ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/എന്റെ അനുഭവം
എന്റെ അനുഭവം
ഒരു ദിവസം രാവിലെ എണീറ്റപ്പോൾ എന്റെ അമ്മ എന്നോടു പറഞ്ഞു,ഇന്നു മുതൽ സ്കൂൾ ഇല്ല.ഈ വർഷം പരീക്ഷയും ഇല്ല.ഇതു കേട്ടപ്പോൾ ആദ്യം സന്തോഷം തോന്നി.പിന്നെ എന്റെ അച്ചാച്ഛൻ ഫോൺ ചെയ്ത് പറഞ്ഞു എന്റെ മേമയുടെ കല്ല്യാണം ഏപ്രിൽ അഞ്ചിനു നടക്കില്ല,അത് മറ്റൊരു ദിവസത്തേക്ക് വക്കേണ്ടി വരുമെന്ന്.ഇതു കേട്ടപ്പോൾ എനിക്ക് സങ്കടം തോന്നി.അപ്പോഴാണ് ഞാൻ കാര്യങ്ങൾ അച്ഛനോട് ചോദിച്ചത് .അച്ഛൻ പറഞ്ഞു,നമ്മുടെ ലോകത്തു ഒരു വൈറസ് ബാധ വന്നിട്ടുണ്ട്.അതിന്റെ പേര് കൊവിഡ്-19 എന്നാണ്.ഇത് കൊറോണ എന്ന രോഗം പരത്തുന്നു.ശ്രദ്ധിച്ചില്ലെങ്കിൽ ഈ വൈറസ് എല്ലാ മനുഷ്യരിലേക്കും വ്യാപിക്കും.അതുകൊണ്ട് ആളുകൾ കൂടുന്ന പരിപാടികൾ ഒഴിവാക്കണം,കൂട്ടം കൂടി നിൽക്കരുത്,ആവശ്യമില്ലാതെ പുറത്തിറങ്ങരുത്,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം,കൈകൾ ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം എന്നൊക്കെ.എനിക്ക് അപ്പോഴാണ് കൊവിഡ്-19 എന്ന വൈറസിന്റെ ഗൗരവം മനസ്സിലായത്.ആദ്യമൊക്കെ കളിക്കാൻ പോവാതെ വിഷമമായിരുന്നു.ഇപ്പോൾ വീട്ടിലെ ജനൽ കമ്പികളൊക്കെ ഞാനും ചേട്ടനും അച്ഛനും കൂടിയാണ് പെയിന്റടിക്കുന്നത്.ഞങ്ങൾ ഒരു കട്ടിലും പോളിഷ് ചെയ്ത് ഭംഗിയാക്കി. അതിന്റെ പണി കഴിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. കളി മാത്രമല്ല ഇങ്ങനെയും ചെറിയ കാര്യങ്ങൾ എന്നെ കൊണ്ട് ചെയ്യാൻ പറ്റും എന്ന് ഈ കൊറോണ കാലം കാണിച്ചു തന്നു. ഇപ്പോൾ ഇടക്കിടക്ക് കയ്യും മുഖവും കഴുകൽ എനിക്ക് ശീലമായി. ഇത് എന്റെ ആരോഗ്യശീലത്തിന്റെ ഭാഗമായി മാറി.എല്ലാവരും കൈകഴുകൂ,വീട്ടിൽ തന്നെ കഴിയൂ.നമുക്കു ഈ കൊവിഡ്-19 എന്ന വൈറസിൽ നിന്ന് മുക്തരാകാം...
|