ഇനിയും എന്തിനീ ക്രൂരത
ആരോഗ്യം മനുഷ്യന്റെ സമ്പത്താണ്.രോഗത്തിനല്ല രോഗം വരാതിരിക്കാനാണ് നാം ചികിത്സിക്കേണ്ടത്.പരിസര ശുചിത്വവും, വൃത്തിയില്ലായ്മയാണ് പല രോഗങ്ങൾക്കും കാരണം.നാം വസിക്കുന്നചുറ്റുപാട് അല്ലെങ്കിൽ പരിസ്ഥിതിയെ സാരമായി ബാധിക്കുന്ന എന്തുും സമൂഹത്തെയും ബാധിക്കുന്നു. പരിസ്ഥിതിയുടെ നില നിൽപ്പിനെ സാരമായി ബാധിക്കുന്ന പലതും മനുഷ്യൻ വരുത്തിവച്ച വിനകളാണ്.ബുദ്ധിയുള്ള മനുഷ്യൻ ദുഷ്ടലാക്കോടെ ചെയ്ത പ്രവർത്തികളുടെ അനന്തരഫലങ്ങളാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഭീഷണികൾ.
വൃക്ഷങ്ങളും പക്ഷികളും നദികളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാനഘടകങ്ങളാണ്. ജീവരാശികൾക്കാവശ്യമായ പ്രാണവായു ലഭിക്കുന്നതിന് വൃക്ഷങ്ങളാവശ്യമാണ്. സ്വാർത്ഥമോഹിയായ മനുഷ്യൻ പ്രകൃതിയിലെ വൻമരങ്ങളെല്ലാം വെട്ടിനശിപ്പിച്ചു. വെട്ടി നശിപ്പിച്ചവയ്ക്കു പകരം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനവർ തയ്യാറായതുമില്ല.വനപ്രദേശങ്ങൾ മൊട്ടകുന്നുകളാകാൻ ഇതുകാരണമായി.വൃകഷനാശം മണ്ണൊലിപ്പിനും മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെടുന്നതിനു ഇടയാക്കി.വനനശീകരണത്തോടെ പുഴകൾ വറ്റി വരണ്ടു ശുദ്ധജലദൗർലഭ്യമുണ്ടായി.
മനുഷ്യജീവൻ നിലനിർത്തുന്നതിനാവശ്യമായ ശുദ്ധജലം ഇന്ന് കിട്ടാക്കനിയാണ്. ജലമലിനീകരണത്തിന് പലകാരണങ്ങളുണ്ട്,വനനശീകരണം ഒന്നാമത്തെ കാരണം.കൃഷിയിലെ രാസവളപ്രയോഗവും,കീടനാശിനി പ്രയോഗവും ജലമലിനീകരണം കൂടുതൽ രൂക്ഷമാക്കി.തൽഫലമായി പല ജലജീവികളുടേയും സസ്യങ്ങളുടേയും വംശനാശത്തിനു കാരണമായി. ജലമലിനീകരണം ഭീകരമായ പല രോഗങ്ങൾ ഉണ്ടാകുന്നതിനും പകരുന്നതിനും ഇടയായി.
