സി.എ.എച്ച്.എസ്സ്.ആയക്കാട്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ
ലോക്ക് ഡൌൺ
നല്ല പച്ചനിറവും ചുവന്നു തുടുത്ത കൊക്കുമുള്ള തത്തയെ പറമ്പിൽ കണ്ടപ്പോഴാണ് മനസ്സിൽ വല്ലാത്ത കൗതുകം തോന്നിയത്. പണ്ട് സീതക്കു പൊന്മാനിനോട് തോന്നിയ അതെ കൗതുകം. സീത രാമനോട് ആവശ്യപ്പെട്ടതുപോലെ , ഞാൻ പപ്പയോട് കെഞ്ചി . ഒരു കൂടിൽ തത്തയെ ഇട്ടു ഉമ്മറത്ത് തൂക്കിയിട്ടാൽ നല്ല രസമായിരിക്കും. പപ്പാ വൈകീട്ട് ടൗണിൽ പോയപ്പോൾ ഒരു തത്തയെ വാങ്ങി കൊണ്ടുവന്നു. ഭംഗിയുള്ള കൂടിനകത്തു തത്ത കടിച്ചു തൂങ്ങി നടന്നു കൊണ്ടേ ഇരുന്നു. ഇടയ്ക്കു ഇടയ്ക്കു അത് പതിയെ കുറുകും. 'അമ്മ പറഞ്ഞു അത് തന്റെ കൂട്ടുകാരെ വിളിക്കുകയാണെന്ന്. പക്ഷെ എനിക്ക് സന്തോഷമായി. ചുവന്ന കൊക്കും ചുവന്ന കഴുത്തിലെ വട്ടവും എത്ര നോക്കിയാലും മതി വരില്ല. ഞാൻ അതിനെ അമ്മു എന്ന് നീട്ടി വിളിച്ചു. പക്ഷെ ഞാൻ മുഖം കൂട്ടിനടുത്തു കൊണ്ട് വരുമ്പോഴൊക്കെ അത് പേടിച്ചു മാറി ഒതുങ്ങി ഇരിക്കും. മിക്ക സമയങ്ങളിലും അത് ദൂരെ നോക്കി ഉച്ചത്തിൽ കരഞ്ഞു, അക്ഷമയോടെ കൂടിനു ചുറ്റും നടന്നു. അതിന്റെ ഓരോ ചലനങ്ങളും എന്ത് രസമാണ്. ഞാൻ സമയം പോകുന്നത് പലപ്പോഴും അറിഞ്ഞില്ല. അങ്ങനെ ഇരിക്കെയാണ്, പൊടുന്നനെ സ്കൂളെല്ലാം അടച്ചത്. സ്കൂൾ മാത്രമല്ല , സർവ്വതും. കോവിഡ് എന്ന ഒരു പുതിയ രോഗം ലോകമാകെ പരക്കുന്നുണ്ടത്രേ. ഇന്നേക്ക് പത്തു ദിവസമായി , എന്റെ കൂട്ടുകാരെ കണ്ടിട്ട് . വീടിന്റെ ഉള്ളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പപ്പാ പറഞ്ഞിട്ടുണ്ട്, കളിയില്ല, ചിരിയില്ല , ആരോടും സംസാരിക്കാനില്ല, പപ്പയെപ്പോഴും ടീവി കാണലാണ്. അമ്മയാണെങ്കിൽ എപ്പോഴും അടുക്കളയിലുമാണ്. വല്ലാത്ത വിഷമവും വീർപ്പുമുട്ടലും തോന്നുന്നു. അപ്പോഴാണ്, കൂട്ടിൽ അക്ഷമയോടെ കടിച്ചു തൂങ്ങി നടക്കുന്ന അമ്മുവിനെ ശ്രദ്ധിച്ചത്. ഇടയ്ക്കു അമ്മു ദൂരെ നോക്കി കരയുന്നതും കൂട്ടുകാരെ ഓർത്തല്ലേ . എന്റെ അതെ വിഷമമല്ലേ അമ്മുവിനും. പാവം .... വരാന്തയിലെ തിണ്ണയിൽ കേറി നിന്ന് ഞാൻ ആ കൂട് എടുത്തു. കൂട് വല്ലാതെ ഉലഞ്ഞപ്പോൾ അമ്മു ഉച്ചത്തിൽ കരഞ്ഞു. ഞാൻ അമ്മുവിനെ നോക്കി. ആ കണ്ണിൽ ഭയം കാണാം. ഞാൻ കൂടിന്റെ വാതിൽ പതുക്കെ തുറന്ന് അമ്മുവിനെ പുറത്തെടുത്തു. വിരലുകൾ പതുക്കെ അയച്ച മാത്രയിൽ, അവൾ ശക്ത്തിയായി മുന്നോട്ടു പറന്നു. തുറന്ന പ്രകൃതിയിലേക്ക് ഉയർന്നു പൊങ്ങിയപ്പോൾ , അവൾ ഉച്ചത്തിൽ കരഞ്ഞു. അവളുടെ ആഹ്ലാദത്തിമിർപ്പ് എനിക്ക് മനസ്സിലാവുന്നുണ്ട്. കൊറോണ അവർക്കില്ലല്ലോ......
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |