ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/പച്ചക്കിളി
പച്ചക്കിളി
രാകേഷ് രാവിലെ മുറ്റത്തേക്ക് നോക്കി. പച്ചപ്പു നിറഞ്ഞ പ്രകൃതി ഭംഗി ആസ്വദിച്ച് ഇരിക്കുകയായിരുന്നു. അതാ! തേൻവരിക്കപ്ലാവിൻ്റെ ചില്ലകൾക്കിടയിൽ നിന്ന് ഭംഗിയുള്ള ഒരു നിറവും സ്വരവും, അതെന്താണെന്നറിയാൻ അവൻ ആകാംക്ഷയോടുകൂടി നോക്കി. അപ്പോൾ കണ്ട കാഴ്ച അവനിൽ കൗതുകം ഉണർത്തുന്നതായിരുന്നു. ഇലകളുടെ പച്ചപ്പിനെ വെല്ലുന്ന പച്ച നിറത്തിലുള്ള സുന്ദരിയായ ഒരു കിളി. അതിൻ്റെ കഴുത്തിനു താഴെ ചുവന്ന പളുങ്ക് മണികൾ കോർത്ത് അണിയിച്ചിരിക്കുന്നതു പോലെ ചുവന്ന നിറം. അവനു ജിജ്ഞാസ കൂടി. അവൻ ആ കിളിയെ സ്നേഹത്തോടെ നോക്കിക്കൊണ്ടു ചോദിച്ചു , നീ ആരാണ്? അത് അവനെ നോക്കി മധുരമായി ചിലച്ചു കൊണ്ട് പറഞ്ഞു. പണ്ട് ഞങ്ങളുടെ കുടുംബം ഈ പ്ലാവിലാണ് താമസിച്ചിരുന്നത്. പക്ഷേ ഈ ഭൂമിയിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുന്നുകൂടി. വാഹനങ്ങളുടെയും ഫാക്ടറികളിലെയും വിഷം കലർന്ന പുകയും മലിന ജലവും ശ്വസിച്ചും കുടിച്ചും ഞങ്ങൾ നശിച്ചു പോയി. ഞാൻ മാത്രം രക്ഷപെട്ടു. അന്ന് മനുഷ്യരുടെ തിരക്കുള്ള ജീവിതത്തിനിടക്ക് ഇതൊന്നും നിങ്ങൾ ശ്രദ്ധിച്ചില്ല. ഇപ്പോൾ കോവിഡ് 19 കാരണം പരിസര മലിനീകരണം ഇല്ല. നല്ല ശുദ്ധ വായു കിട്ടാൻ തുടങ്ങി. സർക്കാർ പ്ലാസ്റ്റിക്ക് നിരോധിച്ചു. ഈ പ്ലാവിൽ ധാരാളം ചക്കപ്പഴവും ഉണ്ട്. അതു കൊണ്ടാണ് ഞാൻ വീണ്ടും ഈ മരത്തിലേക്ക് വന്നത്. എന്നെ കാണാൻ നിനക്ക് സമയം കിട്ടിയത് കോവിഡ് കാരണമാണ്. അല്ലെങ്കിൽ ആർക്കും പരിസ്ഥിതിയെയും കിളികളെയും കാണാനും സംരക്ഷിക്കാനും സമയം കിട്ടാറില്ല. ഇത്രയും പറഞ്ഞ് ആ സുന്ദരി പറന്നു പോയി. രാകേഷ് സ്വപ്നത്തിൽ നിന്നെന്ന പോലെ ഉണർന്നു.കോവിഡ് നമ്മളെ പിടിച്ചിരുത്തിയെങ്കിലും പഴയ നല്ല കാലത്തിലേക്ക് തിരിച്ചു പോകാൻ ഒരു അവസരം ഒരുക്കി.
|