പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/The Dreadful Killer

20:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു ആത്മകഥ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ആത്മകഥ

ഞാൻ കുറുണി. ഇഷ്ടമുള്ളവർ എന്നെ കുറുണി, കൊച്ചു കുറുണി എന്നൊക്കെ വിളിക്കും. എന്നെ കുറിച്ച് കൂടുതൽ ഒന്നും പറയേണ്ട കാര്യമില്ല. ഇപ്പോൾ ലോകം മുഴുവൻ എന്നെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. നിങ്ങൾ വിചാരിക്കുന്നത് പോലെ ഞാൻ ഭീകരൻ ഒന്നും അല്ല. ഞാൻ ഒരു സാധുവാണ്. എന്നെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാട് പുറകോട്ടു പോകണം. ഏകദേശം 500 വർഷത്തിന് മുൻപ് ഞാനുണ്ട്. പല പേരിലും ഞാൻ മനുഷ്യന്റെ ഇടയിൽ വന്നിട്ടുണ്ട്. പ്ലേഗായും ഫ്ലൂ ആയും നിപ്പയായും നിങ്ങളുടെ ഇടയിൽ ഞാൻ വന്നിട്ടുണ്ട്. വന്നിട്ടുണ്ടെന്ന് പറഞ്ഞാൽ, ഞാൻ വന്നതല്ല, നിങ്ങൾ എന്നെ ക്ഷണിച്ചു വരുത്തിയതാണ്. എന്നാൽ ഞാനൊരു സാധുവാണ്. സോപ്പുവെള്ളം എനിക്ക് പേടിയാണ്. ചൂടുവെള്ളം എനിക്ക് പേടിയാണ്. മനുഷ്യന്റെ കയ്യിലിരിപ്പ് കൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ ഇത്രയും ചർച്ചാവിഷയം ആയത്. ഞാൻ സാധു എന്ന് പറഞ്ഞത് സത്യമായ കാര്യമാണ്.

എനിക്ക് ഈ ഭൂമിയിൽ ഏതെങ്കിലും ഒരു ശരീരത്തിൽ മാത്രമേ ജീവിക്കാനും പെറ്റുപെരുകാനും സാധിക്കുകയുള്ളൂ. മനുഷ്യശരീരത്തിൽ വന്നപ്പോഴെല്ലാം എനിക്ക് ജീവിക്കാൻ അഭയം തരുന്ന മനുഷ്യന്റെ ജീവൻ ഒരുപാട് എനിക്ക് അപഹരിക്കേണ്ടി വന്നു. അത് മനസ്സിലാക്കി ഞാൻ സാധു ജീവികളായ എലി, കോഴി, ഇവയുടെ ശരീരത്തിൽ ജീവിതം ആരംഭിച്ചു. പക്ഷേ മനുഷ്യർ എലികളെ ചുട്ടു തിന്നാൻ തുടങ്ങി, കോഴികളെ പൊരിച്ചും കരിച്ചും പാതി വേവിച്ചും ഒക്കെ കഴിക്കാൻ തുടങ്ങി. മറ്റ് ഒരുപാട് ആഹാരം കഴിക്കാൻ ഉണ്ടായിട്ടും മനുഷ്യന്റെ അഹങ്കാരം എന്നല്ലാതെ എന്തു പറയാൻ. പിന്നെ ഞാൻ മറ്റ് ജീവികളുടെ ശരീരത്തിലേക്ക് താമസം മാറ്റി. വവ്വാൽ, പാമ്പ് എന്നിവയെ നിങ്ങൾ കഴിക്കില്ല എന്ന് കരുതി. എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് അവയെയും മനുഷ്യൻ പച്ചയ്ക്കും പഴുപ്പിച്ചും വേവിച്ചും പൊരിച്ചും ഒക്കെ കഴിക്കാൻ തുടങ്ങി. ഞാൻ വീണ്ടും മറ്റു ജീവികളെ തേടിപ്പോയി. കാരണം എനിക്ക് ജീവിക്കണമല്ലോ. ഒരുപാട് അലഞ്ഞ ഞാൻ അവസാനം ഈനാംപേച്ചിയുടെ ശരീരത്തിൽ വളരെ സന്തോഷത്തോടെ ജീവിച്ച് വരികയായിരുന്നു. ഒരുപാട് സന്തോഷത്തോടെ എന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു... അപ്പോഴാണ് മനുഷ്യൻ എന്റെ പ്രതീക്ഷ തെറ്റിച്ചത്. ആ സാധുജീവിയെയും കൊന്നു തിന്നാൻ തുടങ്ങി. വീണ്ടും എനിക്ക് മനുഷ്യന്റെ ശരീരത്തിലേക്ക് വരേണ്ടി വന്നു.

