ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/ശുചിത്വം ശീലമാക്കാം
ശുചിത്വം ശീലമാക്കാം
നമ്മുടെ ആരോഗ്യപരിപാലനത്തിൽ ശുചിത്വത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ആരോഗ്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. ശുചിത്വം പ്രധാനമായും രണ്ടു വിധമുണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും. ഒരു വ്യക്തിയുടെ ശുചിത്വം എപ്പോഴും അയാളുടെ ദിനചര്യകളെ ആശ്രയിച്ചായിരിക്കും. നമ്മൾ മലയാളികൾ എപ്പോഴും വ്യക്തിശുചിത്വം പാലിക്കാറുണ്ട്. പക്ഷേ നമ്മുടെ പരിസരം വൃത്തികേടാക്കുന്നതിൽ നാം എന്നും മുന്നിലാണ്. അതിന്റെ ഫലമായി പലതരത്തിലുള്ള പകർച്ചവ്യാധികൾ ഇവിടെ പടർന്നുപിടിക്കുന്നു. ഈ കൊറോണക്കാലം നമ്മെ ഓർമ്മപ്പെടുത്തുന്നത് വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യമാണ്. ഇടയ്ക്കിടെയുള്ള കൈകഴുകൽ, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കൽ, മാസ്ക് ഉപയോഗിക്കൽ തുടങ്ങിയ ശീലങ്ങൾ പതിവാക്കിയാൽ മാരകമായ പല രോഗാണുക്കളെയും അകറ്റിനിർത്താൻ കഴിയും. വ്യക്തിശുചിത്വം പാലിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. അതിലൂടെ നമ്മുടെ സമൂഹത്തിന്റെ ആരോഗ്യം, സമ്പത്ത് എന്നിവ വർധിപ്പിക്കാൻ കഴിയും. വ്യക്തിശുചിത്വത്തെ പോലെ പരിസരശുചിത്വത്തിനും വളരെയധികം പ്രാധാന്യമുണ്ട്. പരിസരമലിനീകരണത്തിലൂടെ ഈച്ച, കൊതുക് എന്നിവ പെറ്റുപെരുകുകയും പലതരത്തിലുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയും ചെയ്യുന്നു. ഇത് മനുഷ്യജീവനുതന്നെ ഭീഷണിയാകുന്നു. പലതരം പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും മനുഷ്യമാലിന്യങ്ങളുടെയും നിക്ഷേപം കൊണ്ട് കുടിവെള്ളസ്രോതസ്സുകളും ജലാശയങ്ങളും മലിനീകരിക്കപ്പെടുന്നു. അതുമൂലം ഭൂമിയുടെ ആവാസവ്യവസ്ഥ പോലും തകരാറിലാകുന്നു. അതുകൊണ്ട് നാം എപ്പോഴും നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള ജനതയ്ക്കും ആരോഗ്യമുള്ള സമൂഹത്തിനും വേണ്ടി ശുചിത്വം ഒരു ശീലമാക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |