോണ എന്ന വൈറസ് രോഗം കേരളത്തിലുടനീളം പടർന്നു തുടങ്ങിയ സമയമായിരുന്നു അത്.വാർത്തകളിലെല്ലാം കൊറോണ നിറഞ്ഞു നിൽക്കുകയാണ്.അർജുനൻ രാവിലെ തന്റെ കമ്പനിയിലേക്ക് പോകുന്നതിനു മുമ്പ് വാർത്ത കേൾക്കുകയായിരുന്നു.അപ്പോഴാണ് അദ്ദേഹം സൈദിനെ പറ്റി ചിന്തിക്കുന്നത്.സൈദിന് കൊറോണയാകുമോ എന്ന ഒരു ചിന്ത അർജുനനിലുണ്ടായി.സൈദിന് രോഗമുണ്ടായാൽ അത് ഇവിടേക്ക് പടരാൻ കൂടുതൽ നേരമൊന്നും വേണമെന്നില്ല.അദ്ദേഹം വേഗം തന്നെ തന്റെ സേവകരെ പറഞ്ഞുവിട്ട് ആ ദരിദ്ര കുടുംബത്തെ അവിടെ നിന്നും ഇറക്കിവിട്ടു.പാവം അവർ അവിടെ നിന്നിറങ്ങിയാൽ ഇനി എവിടെ പോകാനാണ്.അദ്ദേഹത്തോട് അവർ കേണപേക്ഷിച്ചിട്ടും ഒരു പ്രയോജനവുമുണ്ടായില്ല.അർജുനന് ഒരു മകനും മകളുമാണുള്ളത്.ആ മകൾ പറഞ്ഞിട്ടും അദ്ദേഹം അതിനു കൂട്ടാക്കിയില്ല.അങ്ങനെ അവർ എങ്ങോട്ടെന്നില്ലാതെ അവിടെ നിന്നുമിറങ്ങി യാത്ര തുടങ്ങി.
കമ്പനിയിലേക്ക് പോകാനിറങ്ങിയ അർജുനനെ മകൾ വിലക്കി.ആ കൊച്ചുഹൃദയത്തെയും കൊറോണ എന്ന ഭയം അലട്ടിയിരുന്നു.തന്റെ അച്ഛൻ കമ്പനിയിലേക്ക് പോയാൽ അച്ഛനും രോഗം പിടിപെടുമെന്ന് അവൾ ഭയന്നു.എത്രയെത്ര ആളുകളാണ് ആ കമ്പനിയിൽ ഒരു ദിവസം വരുന്നത്.അവൾ അത് പല പ്രാവശ്യം കണ്ടിട്ടുമുണ്ട്.എന്നാൽ മകളുടെ ഈ സ്നേഹോപദേശം അദ്ദേഹം കേൾക്കാൻ തയ്യാറായില്ല.അദ്ദേഹം തന്റെ കമ്പനിയിലേക്ക് പുറപ്പെട്ടു.
കമ്പനിയിലേക്ക് പോകുന്ന വഴി പള്ളിയിലെ വികാരിയായ പത്രോസിനെ കണ്ടുമുട്ടി.പെസഹവ്യാഴമായിരുന്നു അന്ന്.ജനങ്ങളില്ലാതെ ഒന്നോ രണ്ടോ പേർ മാത്രമായിരുന്നു പെസഹവ്യാഴത്തിന് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുത്തത്.അങ്ങനെ പള്ളിയിൽ നിന്ന് വരുകയായിരുന്നു പത്രോസ്.അദ്ദേഹം അർജുനനോട് ചോദിച്ചു: “എന്തിനാണ് ഈ സമയത്തും വീട്ടിൽനിന്നും പുറത്തുപോകുന്നത്.നിങ്ങൾക്ക് കഴിഞ്ഞുകൂടാനുള്ള വക അവിടെത്തന്നെയില്ലേ.”എന്നാൽ ഈ ചോദ്യം അർജുനന് അത്രകണ്ട് പിടിച്ചില്ല.അതിന്റെ കൂടെ സൈദിന്റെ കാര്യവും ചോദിച്ചു.എന്തിനാണ് അവരെ വിട്ടതെന്ന്.അർജുനൻ വിശദീകരിച്ചു. “അയാൾക്ക് ഭയങ്കര പനിയാണ്. കൊറോണയാണോന്ന് സംശയമുണ്ട്.”പത്രോസ് പറഞ്ഞു: “എങ്കിൽ ചികിത്സിക്കാൻ സഹായിക്കുകയല്ലേ വേണ്ടത്.” “എന്നിട്ട് വേണം അത് എനിക്കും എന്റെ കുടുംബത്തിനും പടരാൻ.” എന്ന് പറഞ്ഞ് അർജുനൻ നടന്നകന്നു.ഇതിനിടയിൽ പത്രോസ് സൈദിനെ ആശുപത്രിയിൽ കൊണ്ട്പോയിരുന്നു.സൈദിനെ ഐസൊലേഷൻ വാർഡിൽ കിടത്തിയിരിക്കുകയാണ്.മൈമൂനയും രണ്ട് പെൺമക്കളും പത്രോസിന്റെ വീട്ടിലാണ്.അവർക്കുള്ള എല്ലാ സഹായവും പത്രോസ് ചെയ്തു കൊടുക്കുന്നുണ്ട്.അത്ര വലിയ പണക്കാരനൊന്നുമല്ലെങ്കിലും ഉള്ളതു കൊണ്ട് സൈദിന്റെ ചികിത്സയ്ക്കും കൂടി അദ്ദേഹം പണം ചിലവഴിക്കുന്നു.