വായുമലിനീകരമം ഇന്ന് ഏറ്റവും ആപൽക്കരമായ ഘട്ടത്തിലെത്തിയിരിക്കുന്നു.സസ്യലതാതികളുടെ അഭാവം വായു ശുദ്ധീകരണത്തിന് വിഘാതമായിത്തീർന്നു.ലക്ഷോപലക്ഷം വാഹനങ്ങളിൽനിന്നുയരുന്ന പുകപടലങ്ങളും വ്യവസായശാലകൾ പുറംതള്ളുന്ന പുകപടലങ്ങളും അന്തരീക്ഷ വായുവിനെ കൂടുതൽ മലിനപ്പെടുത്തുന്നു.മനുഷ്യൻ അശ്രദ്ദയോടെ വലിച്ചെറിയുന്ന മാലിന്യങ്ങൾ പരിസരമലിനീകരണത്തിന് ഇടയാക്കുന്നു.ശുദ്ധ വായു ലഭിക്കുന്നതിന് മനുഷ്യൻ ഇന്ന് ഓക്സിജൻ പാർലറുകൾ തേടി പോകുന്നു.കോവിഡ് മഹാമാരി മൂലം രാജ്യത്ത ലോക്ക് ഡൗൺ പ്രഖ്യാപിച്ച കാലത്ത് വാഹനങ്ങൾ നിരത്തിലിറങ്ങുന്നതു ഗണ്യമായി കുറയുകയും വ്യവസായങ്ങൾ നിർത്തി വെയ്ക്കുകയും ചെയ്തതോടെ വായു ശുദ്ധമാകുന്നതായി കണക്കുകൾ.ഏറ്റവും തിരക്കേറിയ നഗരമായ കൊച്ചിയിൽ വായുഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്) 114 ൽ നിന്നും 49 ലേക്ക് എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു
പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതി നേരിടുന്ന ഒരു വലിയ ഭീഷണിയാണ് .ഇന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപകരണങ്ങൾ ഉപയാഗശൂന്യമായി കഴിയുമ്പോൾ നമ്മുടെ ചുറ്റുപാടും വലിച്ചെറിയുന്നു. ഇത് മണ്ണിന്റെ ഫലഭൂയിഷ്ടതയെ നശിപ്പിക്കുക മാത്രമല്ല സസ്യജാലങ്ങൾക്ക് വളരാനുള്ള സാധ്യത കൂടി ഇല്ലാതാക്കുന്നു .വെള്ളത്തിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ ജലശുദ്ധീകരണത്തിന്റെ സാരമായി ബാധിക്കുന്നു. ഫാക്ടറികളിൽ നിന്നും ഒഴുക്കി വിടുന്ന മലിന ജലം പല മാരകമായ അസുഖങ്ങൾക്കും കാരണമാകുന്നു .മാലിന്യങ്ങളെ വഹിച്ചുകൊണ്ടൊഴുകുന്ന നദി സമീപ പ്രദേശങ്ങളിലെ കിണറുകളിലേയും കുളങ്ങളിലേയും ജലത്തെ മലിനമാക്കുന്നു.ഇത് മനുഷ്യരുൾപ്പടേയുള്ള ജന്തുക്കൾക്ക് മാരകമായ രോഗങ്ങൾ ഉണ്ടാവുന്നതിന് കാരണമാകുന്നു
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
ഇങ്ങനെ പ്രകൃതിയെ മറികടന്നുകൊണ്ടുള്ള മനുഷ്യന്റെ ക്രൂരതകൾ മാനവരാശിയുടെ നിലനിൽപിനു തന്നെ വെല്ലുവിളിയാവുകയാണ്. പ്രകൃതിയുടെ സ്വാഭാവികത ഒരു പരിധി വരെ നിലനിർത്തി കൊണ്ടു മാത്രമേ മനുഷ്യ ജീവിതംസാധ്യമാവുകയുള്ളൂ എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരു വശത്ത് ശാസ്ത്രത്തിന്റേയും പുരോഗതിയുടേയും കാലചക്രങ്ങൾ അതിവേഗത്തിൽ പായുമ്പോൾ മറുവശത്ത് നമ്മെ ഇനിയും കാത്തിരിക്കുന്നത് ഏറെ ദുരന്തങ്ങളാണ്. ഭൂമിയിലെ സർവ്വ ചരാചരങ്ങൾക്കും ആധാരമായ ഓരോന്നും മലിനപ്പെടുകയും ഇല്ലാതാവുകയും ചെയ്യുമ്പോൾ, മാനവരാശിയുടെ ഇഴ ചേർന്ന കണ്ണികൾ പലതും ഖണ്ഡിക്കപ്പെടുന്നു. പ്രകൃതിയും മനുഷ്യനും ഒന്നായിരുന്നൊരു കാലം നമുക്കുണ്ടായിരുന്നു എന്ന് ചിലരെങ്കിലും അവകാശപ്പെടുമ്പോൾ, ഒരു പക്ഷേ ഇന്നത്തെ തലമുറ അവയ്ക്ക് പഴങ്കഥയുടെ പേരു നൽകി പുച്ഛിച്ച് തള്ളും. എന്നാൽ ഈ ജനതക്ക് ഉണർവ്വിന്റെ, തിരിച്ചറിവിന്റെ, വെളിച്ചം പരത്തുകയാണ് ഓരോ പ്രകൃതി ദുരന്തങ്ങളും. അതുകൊണ്ട് തിരിച്ചറിവിൽ നിന്നും നമുക്കൊരുമിച്ച് ഉണരാം ....... കൈകോർക്കാം ...... പഴങ്കഥ പാട്ടിലെ പരിപാവനമായ പ്രകൃതിയിലേക്ക് ....
|