മനുഷ്യശരീരത്തിൽ എനിക്ക് പെറ്റുപെരുകാൻ വളരെ വേഗം സാധിക്കും. മറ്റു ജീവികളുടെ ശരീരത്തിലേക്കാളും ആയിരം ഇരട്ടി വേഗത്തിൽ എനിക്ക് പെറ്റു പെരുകാം. അത്രയ്ക്ക് കൊഴുപ്പു നിറഞ്ഞ മൃദുവായ ശരീരമാണ് മനുഷ്യന്റേത്. അതു പോലെ തന്നെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കാൻ എനിക്ക് ഒരു പ്രയാസവുമില്ല. മനുഷ്യൻ തന്നെ എനിക്ക് മറ്റൊരാളിൽ വ്യാപിക്കാൻ എല്ലാ സൗകര്യവും ഒരുക്കി തന്നിട്ടുണ്ട്. എന്റെ സാന്നിധ്യത്തിൽ മനുഷ്യന് ചെറിയ പനിയും ചുമയും തുമ്മലും ഒക്കെ ഉണ്ടാകും. പക്ഷേ എനിക്ക് അതിൽ ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ ഞാൻ അധികമായി ഒരാളുടെ ശ്വാസകോശത്തിൽ പെറ്റ് പെരുകുമ്പോൾ ആ പാവത്തിന് ശ്വാസതടസ്സം വന്ന് മരിച്ചു പോകും. ജോലി ചെയ്യാൻ മടി ഉള്ളവരും, കൊഴുപ്പു കൂടിയ ആഹാരം കഴിക്കുന്നവരും ആയതു കൊണ്ട് എനിക്ക് മനുഷ്യനെ പെട്ടെന്ന് കീഴ്പ്പെടുത്താൻ കഴിയും. സോപ്പ് വെള്ളത്തിൽ കൈ കഴുകിയാൽ, മാസ്ക് ധരിച്ചാൽ, ഗ്ലൗസ്, വ്യക്തി ശുചിത്വം, ചൂട് വെള്ളം കുടിച്ചാൽ, വെള്ളം ചൂടാക്കി ആവി പിടിച്ചാൽ ഒക്കെ തീരാവുന്ന പ്രശ്നമേ ഉള്ളൂ. പ്രതിരോധശേഷി ഇല്ലാത്ത ആൾക്കാരെ എനിക്ക് പേടിയാ.. കാരണം, എന്റെ അതിജീവനത്തിൽ ആ പാവം മരിച്ചു പോകും. അതിനോടൊപ്പം എന്റെ കുറെ ആൾക്കാരും ഇല്ലാതാവും.

ഒരു സാധു ജീവിയുടെ ശരീരത്തിൽ ധൈര്യമായി ജീവിച്ച എന്നെ സ്വയം ശരീരത്തിൽ വഹിച്ചിട്ടു ഇപ്പോൾ ഞാനാണ് തെറ്റുകാരൻ. എന്റെ പേര് പോലും മാറ്റിക്കളഞ്ഞു. 'കൊച്ചു കുറുണി' എന്ന ഞാൻ ഇപ്പോൾ 'കോവിഡ്’. പോരെങ്കിൽ ഒരു നമ്പറും കൂടി ഇട്ടിരിക്കുന്നു, 'കോവിഡ് - 19’...

ഐശ്വര്യ പി.എസ്.
9 എ പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