അങ്ങനെയിരിക്കെ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ അർജുനന് വല്ലാത്ത തൊണ്ട വേദനയും തുമ്മലും.രാത്രിയായപ്പോൾ ഭയങ്കര പനി. പക്ഷേ പുറത്തിറങ്ങാൻ കഴിഞ്ഞില്ല.അന്ന് രാത്രി മുതൽ രാജ്യമാകെ ലോക്ഡൌണിലായിരുന്നു.പിറ്റേന്ന് രാവിലെ ഈ വാർത്ത അറിഞ്ഞ് പത്രോസ് അർജുനന്റെ വീട്ടിലെത്തി.തന്റെ വൈഹനത്തിൽ അർജുനനേയും കൊണ്ട് അദ്ധേഹം ആശുപത്രിയിലേക്ക് പോയി. കൊറോണയുടെ ലക്ഷണങ്ങളുള്ളതിനാൽ അർജുനനേയും ഐസൊലേഷനിലാക്കി.അതിനടുത്ത വാർഡിൽ തന്നെയായിരുന്നു സൈദും. അവരുടെ രണ്ട് പേരുടെയും റിസൾട്ട് വന്നത് ഒരേ ദിവസമായിരുന്നു. സൈദിന് നെഗറ്റീവായിരുന്നു.പക്ഷേ അർജുനന് പോസിറ്റീവായിരുന്നു. സൈദിനെ അന്നു തന്നെ ഡിസ്ചാർജ്ജ് ചെയ്ത് പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ പറഞ്ഞു.സ്വന്തമായി വീടില്ലാത്ത താൻ എവിടെ പോകുമെന്ന് ആലോചിച്ച് സൈദ് ആകുലനായി.തന്റെ ഭാര്യയും മക്കളും പത്രോസിന്റെ വീട്ടിലാണെന്ന് സൈദിനറിയാം.പക്ഷേ താനിപ്പോൾ അവിടെ പോകുന്നത് ശരിയല്ല എന്ന ഒരു ചിന്ത സൈദിലുണ്ടായി.പക്ഷേ അപ്പോഴേയ്ക്കും പത്രോസ് അവിടെയെത്തിയിരുന്നു.പത്രോസ് സൈദിനെ കൊണ്ടുപോയി തന്റെ വീട്ടിലെ ഒരു മുറിയിലെത്തിച്ചു.അങ്ങനെ കുറച്ച് ദിവസം സൈദ് അവിടെ കഴിഞ്ഞു.
