ജി. എൽ. പി. എസ്. ചെപ്ര/അക്ഷരവൃക്ഷം/അച്ചുവിന്റെ യാത്ര
അച്ചുവിന്റെ യാത്ര
കൂട്ടുകാർക്കും അധ്യാപികക്കുമൊപ്പം വിനോദയാത്ര പോകുകയായിരുന്നു അച്ചു. കാഴ്ചകൾ കണ്ടുകൊണ്ടിരുന്നപ്പോൾ ബസ് ഒരിടത്തു നിർത്തി. ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നു അത്. എല്ലാവരും അവരവരുടെ ഭക്ഷണം കൈയിൽ കരുതിയിരുന്നു. ബസിൽ നിന്നും അവർ ഇറങ്ങി. സഹിക്കാൻ പറ്റാത്ത ദുർഗന്ധം. അച്ചു മുക്ക് പൊത്തിപിടിച്ചു. മാലിന്യങ്ങളുടെ ഒരു കൂമ്പാരം. വീണ്ടും വീണ്ടും മാലിന്യങ്ങൾ കൊണ്ട് തള്ളുന്ന ആളുകൾ. ആ കാഴ്ച കണ്ട് അച്ചു ഞെട്ടി. വീടിനു പുറകിൽ എടുത്തിട്ടുള്ള കുഴിയിൽ മാത്രം മാലിന്യം നിക്ഷേപിക്കുന്ന അമ്മയെ അവൻ ഓർത്തു. ഈ മാലിന്യങ്ങൾ കാരണം നമുക്ക് രോഗങ്ങൾ വരില്ലേ ടീച്ചറെ....? അച്ചു ചോദിച്ചു. അച്ചുവിന്റെ മുഖത്തെ ഭയം ടീച്ചർ കണ്ടു. അച്ചുവിനെയും മറ്റു കുട്ടികളെയും കൂട്ടി അങ്ങകലെ മാറിയിരുന്നു അവർ കഴിക്കാൻ തുടങ്ങി. കഴിച്ചുകൊണ്ടിരിക്കവേ മാലിന്യങ്ങൾ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ടീച്ചർ പറഞ്ഞു. നമ്മളാരും ഇനി മാലിന്യങ്ങൾ വലിച്ചെറിയരുത് കേട്ടോ എന്നും പറഞ്ഞ് ടീച്ചർ നിർത്തി. അച്ചു ഒരു പേപ്പറിൽ 'ഇവിടെ മാലിന്യം ഇടരുത്' എന്നെഴുതി ചോറു കൊണ്ട് അവിടെ ചുമരിൽ ഒട്ടിച്ചു. ടീച്ചർക്ക് അഭിമാനം തോന്നി. ബസിൽ കയറാൻ തുടങ്ങവേ കവറിൽ കെട്ടിയ മാലിന്യം ആ ചുമരിൽ പതിച്ചു. അച്ചു എഴുതിയ പേപ്പർ ആ മാലിന്യത്തിനൊപ്പം താഴേക്കു വീണു. അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു ഒപ്പം ടീച്ചറുടെയും. അച്ചുവിന് ഒരിക്കലും മറക്കാൻ പറ്റാത്ത യാത്ര ആയിരുന്നു അന്നത്തേത്..
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |