ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കോവിഡ് -19എന്ന മഹാമരി ചൈനയിലെ വുഹാൻ പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ട് മൂന്നു മാസം കൊണ്ട് 73 രാജ്യങ്ങളിലേറെ പടർന്നുപിടിച്ചുകഴിഞ്ഞു.ഇന്ന് ഈ രോഗം ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.രണ്ടാം ലോകയുദ്ധത്തേക്കാളും ഭീതിജനകമായിട്ടാണ് ഇതിനെ കാണുന്നത്.നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്ത ഈ വൈറസിനുമുന്നിൽ മനുഷ്യൻ വിറങ്ങലിച്ചു നിൽക്കുകയാണ്. മനുഷ്യനും പക്ഷിമൃഗാദികളുമുൾപ്പെടെയുള്ള സസ്തനികളിൽ കൊറോണ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.ജലദോഷം,പനി,തൊണ്ടവേദന എന്നിവയാണ് ഇതിന്റെ ആദ്യലക്ഷണങ്ങൾ.മനുഷ്യനുൾപ്പെടെയുള്ള സസ്തനികളിലെ ശ്വാസനാളത്തെ ഇത് ബാധിക്കുന്നു.സാധാരണ ജലദോഷത്തിന് 15% മുതൽ 30% വരെ കാരണം ഈ വൈറസുകളാണ്.മൃഗങ്ങളിൽ നിന്നാണ് ഇവ മനുഷ്യനിലേക്ക് പകരുന്നത്.രോഗം ഗുരുതരമായാൽ സാർസ്,ന്യൂമോണിയ,വൃക്കസ്തംഭനം എന്നിവയുണ്ടാകുന്നു.തുടർന്ന് മരണത്തിന് കാരണമാകുന്നു.ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.പ്രായമായവരെയും കുട്ടികളെയുമാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.ലോകാരോഗ്യ സംഘടന ഇതിനെ മഹാമരിയായി പ്രഖ്യാപിച്ചുകഴിഞ്ഞു ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽനിന്ന് പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും.വായും മൂക്കും മൂടാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വ്യാപിക്കുകയും ചെയ്യും.വൈറസ് സാന്നിധ്യമുള്ള ആളെ സ്പർശിക്കുമ്പോഴും അയാൾക്ക് ഹസ്തദാനം നൽകുമ്പോഴും രോഗം മറ്റേയാളിലേക്ക് പകരാം.വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ മറ്റൊരാൾ സ്പർശിച്ച് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ വായിലോ തൊട്ടാലും രോഗം പകരാം.ഇത്തരത്തിൽ സമൂഹവ്യാപനം തടയണമെങ്കിൽ നമ്മളോരോരുത്തരും നിശ്ചിത അകലം പാലിക്കുകയും മാസ്ക്ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും പൊതു ഇടങ്ങളിൽ പോകാതിരിക്കുകയും ചെയ്യണം. അതിനേറ്റവും നല്ലത് വീട്ടിൽ തന്നെ സുരക്ഷിതരായിരിക്കുക.നാം മറ്റുള്ളവർക്ക് രോഗം പകർത്താതിരിക്കുക. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക.നമുക്ക് പൊരുതാം ഈ മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി.താത്ക്കാലികമായി അകലാം.ചിരകാലം അടുക്കാനായി.
|