ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/മൗനം കഥ പറയുമ്പോൾ

09:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മൗനം കഥ പറയുമ്പോൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മൗനം കഥ പറയുമ്പോൾ

ഉദയ സൂര്യന്റെ ചുംബനം മുഖത്തു വന്ന് പതിച്ചപ്പോഴാണ് അവൾ കണ്ണ് തുറന്നത്. നേരം ഒരു പാടായിരിക്കുന്നു. ഇലകളെ തഴുകി കടന്നുവന്ന കാറ്റ് പിന്നെ കൂടും തഴുകി കടന്നുപോയി. ഉറക്കച്ചടവോടെ അവൾ തന്റെ കൂട്ടിലേക്ക് പരതി നോക്കി. അമ്മ ഇനിയും വന്നിട്ടില്ല. തീറ്റ തേടി പോയിരിക്കുകയാണ്. അവൾ കൂട്ടിൽ നിന്നിറങ്ങി മെല്ലെ മരച്ചില്ലയിലേക്ക് കയറിയിരുന്നു. ദൂരെ, പച്ചവിരിച്ചു നിൽക്കുന്ന പാടം. പൊട്ടിച്ചിരിച്ച് പതഞ്ഞൊഴുകുന്ന കിന്നരിപ്പുഴ. അതിനോട് കുശലം പറയുന്നതു പോലെ കുഞ്ഞു ചെടികൾ ആടി ആടി നിൽക്കുന്നു. അത്തിമരത്തിന്റെ ചില്ലയിൽ അവൾ അങ്ങോട്ടുമിങ്ങോട്ടും ചാടി ചാടിയിരുന്നു. താഴേക്ക് പോകരുതെന്ന് അമ്മ പറഞ്ഞതാണ്. ഇല്ലെങ്കിൽ പുഴയിലിറങ്ങി കുളിർക്കാമായിരുന്നു. കുശലം പറയുന്ന കുഞ്ഞു പൂക്കളോട് കിന്നാരം പറയാമായിരുന്നു. പച്ചപിടിച്ച പാടവരമ്പത്ത് തത്തി നടക്കാമായിരുന്നു. വേണ്ട, അമ്മയെ അനുസരിക്കാതെ വയ്യ. ഉള്ളിൽ പൊങ്ങി വന്ന കൊതിയെ അവൾ മെല്ലെ അമർത്തി. അവൾ ദൂരേക്ക് കണ്ണ് പായിച്ച് ഇരുന്നു. കൊക്കിൽ ഭക്ഷണവുമായി ദൂരെ ചിറകടി ശബ്ദം അവൾ കേട്ടു. അതെ അമ്മയാണ്. ആ ചലനം തനിക്കറിയാമല്ലോ. അവിടുത്തെ ശ്വാസം പോലും താൻ തിരിച്ചറിയും. കാരണം അത് എന്റെ അമ്മയല്ലേ " ആ അമ്മൂ നീ ഇവിടെയിരിക്കുകയാണോ . കൊക്കിലെ ആഹാരം ഓരോന്നായി കൂട്ടിലേക്ക് വെക്കുന്നതിനിടയിൽ തള്ള കാക്ക ചോദിച്ചു. അതെ അമ്മേ ഞാൻ പാടവും പുഴയും പൂക്കളും കാണുകയായിരുന്നു. അമ്മ കൊണ്ടുവന്ന ആഹാരം ഓരോന്നായി കൊത്തി തിന്നുന്നതിനിടയിൽ അവൾ മൊഴിഞ്ഞു.. അമ്മ മൗനമായി ഇരിക്കുന്നത് കണ്ട് അവൾ മെല്ലെ തലയുയർത്തി. അല്ലെങ്കിൽ അമ്മ ഇങ്ങനെയല്ല, നാട്ടിലുള്ള വിശേഷങ്ങൾ മുഴുവനും പറഞ്ഞു തരും. ദൂരെ പാടവും പുഴയും കടന്ന് അക്കരെ ബാബുമോന്റെ വീട്ടിൽ നിന്ന് നെയ്യപ്പം കിട്ടുന്നത് , തെക്കേലമ്മൂമ്മ പേറ്റിക്കളഞ്ഞ പൊടിയരി കൊക്കിൽ കൊത്തിയെടുക്കുന്നത് , കുഞ്ഞമ്മയാന്റിയുടെ തോട്ടത്തിൽ നിന്ന് പേരക്ക കൊത്തിയെടുക്കുന്നത് തുടങ്ങി താൻ കണ്ടിട്ടും കേട്ടിട്ടു മില്ലാത്ത വിശേഷങ്ങൾ അമ്മ പറഞ്ഞു കൊണ്ടിരിക്കും. താൻ ഇതെല്ലാം കഴിച്ച് തീരുന്നത് വരെ . പക്ഷെ ! ഇന്ന് എന്താണ് അമ്മ നിശബ്ദമായിരിക്കുന്നത്. എന്തോ ആലോചിക്കുന്നത് പോലെ. "എന്താണമ്മേ എന്തുപറ്റി?അമ്മുവിന്റെ ചോദ്യം കേട്ടപ്പോൾ തള്ള കാക്ക തല വെട്ടിത്തിരിച്ച് അവളെ നോക്കി. എന്നിട്ട് പറഞ്ഞു " മോളേ പട്ടണത്തിൽ ആളുകളൊന്നും പുറത്തിറങ്ങുന്നില്ല. റോഡിലും വഴിയിലും ഒന്നും ആരുമില്ല. ഭക്ഷണങ്ങളൊന്നും ആരും വലിച്ചെറിയുന്നില്ല. എല്ലാവരും വീടിന്റെ ഉള്ളിൽ ഇരിക്കുകയാണ്. എങ്ങും ശാന്തത. വണ്ടിയുടെ ശബ്ദങ്ങളോ കോലാഹലങ്ങളോ ഇല്ല. ഒറപ്പെട്ട് ഒന്നോ രണ്ടോ പേർ മാത്രം മുഖത്ത് എന്തോ തുണി വെച്ച് ഭീതിയോടെ നടന്നു പോകുന്നു. ഞാൻ ബാബുവിന്റെ വീട്ടിലെ ചിന്നു തത്തയോട് കാര്യം തിരക്കി. അവൾ പറയുന്നത് എന്തോ ഒരു പനി നാട്ടിൽ പടർന്നു പിടിക്കയാണത്രെ നാട്ടിൽ . ആളുകൾ പുറത്തിറങ്ങരുത് എന്നാ ശാസന. അങ്ങനെയായാൽ അത് കൂടുതലായ് മനഷ്യൻ മരിച്ചു പോകുമത്രെ. "കഷ്ടം തന്നെയല്ലേ അമ്മേ അവൾ അമ്മയോട് ദയനീയമായി ചോദിച്ചു. അതെ മോളെ , അവർ വറുതിയിലായാൽ അത് നമ്മളേയും ബാധിക്കും' അവർക്ക്‌ ഭക്ഷണം ഉണ്ടെങ്കിലല്ലേ നമുക്കും കിട്ടുന്നത്. ഒരു തേങ്ങലോടെ അമ്മ കാക്ക മൊഴിഞ്ഞു എന്നിട്ട് മൗനമായി ദൂരേക്ക് കണ്ണെറിഞ്ഞു. അമ്മു താൻ കഴിച്ച ബാക്കി ഭക്ഷണം കൊക്ക് കൊണ്ട് മെല്ലെ അമ്മയുടെ വായിലേക്ക് വെച്ചു കൊടുത്തു. ഇനിയെന്ത് സംഭവിക്കും എന്ന് മനസ്സിലായില്ല എങ്കിലും അവൾക്കൊന്നറിയാമായിരുന്നു ഇനി ഭക്ഷണം കളയരുത്. സൂക്ഷിക്കണം അമ്മക്ക് ഒരു പാതി കൊടുക്കാൻ ...

അപ്പോൾ ഒന്നുമറിയാതെ കിന്നരി പുഴ ഒഴുകുകയായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട്. കൂടെ കുശലം പറയുന്ന കുഞ്ഞു പൂക്കളും . ഇവരോട് സല്ലപിച്ചു കൊണ്ട് ഒരു കുഞ്ഞിക്കാറ്റ് മെല്ലെ മെല്ലെ തഴുകി വരുന്നുണ്ടായിരുന്നു.

Afra Anas
7A G H S Mannancherry
Cherthala ഉപജില്ല
Alappuzha
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