ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/അകലങ്ങളിൽ നിന്ന്
അകലങ്ങളിൽ നിന്ന്
'അച്ഛാ' എന്താ ഈ കൊറോണാന്ന് വെച്ചാ ?? അത് എങ്ങനെയാ ഇരിക്കുന്നേ?? നമ്മുടെ ഈ അസുഖം എപ്പോഴാ മാറുന്നേ ? "ഞാൻ എപ്പോഴാ എന്റെ അമ്മയെ കാണുന്നെ ? അമ്മയെ കാണാൻ അമ്മൂന് കൊതിയാവുന്നച്ഛ ". തൊടുത്തുവിട്ട ശരം പോലെയുള്ള അവളുടെ ചോദ്യങ്ങൾ കേട്ട് അടുത്ത കട്ടിലിൽ അസുഖബാധിതനായി വിശ്രമിച്ചു കൊണ്ടിരുന്ന അവളുടെ അച്ഛൻ നെടുവീർപ്പിട്ടു. അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അച്ഛൻ ഒന്ന് പകച്ചു പോയെങ്കിലും ചോദ്യത്തിന് മറുപടി ലഭിച്ചില്ലെങ്കിൽ ശാഠ്യം പിടിക്കുന്ന മകളുടെ സ്വഭാവം അറിയാവുന്ന അദ്ദേഹം ഉത്തരം പറയാൻ ഒരുങ്ങി. 'മോളേ കൊറോണ ഒരു വൈറസാണ് 'ഒട്ടും വൈകാതെ അമ്മുവിന്റെ ചോദ്യം 'വൈറസോ അതെന്താ അച്ഛാ '??!! അച്ഛൻ വീണ്ടും കുഴങ്ങി .അത് വളരെ ചെറിയ ഒരു അണുവാണ് അത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരും നമ്മൾ ഇന്നലെ ഇങ്ങോട്ട് വന്നതല്ലേ ഉള്ളൂ ഇപ്പോൾ നമ്മൾ അമ്മയെ കണ്ടാൽ അമ്മയ്ക്കും അത് പകരും. അത് അമ്മൂന് വിഷമമല്ലേ. അതുകൊണ്ട് അസുഖമെല്ലാം മാറിയിട്ട് നമുക്ക് അമ്മയെ കാണാം. അച്ഛന്റെ വാക്കുകളിൽ തൽക്കാലം അവൾ ആശ്വാസം കണ്ടെത്തിയെങ്കിലും. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവളിലെ പിടിവാശി വീണ്ടും ഉണർന്നു. അമ്മയെ കാണണം കണ്ടേ മതിയാകൂ. അതിനിടയിൽ അവരുടെ രക്തസാമ്പിളുകളുടെ പരിശോധനാഫലം വന്നു. നെഗറ്റീവ് ആയിരുന്നു. അവരുടെ മനസ്സിന് കുളിർമയായി എങ്കിലും രണ്ടാഴ്ച കൂടി നിരീക്ഷണത്തിൽ കഴിയണം. അമ്മയെ കാണണം എന്ന് അവളുടെ പിടിവാശി മുറുകിയപ്പോൾ അവളുടെ ആവശ്യം വേദനയോടെ അച്ഛൻ ഡോക്ടർമാരുമായി പങ്കുവെച്ചു അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും അവൾ വഴങ്ങിയില്ല രോഗംമാറുന്നതിനു രോഗിയുടെ മനസ്സ് ശാന്തമാവേണ്ടതുണ്ട് അതുകൊണ്ടുതന്നെ ആറുവയസ്സുകാരിയുടെ പിടിവാശിക്ക് മുന്നിൽ ഡോക്ടർമാരും ആശുപത്രി അധികൃതരും ഒരു തീരുമാനമെടുത്തു നൂറുമീറ്റർ അകലെ നിന്ന് കുട്ടി അമ്മയെ കാണും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്. അങ്ങനെ ആ ദിവസം വന്നെത്തി രണ്ടാം നിലയിലെ ജനാലയ്ക്കരികിൽ കുഞ്ഞിന്റെ അമ്മയെ കാണാനായി ഇരിപ്പായി അവരിരുവരും .'അതാ നോക്കു അച്ഛാ അമ്മ വന്നു'. മൃദുലമായ സ്വരത്തിൽ അവൾ പറഞ്ഞു. അങ്ങ് ദൂരങ്ങളിൽ നിന്നുകൊണ്ട് അമ്മയും മകളും പരസ്പരം കണ്ടു മകളെ എടുത്തു ലാളിക്കാൻ കൊതിക്കുന്ന അമ്മയുടെ വെമ്പൽ അവരുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. അമ്മയെ കണ്ടപ്പോൾ എല്ലാം മറന്ന് ആ കുഞ്ഞ് കൈകൾ അമ്മയൊന്ന് എടുക്കുവാൻ വേണ്ടി കൊതിച്ചു ഉയർന്നുവന്നു .പ്രതികരിക്കാൻ കഴിയാതെ ആ അമ്മ നിസംഗയായി തിരിഞ്ഞുനടന്നു. പിന്നിൽ നിന്നുള്ള ശബ്ദങ്ങൾ ഒന്നും അവൾ ശ്രദ്ധ കൊടുത്തില്ല സ്വന്തം മനശാന്തിക്കുവേണ്ടി തന്നെ.
|