സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
പച്ചക്കുട പിടിച്ചു നിൽക്കുന്ന വനങ്ങൾ പ്രകൃതിയുടെ ശ്വാസകോശങ്ങളാണ്. ശുദ്ധവായു നൽകുന്നതിനോടൊപ്പം മഴയുടെ ദാതാക്കളുമാണ് അവർ. വനങ്ങൾ സംരക്ഷിക്കപ്പെടുക തന്നെ വേണം.നദികൾ നാടിന്റെ ജീവനാഡികൾ. ജീവരക‍്തവും പേറി ഒഴുകുന്ന അവയെ നാം സംരക്ഷിക്കണം. നദികളിലെ മണൽ വാരി കരിഞ്ചന്തയിൽ വിറ്റ് നദികളെ മാരകമായ അർബുദ രോഗത്തിന് അടിമകളാക്കുന്നു. ദാഹജലത്തിനും പ്രാണവായുവിനുമായി നാം നെട്ടോട്ടം ഓടേണ്ട ഒരു കാലം വിദൂരമല്ല. വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിൽ ഉയർന്നുവന്ന പല ഫാക‍്ടറികളും മാരക വിഷാംശം കലർന്ന പദാർത്ഥങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുകയും തത്‍ഫലമായി ഭൂമിയുടെ സ്വാഭാവിക രക്ഷാകവചമായ അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ വിള്ളൽ ഏൽക്കുകയും ചെയ്യുന്നു. സൂര്യനിൽ നിന്നും പുറപ്പെടുന്ന മാരകമായ അൾട്രാവയലറ്റ് രശ്‍മികളെ തടഞ്ഞ് നിർത്തി ഒരു കുട പോലെ പ്രവർത്തിക്കുന്ന ഓസോൺ പാളിയിലെ വിള്ളൽ അപകടകരമായ പല രശ്‍മികളെയും ഭൂമിയിലേക്ക് കടത്തിവിടുകയും ത്വക്ക് ക്യാൻസർ പോലുളള മാരക രോഗങ്ങൾ നമുക്ക് സമ്മാനിച്ച് കൊണ്ടിരിക്കുന്നു. കാട്ടുതീയിലൂടെയും അഗ്‍നിപർവത സ്‍ഫോടനങ്ങളിലൂടെയും പുറന്തള്ളപ്പെടുന്ന വിഷവാതകങ്ങൾ നമ്മുടെ അന്തരീക്ഷത്തെ കൂടുതൽ മലിനമാക്കി മാറ്റുന്നു. നമ്മുടെ വീടുകളിൽ നിത്യേന ഉപയോഗിക്കുന്ന വസ്‍തുക്കളും മറ്റു മാലിന്യങ്ങളും നാം വലിച്ചെറിയുന്നു. ഇത് കാരണം നമ്മുടെ ചുറ്റുപാടകൾ മലിനമാവുകയും വൃത്തിഹീനമാവുകയും ചെയ്യുന്നു. തൻമൂലം മാരകമായ പകർച്ചാവ്യാധികൾ പടർന്നുപിടിക്കുന്നു. അശാസ്‍ത്രീയമായ കൃഷിയും, കൃഷിരീതിയും കൂടാതെ രാസപ്രയോഗങ്ങളും മണ്ണ് മലിനപ്പെടാൻ വഴിവയ്ക്കുന്നു. രാസ പദാർത്ഥങ്ങൾ മൂലമുള്ള മലിനീകരണം വൻ വിപത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കും. അതിനാൽ അവയുടെ ഉപയോഗം പൂർണ്ണമായി അവസാനിപ്പിക്കണം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സൃഷ്‍ടിക്കപ്പെട്ട വളരെ മാരകവും അപകടകരവുമായ പ്രശ്‍നം ആണവ മാലിന്യങ്ങളുടെ സംസ്‍കരണമാണ്. ആണവ മാലിന്യങ്ങൾ സംസ്‍കരിക്കുന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമായി മാറിയിരിക്കുന്നു. ആണവ മലിനീകരണം മൂലം നമ്മുടെ വരും തലമുറയിലെ കുട്ടികൾക്ക് ജൻമനാ വൈകല്യം സംഭവിക്കുന്നു. അതുപോലെ തന്നെ ക്യാൻസർ, വന്ധ്യത എന്നിങ്ങനെ ആരോഗ്യ പ്രശ്‍നങ്ങളും കൂടുതലായി കണ്ട് വരുന്നു. ആണവ മലിനീകരണത്തിന്റെ ഉത്തമ ഉദാഹരണമായ നാഗസാക്കിയും, ഹിരോഷിമയും, ചെർണ്ണോബിലും നമ്മുടെ കൺമുന്നിലുളളപ്പോൾ ഇതിനെതിരെ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ വരും തലമുറ തന്നെ ഭൂമിയിൽ ഇല്ലാതായേക്കാം. എല്ലാ തരത്തിലുമുള്ള മലിനീകരണവും നമ്മുടെ സമൂഹത്തിന് വിപത്താണ്. അത് തടയേണ്ടത് നമ്മുടെ കടമയാണ്. ഭൂമിയുടെ അവകാശി മനുഷ്യൻ മാത്രമല്ല. അതിന്റെ ഉടമസ്ഥാവകാശം ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ ജീവജാലങ്ങൾക്കും ഉണ്ട്. നമ്മുടെ സുന്ദരമായ ഭൂമിയെ എന്നും അതേപടി നിലനിർത്താനുള്ള കടമ ഓരോ മനുഷ്യനും ഉണ്ട്. അതിനാൽ എല്ലാ തരത്തിലുള്ള മലിനീകരണവും തടഞ്ഞ് ഭൂമിയെയും അതിലെ ഓരോ ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്.
|