സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/നഷ്ടങ്ങൾ നേട്ടങ്ങളാക്കാം

നഷ്ടങ്ങൾ നേട്ടങ്ങളാക്കാം


കോവിഡ് 19 എന്ന മഹാമാരിയെ ഭയന്ന് സ്വന്തം വീടിന്റെ അകത്തളങ്ങളിൽ അടച്ചിരിക്കുകയാണ് ഇന്ന് ലോകം മുഴുവൻ അതുകൊണ്ട് തന്നെ ശബ്ദകോലാഹങ്ങൾ കൊണ്ടും മലിനമായ അന്തരീക്ഷം ശുദ്ധമായിക്കൊണ്ടിരിക്കുന്നു. ഫാക്ടറികളിൽ നിന്നൊഴുകിയെത്തിയിരുന്ന മലിനജലവും അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന പാഴ്വസ്തുക്കുളും കൊണ്ട് വിഷവാഹിനികളായിരുന്ന നമ്മുടെ നദികൾ മാലിന്യമുക്തമാകുന്നു. പക്ഷികളുടെ കളകാരവം നമ്മുടെ പ്രഭാതങ്ങളെ മനോഹരമാക്കുന്നു.

മാനസികമായ അകലം കുറയ്ക്കാൻ ഈ മഹാമാരിക്കു സാധിച്ചു എന്നു പറയാതെ വയ്യ. തിരക്കുകളിൽ നിന്നകന്ന് ശാന്തമായിരിക്കുമ്പോൾ മനസ്സിൽ സ്നേഹത്തിന്റേയും അലിവിന്റെയും ഭൂതകാലനന്മകൾ ഉയിരെടുക്കുന്നു. ഒരു വീട്ടിൽ തന്നെ പരസ്പരം കാണാനും സംസാരിക്കാനും സമയമില്ലാതെ കഴിഞ്ഞിരുന്ന, ജോലിയുടെ ഷിഫ്റ്റുകൾക്കനുസരിച്ച് ജീവിതത്തെ തന്നെ ക്രമീകരിച്ച ആളുകൾ ഇന്ന് മുഴുവൻ സമയവും വീടിനുള്ളിൽ ചെലവഴിക്കുന്നു. അറ്റുപോയ ബന്ധങ്ങളുടെ കണ്ണികൾ വിളക്കിച്ചേർക്കപ്പെടുന്നു. അവധിക്കാലങ്ങളിൽ പോലും ട്യൂഷനും ഡാൻസ് -മ്യൂസിക്ക് -ചിത്രകലാ ക്ലാസുകളും ശ്വാസം മുട്ടിച്ചിരുന്ന നമ്മുടെ കുട്ടികൾ സ്വതന്ത്രരായിരിക്കുന്നു. ക്ലബുകളിലും ബാറുകളിലും കറങ്ങി നടന്നവരും ഇന്ന് കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നു. കുടുംബ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകുന്നു. കുടുംബം വേണ്ട, വിവാഹം വേണ്ട എന്നൊക്കെ പറയുന്നവർ കുടുംബബന്ധങ്ങളുടെ കരുതലിന്റെ പൊരുളറിയുന്നു .

തെരുവോരങ്ങളിൽ കഴിയുന്ന ആരോരുമില്ലാത്തവരെ സംരക്ഷിക്കാനും അവർക്ക് ഭക്ഷണമൊരുക്കാനും സർക്കാരും സാമൂഹികപ്രവർത്തകരും മത്സരിക്കുന്നു. കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങളിൽ സൗജന്യമായി സഹായം ചെയ്യാൻ തയാറായി. ആളുകൾ മുന്നോട്ടുവരന്നു പ്രായമായവർക്കും പ്രത്യേകസംരക്ഷണം നൽകാനും അവർക്ക് ആവശ്യമുള്ളതെല്ലാം വീടുകളിലെത്തിച്ചു കൊടുക്കാനും തയ്യാറായി സന്നദ്ധപ്രവർത്തകർ മുന്നിട്ടിറങ്ങുന്നു. മുപ്പതിനായിരത്തിലധികം പേർ ഇതിനു തയാറായി രജിസ്ട്രേഷൻ നടത്തി കഴിഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ലാളിത്യം കൈവന്നു എന്നതാണ് ഈ കൊറോണക്കാലത്തിന്റെ എടുത്ത് പറയേണ്ട മറ്റൊരു നേട്ടം.

