സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/ജാഗ്രതയും ശുചിത്വവും ജീവിതത്തിലുടനീളം

14:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രതയും ശുചിത്വവും ജീവിതത്തിലുടനീളം

നിയന്ത്രണാതീതമാകുമായിരുന്ന ഒരു മഹാദുരന്തത്തെ വളരെ ശാസത്രീയമായി നിയന്ത്രിക്കുന്ന കാര്യത്തിൽ കേരള സർക്കാരിന്റെ പ്രവർത്തനം വളരെ പ്രശംസനീയമാണ്. സർക്കാരിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും സമൂഹത്തിന്റെയും ശക്തമായ ഇടപെടലുകൾ കൊണ്ടാണ് നമുക്ക് ഈ മഹാമാരിയെ പിടിച്ചു നിർത്താനായത്.

കോവിഡ് ലോകത്തെയാകെ ബാധിക്കുന്ന ഒരു മഹാമാരിയാണ്. ഒരിടത്ത് അണുബാധയുണ്ടായാൽ അത് ലോകത്തെവിടെയും എത്താം. കോവിഡിനു കാരണമായ വൈറസ് പുതിയതാണ്. നമുക്ക് അതേപ്പറ്റി വളരെ കുറച്ചേ അറിയൂ. ഉത്തരവാദിത്തബോധമുള്ള അറിവുള്ള ഒരു സമൂഹം, രാജ്യത്തെ മുഴുവൻ പൗരന്മാരെയും അണിനിരത്തിയുള്ള പ്രതിരോധമാണ് ലോക് ഡൗൺ. ഈ സമഗ്രമായ ശ്രമത്തിൽ എല്ലാവർക്കും പങ്കുണ്ട്. എല്ലാവരും സന്നദ്ധ പ്രവർത്തകരാണ്. രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കുവാനും അപകട സാധ്യത കുറയ്ക്കുവാനും ഈ നിർണായക ഘട്ടത്തിൽ സമൂഹത്തെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും അയൽക്കാരെയും പിന്തുണയ്ക്കാൻ എല്ലാവർക്കും കഴിയും. ലോക്ഡൗണിൽ വീട്ടിലിരിക്കുന്ന ജനം ഒരു തിരിച്ചുവരവിന് ആഗ്രഹിക്കുകയാണ്.

എല്ലാവരും അനാവശ്യമായി വീടിനു പുറത്തിറങ്ങാതെ ഇരിക്കുകയാണെങ്കിൽ, അകലം പാലിക്കുകയാണെങ്കിൽ, അത്യാവശ്യത്തിനു വീടിനു പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയാണെങ്കിൽ രോഗലക്ഷണമില്ലാത്ത അണുബാധ ഉള്ളവരിൽ നിന്നു പോലും മറ്റുള്ളവരിലേക്കു രോഗവ്യാപനത്തിനുള്ള സാധ്യത കുറയും. ആരോഗ്യ പ്രവർത്തകരെയും ആശുപത്രികളെയും ശാക്തീകരിക്കുക. തങ്ങളുടെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രോഗികളാകുന്നതു താങ്ങാൻ ഒരു രാജ്യത്തിനും സാധ്യമല്ല. അതു കൊണ്ടു തന്നെ, വലിയ അപകടം മുന്നിൽ കണ്ട് നാം സജ്ജരാകേണ്ടതുണ്ട്. ആദ്യമായി ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ പി പി ഇ കിറ്റുകളും മാസ്കുകളും വേണ്ടത്ര സംഭരിക്കണം.

രോഗികൾക്കു വേണ്ട മരുന്നുകൾ കിട്ടുന്നുവെന്ന് ഉറപ്പാക്കണം. വെന്റിലേറ്ററുകളും ഐ സി യു കിടക്കകളും കൂടുതൽ സജ്ജമാക്കണം. വിദഗ്ധ ഡോക്ടർമാരെ നാം സജ്ജരാക്കണം. ഭാഗ്യവശാൽ രോഗ വ്യാപനം നടന്നില്ലെങ്കിൽ ഇതൊന്നും നഷ്ടമാവില്ല. നമ്മുടെ രാജ്യത്തെ ആരോഗ്യ മേഖലയെ അത് പുഷ്ടിപ്പെടുത്തും.

ലോക്ഡൗണിനു ശേഷം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വ്യക്തിശുചിത്വമാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം.കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക, ഇടയ്ക്കിടെ മുഖത്തു സ്പർശിക്കാതിരിക്കുക, പുറത്തിറങ്ങുമ്പോഴെല്ലാം മാസക് ധരിക്കുക, പൊതു സ്ഥലത്തു തുപ്പുന്ന സ്വഭാവം ഒഴിവാക്കുക, പൊതു ശുചി മുറികൾ ഉപയോഗിക്കാതിരിക്കുക, വലിയ തിരക്കുള്ള ചടങ്ങുകൾ ഒഴിവാക്കുക, കൂട്ടം കൂടാനുള്ള സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മാറണം.

ലോക് ഡൗൺ കഴിഞ്ഞാലും കോവിഡ് ബാധയുള്ള സ്ഥലങ്ങളിലേക്കു പോകുന്നു എന്ന ബോധ്യത്തോടെ, കൃത്യമായ മുൻകരുതലുകളെടുത്തു വേണം പുറത്തിറങ്ങാൻ. അകലം പാലിക്കൽ, കൈ കഴുകൽ, സാനിറ്റൈസറിന്റെ ഉപയോഗം എന്നിവ ജീവിത ശൈലിയാക്കണം. സാധാരണ പ്രതലങ്ങളിൽ മണിക്കൂറുകളോളം ഈ വൈറസിന് ആയുസുണ്ട്. അതുകൊണ്ട് വ്യക്തി ശുചിത്വമാണു വൈറസിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം.

ലോക്ഡൗണിനു ശേഷം യാത്രാവിലക്കു നീങ്ങിയാൽ, രോഗബാധ വളരെയധികമുള്ള രാജ്യങ്ങളിൽ നിന്നു ധാരാളം പേർ നമ്മുടെ സമൂഹത്തിലക്ക് എത്തിച്ചേരും. ഈ സമയം നിയന്ത്രണങ്ങൾ ഉണ്ടായില്ലെങ്കിലും വ്യക്തിപരമായ നിയന്ത്രണങ്ങൾ നാം പാലിക്കണം. ബോധപൂർവ്വം നമ്മൾ ശാരീരിക അകലം പാലിക്കണം. ഈ അവസരത്തിൽ രോഗം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളും അവശ്യ സർവ്വീസുകളുമെല്ലാം ശുചിത്വ ശീലങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം. സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കൈ കഴുകാനുള്ള സംവിധാനവും സാനിറ്റൈസറുകളും ഉപയോഗിക്കണം. അടഞ്ഞുകിടക്കുന്ന ഓഫീസുകൾ തുറക്കുമ്പോൾ സ്വാഭാവികമായും തിരക്കുണ്ടാകും. ഈ തിരക്കു നിയന്ത്രിക്കാനുള്ള പ്രത്യേക ക്രമീകരണങ്ങൾ നടത്തണം. കൃത്യമായ അകലം പാലിക്കണം. മാസ്കുകൾ നിർബന്ധമാക്കണം. മാസ്ക് നമ്മുടെ മാത്രമല്ല ചുറ്റുമുള്ളവരുടെ കൂടി സംരക്ഷണം ഉറപ്പു വരുത്തുന്നുണ്ട്.

സ്വകാര്യ, സർക്കാർ സ്ഥാപനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ വായുസഞ്ചാരം ഉറപ്പാക്കണം. അടച്ചിട്ട ഒരു സ്ഥലത്തെ വായു എല്ലാവരും ശ്വസിക്കുന്നത് രോഗ സംക്രമണം കൂടുവാൻ കാരണമാകും. എ.സി ഓഫ് ചെയ്ത് ജനാലകളും വാതിലുകളും തുറന്നിടണം.

ലോക്ഡൗണിനു ശേഷം കൂടുതൽ തിരക്കുണ്ടാകുന്ന സ്ഥലങ്ങളാണ് വിമാനത്താവളങ്ങളും റെയിൽവേ സ്‌റ്റേഷനുകളും ബസ്സ് സ്റ്റാൻഡുകളും ആശുപത്രികളും. ഇവിടെയെല്ലാം പ്രത്യേക ശ്രദ്ധ ചെലുത്തി സാനിറ്റൈസറുകൾ ഉപയോഗിക്കുകയും അകലം പാലിക്കുയും വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കുകയും വേണം. ചെറിയ സംശയം ഉണ്ടെങ്കിൽപ്പോലും എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയമാവണം. പൊതു സ്ഥലങ്ങളിൽ തുപ്പുക, മാലിന്യം തള്ളുക തുടങ്ങിയവ ശക്തമായ നിയമത്താൽ സർക്കാർ പൂർണമായും ഇല്ലാതാക്കണം. എല്ലാവരും ശുചിത്വം പാലിച്ച്, ജാഗ്രതയോടെ, ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ നമുക്ക് ഇല്ലാതാക്കാം. നമ്മുടെ ഇന്നത്തെ തീരുമാനങ്ങളാകും, നമ്മുടെ ഭാവിയെ നിർണയിക്കുക.


അയോണ ജെയ്സൺ
6 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം