എം.വി.എച്ച്.എസ്.എസ്. അരുമാനൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ
റ്റീന ജനിച്ചു വളർന്നത് കോട്ടയത്തെ കാഞ്ഞിരപ്പള്ളി എന്ന സ്ഥലത്താണ്. ദാരിദ്ര്യത്തിലൂടെയാണ് അവൾവളർന്നത്. കല്യാണം കഴിഞ്ഞ റ്റീന ഇന്ന് രണ്ട് ആൺകുട്ടികളുടെ അമ്മയാണ്. കുടുംബം ദാരിദ്ര്യത്തിന്റെ നടുവിലൂടെ കടന്നു പോകുമ്പോഴാണ് നഴ്സിംഗ് പഠിച്ച റ്റീനയ്ക്ക് അമേരിക്കയിലെ വാഷിംഗ്ടണിൽ ഒരു ഹോസ്പിറ്റലിൽ ജോലിയുടെ ഒരു ഓഫർ വന്നത്. ഒന്നും നോക്കിയില്ല. അവൾ അമേരിക്കയ്ക്ക് പോയി. നീണ്ട പത്തു വർഷക്കാലം റ്റീന ആ ആശുപത്രിയിൽ ജോലി ചെയ്തു. പിന്നെ ന്യൂയോർക്കിലെ ഒരു ഹോസ്പിറ്റലിൽ ജോലിക്ക് എത്തി. അഞ്ചു വർഷം കഴിഞ്ഞു റ്റീന അവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട്.
മാർച്ച് 4 ന് ഡോക്ടർമാർക്കും നേഷ്സുമാർക്കുമായി അധികൃതർ ബോധവത്കരണം നടത്തി. അതിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് കൊറോണ ബാധിച്ചിരുന്നു. അയാളുമായി റ്റീന ലിഫ്റ്റിൽ സഞ്ചരിച്ചിരുന്നു.ബോധവത്കരണം കഴിഞ്ഞ് ഏഴാം ദിവസം സഹപ്രവർത്തകന് കൊറോണ സ്ഥിരീകരിച്ചു. റ്റീന അതിലൊന്നും ശ്രദ്ധിക്കാതെ സ്വന്തം ജോലിയിൽ മുഴുകിയിരുന്നു.
സഹപ്രവർത്തകന് കൊറോണ സ്ഥിരീകരിച്ചതിന്റെ അടുത്ത ദിവസം രാവിലെ എവുന്നേറ്റപ്പോൾ റ്റീനയ്ക്ക് കടുത്ത തലവേദന ആരംഭിച്ചു. പിന്നാലെ പനിയും ഛർദ്ദിയും തുടങ്ങി. ഓരോ മണിക്കൂറുകൾ പിന്നിടുമ്പോഴും പനി കൂടി കൂടി വന്നു. ഒടുവിൽ ആ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന പനിക്ക് പാരസെറ്റമോൾ കഴിച്ച് അവൾ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു. എന്നാൽ അത് ഫലം കണ്ടില്ല. ക്രമേണ ഛർദ്ദി അസഹനീയമാവുകയും ചുമ കൂടുകയും ചെയ്തു. ശ്വാസോച്ഛാദനത്തിനു ബുദ്ധിമുട്ടായപ്പോൾ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേയ്ക്കു മാറ്റി.പിന്നീട് നില അതീവ ഗുരുതരമായി. കൊറോണ ബാധയോടൊപ്പം ന്യുമോണിയയും ബാധിച്ചതോടെ നിലകൂടുതൽ വഷളായി.
അവളുടെ ഓർമ മാഞ്ഞുതുടങ്ങി. ശ്വാസം കിട്ടാതെ റ്റീന വളരെ വിഷമിച്ചു. അറിയാത്ത നാട്ടിൽ അവൾ ഒറ്റയ്ക്കായി. ഡോക്ടർമാർ അവളുടെ ജീവൻ രക്ഷിക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ചു. എപ്പോഴോ അവൾക്കു ബോധം വന്നപ്പോൾ ആറേഴു ആൾക്കാർ അവളെ സ്ട്രച്ചറിൽ കിടത്തി ഓടുകയാണ്. ദേഹമാസകലം കുഴലുകൾ ഘടിപ്പിച്ചിരിക്കുന്നു. അതിനിടെ അവർ പല പേപ്പറുകളിലും ഒപ്പിടുവിച്ചു. അരികിൽ മരണത്തെ കണ്ട അവൾ നിർവ്വികാരതയോടെ കിടന്നു. അവൾ എല്ലാം ദൈവത്തിൽ സമർപ്പിച്ചു. രക്തസമ്മർദ്ദം നിയന്ത്രണം വിടുമ്പോൾ മോണിറ്ററിൽ ചുവപ്പു ലൈറ്റ് കത്തുന്നത് അവൾ കണ്ടു. ചുറ്റിലുമുള്ള ഡോക്ടർമാരിലും നഴ്സുമാരിലും അവൾ ദൈവത്തെ കണ്ടു. വേദന കൊണ്ടവൾ പുളഞ്ഞു. ദിവസങ്ങൾ കടന്നുപോയി. ആർക്കും തീരെ പ്രതീക്ഷ അവളുടെ കാര്യത്തിൽ ഇല്ലായിരുന്നു. എന്നാൽ അത്ഭുതമെന്നു പറയട്ടെ, ഒരാഴ്ചയ്ക്കു ശേഷം അവളുടെ ശരീരം മരുന്നുകളോട് പ്രതികരിച്ചുതുടങ്ങി. ചില്ലുകൂടിനു പുറത്തെ കണ്ണുകളിൽ ആശ്വാസം തെളിയുന്നത് അവൾക്കു കാണാനായി. മരണം മെല്ലെ അകന്നു പോകന്നതവളറിഞ്ഞു.
ഡോക്ടർമാരും നേഷ്സുമാരും അവൾക്കരികിൽ വന്നു. അവർ അവളെ തലോടി. അവൾക്കായി പാട്ടുകൾ പാടി. ആ സാന്ത്വനത്തിന്റെ അലകൾ അവളെ മെല്ലെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നു.
അഞ്ജലി. എം.എസ്
|
9 A എം.വി. ഹയർ സെക്കന്ററി സ്കൂൾ, അരുമാനൂർ നെയ്യാറ്റിൻകര ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |