ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/അക്ഷരവൃക്ഷം/കരുതൽ ചിറകുകൾ

23:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ ചിറകുകൾ

റീന സിസ്റ്റർ ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്നത് ജനാലച്ചില്ലിലൂടെ അരിച്ചിറ ങ്ങുന്ന ഇളം വെയിലിലേക്കായിരുന്നു.

അവർ എഴുന്നേറ്റ് ജനൽ പാളികൾ പതിയെ തുറന്നു. തണുത്ത ഇളം കാറ്റ് അവരുടെ മുടിയിഴകൾ തഴുകി കൊണ്ട് അകത്തേക്ക് വന്നു.സിസ്റ്റർ ജനാലയിലൂടെ പുറത്തേക്കു നോക്കി. കഴിഞ്ഞ 26 ദിവസങ്ങൾ അവരുടെ മനസ്സിൽ ഉണ്ടാക്കിയ ഗൃഹാതുരതയുടെ മുറിവുകൾ ഉണക്കാൻ ആ കാഴ്ച പര്യാപ്തമായിരുന്നു. കുന്നിൻ മുകളിലുള്ള ആ വീടിന്റെ കിഴക്കേ ചെരിവ് മുഴുവൻ ബാലഭാസ്കരന്റെ മഴവിൽ ചെപ്പിൽ നിന്നും ഉതിർന്നു വീണ സ്വർണ്ണവർണ്ണത്താൽ തിളങ്ങുന്നുണ്ടായിരുന്നു. ഈ കാഴ്ച ഇനി കാണാൻ പറ്റുമെന്നു കരുതിയതല്ല. സിസ്റ്റർ സർവ്വശക്തനോട് നന്ദി പറഞ്ഞു. അവരുടെ മനസ്സിലേക്ക് കഴിഞ്ഞു പോയ ആ കറുത്ത ദിനങ്ങളുടെ ഓർമ്മകൾ ഓടിയെത്തി.

ആശുപത്രിയിലെ ഫോണുകൾ നിർത്താതെ ശബ്ദമുണ്ടാക്കുന്നത് കേട്ടപ്പോൾ നേഴ്സുമാർ പരസ്പരം പറഞ്ഞത് ഒന്ന് മാത്രമായിരുന്നു. എന്തോ പ്രശ്നം ഉണ്ട്. പെട്ടെന്ന് പ്രഖ്യാപിച്ച ഇന്നത്തെ മീറ്റിംഗിൽ അറിയാം. മീറ്റിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ എല്ലാവരുടെയും മുഖത്ത് ആശങ്കയായിരുന്നു. മനസ്സുകൾ നിശ്ശബ്ദമായി സംസാരിച്ചു. കോവിഡ് 19 കേരളത്തിൽ പടർന്നുകൊണ്ടിരിക്കുന്നു. നമ്മുടെ ജില്ലയിലെ ആദ്യ കോവിഡ് കേസ് എത്തിയിരിക്കുന്നു. നാലുപേർ കൊറോണ ബാധിതരായി നമ്മുടെ ആശുപത്രിയിൽ ഇന്നെത്തും. കൂടാതെ അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ എട്ടുപേർ നിരീക്ഷണത്തിനായും എത്തുന്നു. ഇന്ന് മുതൽ നമ്മൾ ഒരു യുദ്ധത്തിലാണ് കോവിഡിന് എതിരെ. രോഗബാധിതരെ പരിചരിക്കാനുള്ള നേഴ്സുമാരുടെ ലിസ്റ്റ് അല്പ സമയത്തിനകം പറയും. അവർ ആരും തന്നെ വീട്ടിലേക്കുപോകാൻ പാടില്ല. ആശുപത്രിയിൽ തന്നെ താമസ സൗകര്യം ഒരുക്കും. ഇതായിരുന്നു മീറ്റിംഗിൽ പറഞ്ഞതിന്റെ ചുരുക്കം.

അല്പസമയത്തിനകം നേഴ്സ്മാരുടെ ലിസ്റ്റ് വന്നു. അതിൽ മൂന്നാമതായി തന്റെ പേര് റീന സിസ്റ്റർ കണ്ടു. അവരുടെ മനസ്സിൽ തന്റെ വീടും അവിടെ വയസ്സായ അച്ഛനും അമ്മയും രണ്ടുവയസ്സ് മാത്രം പ്രായമുള്ള മോനും തെളിഞ്ഞു വന്നു. ഭർത്താവ് നാട്ടിലില്ല. ഇന്ന് മുതൽ ലോക്ക്ഡൗൺ ആരംഭിച്ചിരിക്കുകയാണ്. ആരുണ്ട് അവരെ സഹായിക്കാൻ.....ആലോചിച്ചപ്പോൾ സിസ്റ്ററിന് ഒരു എത്തും പിടിയും കിട്ടിയില്ല. പെട്ടന്ന് അനൗൺസ്മെന്റ് കേട്ടു. "ലിസ്റ്റിൽ ഉള്ള നേഴ്സുമാർ എത്രയും പെട്ടന്ന് കൊറോണ വാർഡിൽ റിപ്പോർട്ട് ചെയ്യണം".സിസ്റ്റർ അങ്ങോട്ട്‌ ഓടി. വൈറസ് പ്രതിരോധ കവചം ധരിച്ച് വാർഡിലേക്ക് ചെന്നു. അവിടെ ഒരു കുടുംബത്തിലെ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നു. പുരുഷന്മാരിൽ ഒരാൾ എഴുപതുവയസ്സ് കഴിഞ്ഞ വൃദ്ധനാണ്. അയാൾക്ക് ശ്വാസം എടുക്കാൻ പ്രയാസം ഉണ്ട്. റീന സിസ്റ്റർ അങ്ങോട്ട്‌ ചെന്നു. അയാൾ പ്രതീക്ഷയോടെ സിസ്റ്ററിന്റെ കണ്ണുകളിലേക്ക് നോക്കി. കണ്ണുകൾ മാത്രം മതി ആശയവിനിമയത്തിന് എന്ന് സിസ്റ്റർ തിരിച്ചറിഞ്ഞു. അവർ ഓക്സിജൻ സിലിണ്ടർ ഫിറ്റ്‌ ചെയ്തപ്പോൾ അയാളുടെ കണ്ണുകളിൽ നന്ദിയുടെ മുത്തുകൾ തിളങ്ങുന്നുണ്ടായിരുന്നു. പിന്നീടങ്ങോട്ട്‌ ഭക്ഷണവും ഉറക്കവും ഇല്ലാത്ത ദിനങ്ങൾ ആയിരുന്നു. ദിവസവും രാത്രിയിൽ അഞ്ചു മിനിറ്റ് ഫോണിൽ സംസാരിക്കാൻ കഴിയും. ഭർത്താവിന്റെ ആശ്വാസവാക്കുകൾ.. കാതുകളിൽ തന്റെ കുഞ്ഞിന്റെ കരച്ചിൽ മുഴങ്ങുന്നു. അച്ഛൻ കുന്നിറങ്ങിപ്പോയി വീട്ടുസാധനങ്ങൾ വാങ്ങിവന്നു എന്ന് കേട്ടപ്പോൾ സിസ്റ്ററിന്റെ കണ്ണ് നിറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ താനാണ് വീട്ടുസാധനങ്ങൾ വാങ്ങുക പതിവ്. അസുഖങ്ങൾ ധാരാളം ഉള്ളതിനാൽ അച്ഛന് കുന്നിറങ്ങുക പ്രയാസം ആണ്. മനസ്സിന്റെ വിങ്ങൽ അവസാനിക്കുന്നില്ല. മോന്റെ വാശിയും കരച്ചിലും അടക്കാൻ അമ്മ പാടു പെടുന്നു.ഫോൺ കട്ടാകുന്നതോടെ എരിയുന്ന നെഞ്ചുമായി വീണ്ടും വാർഡിലേക്ക്. അവിടെ എത്തിയാൽ എല്ലാം മറക്കും. </[>

എഴുപതുകാരൻ അപ്പൂപ്പന്റെ കൊറോണ ലക്ഷണങ്ങൾ കുറഞ്ഞു വന്നു.ഒരു ദിവസം മരുന്ന് നൽകി മടങ്ങാൻ തുടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു. മോളെ എന്റെ മോനും മരുമകളും കൊച്ചു മോനും വിദേശത്ത് നിന്നും വീട്ടിലേക്കു വന്നപ്പോൾ എനിക്ക് അറിയില്ലായിരുന്നു ഈമഹാമാരിയുടെ ശക്തി. ഞങ്ങൾ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല. മോനും മരുമകളും ബന്ധുവീടുകളിൽ എല്ലാം പോയി. അവർക്ക് വർഷങ്ങളായി വിട്ടുനിന്നവരെയും നാടും കാണാൻ തിടുക്കം ആയിരുന്നു. വീട്ടിൽ ഒരു സാനിറ്റെയിസർ പോലും വാങ്ങി വച്ചില്ല. രോഗം വന്നത് പോലും ഞങ്ങൾ അറിഞ്ഞില്ല മോളെ. പനി കൂടിയപ്പോൾ ആണ് എന്നെ ആശുപത്രിയിൽ കൊണ്ടുവന്നത്. അപ്പോഴും ഞാൻ കരുതിയത് എനിക്ക് രോഗം വരില്ലെന്ന് ആയിരുന്നു. ഇവിടെ നിന്നും ജീവനോടെ പുറത്ത് പോകാൻ സാധിച്ചാൽ എല്ലാരോടും ഞാൻ പറയും ഈ രോഗം എത്ര ഭീകരമാണെന്ന്. ഞങ്ങളെ പരിചരിക്കുന്ന നിങ്ങൾ ഭൂമിയിലെ മാലാഖമാർ തന്നെയാണ്. സ്വന്തം വീടും കുടുംബവും ഉപേക്ഷിച്ച് സാന്ത്വനത്തിന്റെ വഴി തെളിയിക്കുന്ന നിങ്ങൾക്കും ഡോക്ടർമാർക്കും എത്ര നന്ദി പറഞ്ഞാലും തീരില്ല.

റീന സിസ്റ്റർ ഒന്ന് ചിരിച്ച് ആത്മസംതൃപ്തിയോടെ തിരിഞ്ഞുനടന്നു. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്നും ഡ്യൂട്ടി റൂമിൽ തങ്ങൾ പങ്കുവച്ചിരുന്ന ആശങ്കകളാണ് ആ അപ്പൂപ്പൻ പറഞ്ഞത്. ജനങ്ങൾ മഹാമാരിയുടെ ശക്തി തിരിച്ചറിയാതെ ഇറങ്ങി നടക്കുന്നതും കൂട്ടംകൂടി ആഘോഷം നടത്തുന്നതും എല്ലാം ഫോണിലൂടെ അറിയുന്നുണ്ട്. അവരെ ബോധവൽക്കരിക്കാൻ പോലീസും ആരോഗ്യ-സന്നദ്ധ പ്രവർത്തകരും സ്വയരക്ഷ മറന്ന് രാവും പകലും പ്രയത്നിക്കുന്നു. ഇനിയെങ്കിലും അവർ മനസ്സിലാക്കിയെങ്കിൽ... ഈ നാല് പേർക്ക് ശേഷം ഒരു കോവിഡ് രോഗിയും ഉണ്ടാവാതെ ഇരുന്നെങ്കിൽ.... സിസ്റ്ററുടെ മനസ്സ് പ്രാർത്ഥനാഭരിതമായി.

ഇരുപത്തിയാറു ദിനങ്ങൾ കഴിഞ്ഞു. കോവിഡ് ബാധിതരായ നാലു പേരുടെയും റിസൾട്ട്‌ വന്നു നെഗറ്റീവ് ആണ്. ആശുപത്രിയിൽ ആശ്വാസത്തിന്റെ അലയടിച്ചു. അവർ ഇന്ന് ആശുപത്രി വിടുകയാണ്. പുതിയ രോഗികൾ ഇല്ല. കൊറോണ വാർഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ്മാരെ വീടുകളിൽ ക്വാറന്റയിന് അയക്കുകയാണ്. റീന സിസ്റ്റർ വീട്ടിൽ വിളിച്ചു വിവരം പറഞ്ഞു. പുറത്തെ ബാത്ത് അറ്റാച്ഡ് മുറി തനിക്കായി ഒഴിച്ചിടാൻ പറഞ്ഞു. താനെത്തുമ്പോൾ മോനെ കാണിക്കരുത് എന്ന് പറഞ്ഞപ്പോൾ ആ അമ്മയുടെ ഹൃദയം നുറുങ്ങി. ഇരുപത്തിയെട്ട് ദിവസം കൂടി കഴിയട്ടെ. എന്നിട്ട് കാണാം കുഞ്ഞിനെ. റീന സിസ്റ്റർ തന്റെ മാതൃമനസ്സിന്റെ കടിഞ്ഞാൺ മുറുക്കി. ഇന്നലെ രാത്രിയായി വീട്ടിൽ എത്തുമ്പോൾ. നേരെ മുറിയിലേക്ക്. വാതിൽക്കൽ വച്ച പ്ലേറ്റിൽ അമ്മ അത്താഴം വിളമ്പി. അതുമെടുത്ത് മുറിയിലേക്ക് കയറി. കഴിക്കാൻ ഒരു ഉരുള വായിലേക്ക് ഇട്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. എല്ലാ ദുഃഖവും ഉറക്കത്തിനു വിട്ടുകൊടുത്ത് കിടക്കയിലേക്ക് വീണതാണ്. ഇന്ന് ഈ മനോഹര പ്രഭാതത്തിലേക്ക് കണ്ണ് തുറക്കുമ്പോൾ എല്ലാ ദുഃഖവും അകന്നിരിക്കുന്നു. രോഗികൾക്ക് കരുതൽ നൽകുമ്പോഴും സ്വന്തം വീടിന്റെയും വീട്ടുകാരുടെയും സ്നേഹത്തിനും കരുതലിനും കൊതിച്ച മനസ്സ് ഇപ്പോൾ ആശ്വാസത്തിന്റെ തണലിൽ ആണ്. മതി ഇത് മാത്രം മതി..... ഇനിയൊരു യുദ്ധത്തിനു കൂടി ശക്തി സംഭരിക്കാൻ ഈ ആശ്വാസം മാത്രം മതി......

കൃഷ്ണ പ്രിയ കെ
8 സി ഐ എം എൻ എസ് ജി എച്ച് എസ് എസ് മയ്യിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