അർജുനൻ ആശുപത്രിയിൽ ചികിത്സയിലാണ്.അതിനാൽ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള എല്ലാ സഹായങ്ങളും പത്രോസാണ് ചെയ്തു കൊടുക്കുന്നത്.നിരീക്ഷണസമയം കഴിഞ്ഞതോടെ സൈദും ചെറിയ ചെറിയ ജോലികൾക്ക് പോയിത്തുടങ്ങി.മൂന്ന് കുടുംബത്തെ നോക്കാൻ പത്രോസ് തനിച്ച് അധ്വാനിച്ചാൽ മതിയാകില്ല എന്ന തോന്നലാവാം.പക്ഷേ അധിക കാലം കഴിയുന്നതിനു മുമ്പ് പത്രോസ് വാർധക്യ അസുഖത്താൽ മരണപ്പെട്ടു.പിന്നെ മൂന്നു കുടുംബത്തെയും നോക്കേണ്ട ജോലി സൈദിനായി.മൂന്നു കുടുംബങ്ങളെയും സ്വന്തം സഹോദരങ്ങളെപ്പോലെ സൈദ് പരിചരിച്ചു.അതിനിചെ അർജുനന്റെ ഫലം നെഗറ്റീവായി. അദ്ദേഹത്തെ വീട്ടിൽ നിരീക്ഷണത്തിനായി കൊണ്ട് വന്നു.എന്നാൽ തന്റെ വീട്ടിലേക്ക് പോകാൻ അദ്ദേഹത്തിന് പേടിയായിരുന്നു.തന്റെ കൊച്ചു മക്കളുള്ള ആ വീട്ടിലേയ്ക്ക് പോയാൽ അഥവാ അവർക്ക് രോഗം പടർന്നാലോ എന്ന പേടി.അങ്ങനെ സൈദ് അദ്ദേഹത്തെ പത്രോസിന്റെ വീട്ടിലെ ആ ചെറിയ മുറിയിലേയ്ക്ക്,മുമ്പ് സൈദ് നിരീക്ഷണത്തിലിരുന്ന ആ മുറിയിലേയ്ക്ക്,കൊണ്ടുപോയി.അപ്പോൾ തന്റെ ഭാര്യയോടും മക്കളോടും സംസാരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.പത്രോസിന്റെ ഭാര്യയായ മേരിയുടെ കൈയിലുണ്ടായിരുന്ന ഫോണിൽ അർജുനൻ തന്റെ ഭാര്യയോടും മക്കളോടും സംസാരിച്ചു.അപ്പോൾ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു: “നിങ്ങൾ ആശുപത്രിയിലായ അന്നു മുതൽ ഞങ്ങൾക്ക് ഭക്ഷണം തന്നതും എല്ലാ സഹായങ്ങൾ ചെയ്തുതന്നതും സൈദും പത്രോസുമാണ്. സൈദ് പനിച്ചു കിടന്ന ആ രാത്രി,നമ്മൾ അവരെ സഹായിക്കാതിരുന്നത് വളരെ മോശമായിപ്പോയി.എന്നിട്ട് ആ വൈരാഗ്യമൊന്നും കാണിക്കാതെ സ്വന്തം സഹോദരങ്ങളെപ്പോലെയാണ് പത്രോസിന്റെ മരണ ശേഷവും ആ കുടുംബം ഞങ്ങളെ പരിചരിച്ചത്.”ഇത്രയും പറഞ്ഞപ്പോൾതന്നെ അർജുനന് തന്റെ തെറ്റ് ബോധ്യപ്പെട്ടു.അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും പശ്ചാത്താപത്തിന്റെ കണ്ണുനീർ ഒഴുകാൻ തുടങ്ങി.പെട്ടെന്നു തന്നെ ഫോൺ കട്ട് ചെയ്ത് സൈദിനോട് മാപ്പ് പറഞ്ഞ് കരയാൻ തുടങ്ങി.സൈദ് അദ്ദേഹത്തോട് പറഞ്ഞു: “കരയാതെ സഹോദരാ,കഴിഞ്ഞതെല്ലാം കഴിഞ്ഞു. തെറ്റുകൾ എല്ലാ മനുഷ്യർക്കും പറ്റുന്നതാണ്.ആ തെറ്റ് ബോധ്യപ്പെട്ട് പശ്ചാത്തപിച്ചല്ലോ.അതു തന്നെയാണ് ഏറ്റവും പ്രധാനം.ഇനി എല്ലാവരെയും സ്വന്തം സഹോദരങ്ങളെപ്പോലെ കണ്ട് തന്നാലാവുംവിധം സഹായിക്കുകയും ചെയ്യുക.” 

കുറച്ച് ദിവസങ്ങൾക്ക് ശേഷം,സൈദ് മുമ്പ് താമസിച്ചിരുന്ന കുടിലിന്റെ സ്ഥാനത്ത് അർജുനൻ ഒരു നല്ല ചെറിയ വീട് പണിതു കൊടുത്തു.അങ്ങനെ സൈദും കുടുംബവും അവിടെ താമസമാക്കി. അങ്ങനെ ആ മൂന്നു കുടുംബങ്ങളും നല്ല നിലയിൽ നല്ല അയൽവാസികളായി സ്നേഹത്തോടെ,സന്തോഷത്തോടെ, വളരെക്കാലം ജീവിച്ചു.

മുനവ്വിറ ഫർഹാന പി
10 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