സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/അവരും നമ്മുടേതാണ്
അവരും നമ്മുടേതാണ്
എന്നത്തയും പോലുള്ള ധൃതി പിടിച്ചുള്ള ഓട്ടം ഇനി മനുവിനില്ല. അല്ലെങ്കിൽ കാലത്ത് 7.00 മണിക്ക് ഷോപ്പിൽ എത്തേണ്ടതാണ്. ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ് മനു എന്ന ചെറുപ്പക്കാരൻ ഗൾഫിൽ എത്തിയത്. ഗൾഫിലുള്ള ഒരു മൊബൈൽ ഷോപ്പിലാണ് ജോലി. വളരെ തുച്ഛമാണ് ശമ്പളമെങ്കിലും തന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങൾക്കായി അവൻ ആ പണം മാറ്റിവയ്ക്കും. നാട്ടിൽ മനുവിന് ഒരു കൊച്ചു കുടുംബമുണ്ട്. അവനും അച്ഛനും പിന്നെ രണ്ടു പെങ്ങന്മാരും. അമ്മ മനുവിന്റെ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു. പെങ്ങന്മാരെ കെട്ടിച്ചുവിടാൻ പണം ആവശ്യമുണ്ട്. കള്ളുകുടിയനായ അച്ഛൻ അതിനുവേണ്ടി സമ്പാദിച്ചു വച്ചിട്ടില്ല. ഇത്തരം ആവശ്യങ്ങൾക്കായിട്ടാണ് അവൻ ഗൾഫിലേക്ക് പോയത്. എന്നാൽ തന്റെ സ്വപ്നങ്ങൾ നടക്കുമോയെന്ന് അവനറിയില്ല. ഇന്ന് ലോകം തന്നെ കോവിഡ് 19 എന്ന ഭീതിയുടെ മുൾമുനയിൽ നിൽക്കുന്നു. എല്ലാ സ്ഥാപനങ്ങളും കടകളും അടച്ചിട്ടിരിക്കുന്നു. പത്തു പേരടങ്ങുന്ന ഒരു കുടുസ്സു മുറിയിൽ മനുവും അടച്ചിട്ടിരിക്കുന്നു. പ്രവാസികളെ സ്വന്തം നാടുകളിലേക്ക് അയയ്ക്കാൻ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഈ സാഹചര്യത്തിൽ അതു സാധ്യമല്ല. നാട്ടിൽ തിരിച്ചെത്തിയാൽ തിരികെ പോകുവാൻ കഴിയുമോ എന്നറിയില്ല. ഈ അവസ്ഥയിൽ സ്വപ്നങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്നൊക്കെയാണ് മനുവിന്റെ ആശങ്ക. മനുവിനെപ്പോലെ ഒട്ടനേകം പേർ ഈ ലോകത്തിലുണ്ട്. ഒരുപാട് സ്വപ്നങ്ങളുമായി അന്യനാട്ടിൽ തൊഴിൽ ചെയ്യുന്നവർ. അവരുടെ സ്വപ്നങ്ങൾ പാതിവഴിയിൽ വീഴരുതെന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.
|