പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/സ്വപ്നത്തിലെ അവധിക്കാലം
സ്വപ്നത്തിലെ അവധിക്കാലം
സ്വപ്നത്തിലെ അവധിക്കാലം എനിക്ക് സ്വപ്നം കാണാൻ വളരെ ഇഷ്ടമാണ്. ഓരോ സംഭവങ്ങൾ സ്വയം സൃഷ്ടിച്ച് കണ്ണടച്ചാൽ എനിക്കത് മനസ്സിൽ കാണാം. മിക്കപ്പോഴും ഞാൻ അങ്ങനെയാണ് നേരം കളയുക. അതുപോലെതന്നെ യാത്ര ചെയ്യാനും ഏറെ ഇഷ്ടമാണ്. വളർന്ന് വലിയ കുട്ടിയായി കഴിയുമ്പോ ഞാൻ ഒറ്റക്ക് ലോകം ചുറ്റിക്കാണാൻ പോകും. ലോൺ എടുത്തിട്ട് ആണേലും പോകും. അതെന്റെ ഒരു വാശിയാണ്. ഇങ്ങനെ ഒരാൾക്ക് ആശിച്ചു കിട്ടിയ ഒരു യാത്ര നഷ്ടപ്പെട്ടാൽ ഉള്ള കാര്യം പിന്നെ പറയണോ ! ഞാൻ അധികം സ്ഥലത്തൊന്നും പോയിട്ടില്ല. കേരളം വിട്ട് കർണാടക, ചെന്നൈ അങ്ങനെ കുറച്ച് സ്ഥലങ്ങളിൽ മാത്രം. ഇതിൽ എനിക്കേറ്റവും ഇഷ്ടം ഇതുവരെ കാണാത്ത ബാംഗ്ലൂർ ആണ്. കർണാടകയിൽ ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ചുവെങ്കിലും ബാംഗ്ളൂരിന്റെ ഹൃദയത്തിൽ എത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. ഇത് വളരെ പണ്ട്. അത്ര പണ്ടൊന്നുമല്ല ഞാൻ നാലിലോ മറ്റോ പഠിക്കുമ്പോ. അന്ന് എനിക്ക് വിഷമം തോന്നി. പക്ഷേ പ്രകടിപ്പിച്ചില്ല. അടുത്ത വർഷം മുതൽ അച്ഛന്റെ ജോലിത്തിരക്കുകൾ കൂടി. ശനിയും ഞായറും അങ്ങനെ എന്നും ഓഫീസിൽ ജോലി ഉണ്ടാകും അച്ഛന്. എങ്കിലും ചെറിയ ചെറിയ ടൂറുകൾക്കൊക്കെ ഞങ്ങളെ കൊണ്ടുപോകാറുണ്ട്. അങ്ങനെയിരിക്കെ ഒരിക്കൽ ഞങ്ങൾ എല്ലാരും കൂടെ ഇരുന്ന് ഉറപ്പിച്ച ഒരു യാത്ര ആയിരുന്നു 'ബാംഗ്ലൂർ ഡമാക്ക '. അതെന്തെന്നാൽ എന്റെ എല്ലാ യാത്രകൾക്കും ഞാൻ ഒരു പേരിടാറുണ്ട്. അങ്ങനെയിട്ട ഒരു പേരാണ് ബാംഗ്ലൂർ ഡമാക്ക. ദിവസങ്ങൾ എണ്ണിക്കൊണ്ടിരുന്നെങ്കിലും ആ യാത്രാദിവസം മാത്രം എത്തിയില്ല. പക്ഷെ ഒരു അതിഥി എത്തി. ചൈനയിൽ നിന്ന് പുറപ്പെട്ടു എന്ന് പറയപ്പെടുന്ന അവനോട് എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. അവന്റെ പേര് കൊറോണ. അങ്ങനെയാണ് എല്ലാരും പറയുന്നത്. പത്രത്തിൽ എനിക്കവനെ നേരത്തെ പരിചയമുണ്ട്. എങ്കിലും ഞങ്ങളുടെ കേരളത്തിലേക്ക് അവൻ വരുമെന്ന് ഒരിക്കലും കരുതിയില്ല. എന്റെ രണ്ട് പരീക്ഷകൾ മുടങ്ങി. അതും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലനായ മാത്‍സ്. കൂടെ സോഷ്യലും. അക്കാര്യത്തിൽ എനിക്കവനോട് ഒരു ഇഷ്ടം തോന്നി കേട്ടോ. അതാർക്കായാലും തോന്നി പോവും. ഏത് കൊമ്പത്തെ പഠിപ്പിസ്റ്റിനായാലും. എന്റെ സ്വപ്നത്തിലെ അവധിക്കാലം അങ്ങനെ ദുർസ്വപ്നത്തിന്റെ കവാടത്തിലൂടെ എന്നെ കടത്തിവിട്ടു. ഇന്ന് ഇന്ത്യ ലോക്ക്ഡൗണിലാണ്. അച്ഛന്റെ ഇടക്കൊക്കെ ഓഫീസിൽ പോകും. പെന്റിങ് ആയ ഫയൽ ഒക്കെ നോക്കാൻ. മാസ്കും സാനിറ്റൈസറും ഒക്കെ കൊണ്ടാണ് പോക്ക്. അച്ഛന്റെ സിവിൽ സ്റ്റേഷനിലാണ്. സാധരണ ഗവണ്മെന്റ് ജോലിക്കാർ ഉറങ്ങാനാണ് ഓഫിസിൽ പോകുന്നതെന്ന് ഒരു കളിയാക്കലിന്റെ ഭാഷയിൽ ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ അങ്ങനെയൊന്നുമില്ല കാര്യങ്ങൾ. കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ ഒരുപാട് അച്ഛനമ്മമാരും സഹോദരീസഹോദരന്മാരും മക്കളും ഒരുപോലെ അവിടെയും കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കെന്റെ അച്ഛനിൽ നിന്നും മനസ്സിലായി. നരകത്തിലും സ്വർഗം തീർത്തുകൊണ്ട് ഈ ജയിൽവാസദിനങ്ങൾ ഞാൻ ആസ്വദിക്കുന്നു. ദിനം തോറും കൂടിയും കുറഞ്ഞും വരുന്ന കൊറോണ രോഗികളുടെ എണ്ണം എന്നെ അദ്ബുദ്ധപ്പെടുത്തി. ആദ്യമായ് പടക്കമില്ലാത്ത ഒരു വിഷു കടന്നുപോയി. എങ്കിലും എന്നും ഞാൻ പ്രാർത്ഥിക്കുന്നത് ഈ കോവിഡ് 19 ഒന്ന് പോണേ ന്നാണ്. സ്വപ്നത്തിലെ അവധിക്കാലം കടന്നുപോയെങ്കിലും ഓരോ ദിനവും ഞാൻ തള്ളിനീക്കുമ്പോഴും എനിക്ക് കൂട്ടുകാരായി പൗലോ കൊയ്‌ലോയും ഡാനിയേൽ ഡെഫോയും ചാൾസ് ഡിക്കൻസുമെല്ലാം ഉണ്ട്. എന്നും ഞാൻ വീട്ടുമുറ്റത്തു ഷട്ടിൽ കളിക്കാറുണ്ട്. ചെറുതായി കുക്ക് ചെയ്യാറുമുണ്ട്. കഴിഞ്ഞുപോയ നൂറ്റാണ്ടുകളുടെ ഓർമപ്പെടുത്തലുകളെന്നപോലെ പട്ടം പറത്താരുമുണ്ട്. എനിക്ക് ഒരേയൊരു സങ്കടമേ ഉള്ളു. എന്റെ അപ്പൂപ്പനെയും അമ്മൂമ്മയേയും കാണാൻ പറ്റുന്നില്ലലോ എന്ന്. അവർ ആലുവയിലല്ലേ..... ഈ കൊറോണ കാലം എങ്ങനേലും ഒന്നവസാനിക്കണേ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കും. പക്ഷെ അതൊന്നുമല്ല എന്റെ ശരിക്കുള്ള ടെൻഷൻ. ജൂലൈയിൽ എന്റെ പിറന്നാളാണ്. അന്ന് ഒരു കേക്ക് മേടിക്കാൻ പറ്റിയിരുന്നെങ്കിൽ........
A. Malavika Parli high school |