വിവാഹം മുതൽ മൃതസംസ്ക്കാരം വരെ പണക്കൊഴുപ്പിന്റെയും ആർഭാടത്തിന്റെയും വേദികളാക്കിയിരുന്ന ഇന്നലെകൾ മറഞ്ഞു കഴിഞ്ഞു. എത്ര ലളിതമായി ഈ ചടങ്ങുകളെല്ലാം നടത്താമെന്ന് അനുഭവം നമ്മെ പഠിപ്പിച്ചു. ആഡംബരങ്ങളോടും ആൾക്കൂട്ടത്തോടും അപകടകരമായ ഭയമാണ് ഇന്ന് സമൂഹത്തിനുള്ളത് തിരുനാളുകളും ഉത്സവങ്ങളും പോലും വളരെ നീയന്ത്രിതമായി നടത്താൻ കൊറോണക്കാലം സമൂഹത്തെ നിർബന്ധിച്ചു.

ആർഷഭാരത സംസ്ക്കാരത്തിന്റെ മഹത്വം തിരച്ചറിയുന്ന കാലമാണിത്. കൂപ്പുകൈകളോടെ പരസ്പരം അഭിവാദ്യം ചെയ്യാൻ ലോകം ഇന്ന് പഠിച്ചിരിക്കുന്നു. ചുംബനസമരങ്ങൾ പോലെയുള്ള തോന്ന്യാസങ്ങൾ നടത്താൻ ഉടനെ ഒന്നും ഇനിയാരും ധൈര്യപ്പെടുകയില്ല. പാശ്ചാത്യശൈലികളോടുള്ള മലയാളികളുടെ ഭ്രമത്തിന് അറുതി വന്നിരിക്കുന്നു. പണത്തെക്കാൾ വലുതായി മറ്റു പലതുമുണ്ടെന്നും ബാങ്ക് ബാലൻസിന്റെ കനമല്ല ഒരുവനെ ഭാഗ്യവാനാക്കുന്നതെന്നും ഈ കാലഘട്ടം നമ്മെ പഠിപ്പിക്കുന്നു.

ആരോഗ്യ മേഖലയിലുംഅത്ഭുതകരമായ മാറ്റമാണുണ്ടായിരിക്കുന്നത്. മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലെ തിക്കും തിരക്കും അവസാനിച്ചിരിക്കുന്നു. നമ്മുടെയൊക്കെ രോഗങ്ങൾ മാനസികമായിരുന്നോ എന്നൊരു സംശയം തോന്നിപ്പോകുന്നു. ബ്യൂട്ടി പാർലറുകളും ടെക്സ്ടൈൽ ഷോപ്പുകളും ജുവലറികളും അടഞ്ഞു കിടക്കുമ്പോഴും ജീവിതം കുറവൊന്നും കൂടാതെ മുന്നോട്ടുപ്പോകുന്നു മദ്യപാനികളും മര്യാദക്കാരായിരിക്കുന്നു. കുറ്റകൃത്യങ്ങളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിരിക്കുന്നു.

നന്മയുടെ നേർച്ചിത്രങ്ങളാണ് മാധ്യമങ്ങളിൽ ഇന്ന് നിറയുന്നത് സ്വന്തം സുഖങ്ങളും ആഗ്രഹങ്ങളും സമുഹത്തിന്റെ നന്മയ്ക്കായി ബലികഴിക്കാൻ തയാറാകുന്ന സുമനസുകളാണ് ഇന്നത്തെ വീരനായകന്മാർ. മാധ്യമധർമ്മം കൃത്യമായി പാലിക്കാൻ മുഖ്യധാരമാധ്യമങ്ങൾ ശ്രദ്ധ വയ്ക്കുന്നു. സ്വന്തം മരണം മുന്നിൽ കാണുമ്പോഴും മരണമുഖത്തുനിന്നു അനേകരേ രക്ഷിക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്ന ആരോഗ്യ പ്രവർത്തകരും രോഗവ്യാപനം തടയുന്നതിനായി ജനങ്ങളെ ബോധവൽക്കരിക്കുന്ന പോലീസ് സേനയുമാണ് ഈ കൊറോണ കാലത്തെ മിന്നും താരങ്ങൾ.

ഈ ലോക്ക്ഡൗൺ കാലത്ത് പഠിച്ച പാഠങ്ങൾ, മനസ്സിലാക്കിയ സത്യങ്ങൾ മറക്കാതിരിക്കുക. എന്തിലും ഏതിലും നന്മ കണ്ടെത്താൻ ശ്രമിക്കുക. ശുഭാപ്തിവിശ്വാസത്തോടെ മുന്നേറുക നന്മകൾ നിരവധിയാണ്. കൊറോണക്കാലത്തിനു ശേഷവും ഈ നന്മകൾ കൈമോശം വരാതിരിക്കാൻ ജാഗ്രതപാലിക്കാം.


ജോർജി ആന്റണി പയസ്
9A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
മുവാറ്റുപുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം