മാടത്തിയിൽ എൽ.പി.എസ്/അക്ഷരവൃക്ഷം/നാളേക്കുവേണ്ടി
നാളേക്കുവേണ്ടി
അസുഖങ്ങളിൽ നിന്ന് രക്ഷനേടാനുള്ള പ്രധാന മാർഗമാണ് ശുചിത്വം. നമുക്ക് ശുചിത്വം ഇല്ല എന്നുള്ളതിന് ഉദാഹരണമാണ് പെരുകിക്കൊണ്ടിരിക്കുന്ന രോഗങ്ങൾ. നാമോരോരുത്തരും അതിന് കാരണക്കാരാകുന്നു. പൊതുസ്ഥലങ്ങളിൽ തുപ്പരുതെന്ന് ബോർഡ് വെച്ചിട്ടുണ്ട്, അവിടെ തുപ്പും. സാധനങ്ങൾ വലിച്ചെറിയരുത് എന്നു പറഞ്ഞാലും നാമോരോരുത്തരും അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം വായുവിലൂടെ പലവിധ രോഗങ്ങൾ ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ നാം ശുചിത്വത്തിന്റെ കാര്യത്തിലും പരിസ്ഥിതി മലിനമാകാതിരിക്കാനും കുറേക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വ്യക്തിശുചിത്വം എന്നുപറയുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ദിവസേനയുള്ള കുളിയാണ്. നമ്മുടെ ചർമ്മം ആണ് നമ്മെ രോഗാണുക്കളിൽ നിന്ന് കുറെയേറെ സംരക്ഷിക്കുന്നത്. അതുകൊണ്ട് രാവിലെയും വൈകുന്നേരവും കുളിക്കുന്നതാണ് ഇതിനുള്ള മാർഗം. രാവിലെ എഴുന്നേറ്റാലുടൻ പല്ല് തേക്കണം. ആഹാരം കഴിച്ചതിന് ശേഷവും മുമ്പും വൃത്തിയായി കൈകൾ കഴുകണം. അതുപോലെ രാത്രി ഭക്ഷണത്തിനു ശേഷവും പല്ലുകൾ വൃത്തിയാക്കണം അതുപോലെതന്നെ നമ്മുടെ കൈകാലുകളുടെ നഖങ്ങൾ ആഴ്ചയിലൊരിക്കലെങ്കിലും വെട്ടി വൃത്തിയാക്കണം. ഇതൊക്കെ ആണ് വ്യക്തിശുചിത്വം. ഇപ്പോൾ മഴക്കാലം വരാൻ പോവുകയാണ്. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം. ഇല്ലെങ്കിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടരാൻ സാധ്യത ഉണ്ട്. അതിന് നാം നമ്മുടെ പരിസരം ശുചിയാക്കുകയും മറ്റുള്ളവരെ അതിനായി പ്രോത്സാഹിപ്പിക്കുകയും വേണം. ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം. അതിനായി നാം സാമൂഹിക അകലം പാലിക്കുകയും പൊതുസ്ഥലം ഉപയോഗിച്ചതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറയ്ക്കുകയും കണ്ണ്, മൂക്ക് എന്നിവിടങ്ങളിൽ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുകയും പുറത്തു പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുകയും വേണം. ഇത്രയൊക്കെ ചെയ്താൽ ഒരു പരിധിവരെ നമുക്ക് കൊറോണ മാത്രമല്ല ഒരുവിധം സമ്പർക്കം മൂലം ഉണ്ടാകുന്ന രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധിക്കും. വ്യക്തിശുചിത്വവും പാലിച്ച് നമുക്ക് നല്ലൊരു നാളെയെ പടുത്തുയർത്താം.
|