ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/സ്പാനിഷ് ഫ്ലുവിൽ നിന്നും കൊറോണയിലേക്ക്

സ്പാനിഷ് ഫ്ലുവിൽ നിന്നും കൊറോണയിലേക്ക്

1918 സെപ്റ്റംബർ. നൂറ്റിരണ്ട് വർഷം മുൻപുള്ള അമേരിക്ക. കാര്യമായ പ്ലാനിങ് ഒന്നുമില്ലാതെ ഒന്നാംലോകമഹായുദ്ധത്തിൽ പങ്കുചേർന്നതിന്റെ ആശയക്കുഴപ്പങ്ങളിൽനിന്നും അസ്കിതകളിൽ നിന്നും പതിയെ കരകയറി അമേരിക്കൻ ജനതയെ യുദ്ധവുമായി പൊരുത്തപ്പെടുത്തിക്കൊണ്ടിരുന്ന ഒരു ഭരണകൂടം. അധിക നികുതികൾ, അവശ്യവസ്തുക്കൾക്ക് റേഷൻ, കുട്ടികളുൾപ്പെടെ എല്ലാവരിലും രാജ്യസ്നേഹത്തിന്റേയും സേവനത്തിന്റെയും മഹത്വം വളർത്തുന്നതു ലക്ഷ്യം വച്ചുള്ള പരിപാടികൾ, യുദ്ധധനസമാഹരണത്തിനായി കടപ്പത്രങ്ങൾ (war bonds) വിൽക്കുവാൻ വൻതോതിലുള്ള പ്രചാരണങ്ങൾ- ഇങ്ങിനെ കഴിയുന്ന തരത്തിലെല്ലാം യുദ്ധത്തിനായുള്ള പിന്തുണ സംഘടിപ്പിക്കുന്നതിന്റെ ഇടയിലൂടെയാണ് ‘സ്പാനിഷ് ഫ്ലു’ എന്നറിയപ്പെടുന്ന മഹാമാരിയുടെ രണ്ടാം തരംഗം അമേരിക്കയിൽ ആഞ്ഞടിക്കുന്നത്. ഏപ്രിലിൽ അമേരിക്കയിലെ കാൻസസിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുകയും യുദ്ധത്തിനായി പുറപ്പെട്ട അമേരിക്കൻ പട്ടാളക്കാരിലൂടെ യൂറോപ്പിലേക്കും മറ്റു രാജ്യങ്ങളിലേക്കും പടർന്നു പിടിച്ച് ഒരുപാട് മരണങ്ങൾക്കിടയാക്കുകയും ചെയ്ത സ്പാനിഷ് ഫ്ലൂവിന്റെ ആറു മാസത്തിന് ശേഷമുള്ള തിരിച്ചുവരവ് കൂടുതൽ തീവ്രതയോടെയായിരുന്നു. ഇത്തവണ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ബോസ്റ്റണിലെ ക്യാംപ് ഡെവൺസിലെ അവസ്ഥ ദിവസങ്ങൾക്കുള്ളിൽ നരകതുല്യമായി. കഴിയുന്നത്ര രോഗികളെ കുത്തിനിറച്ച ആശുപത്രികൾ, കുന്നുകൂടുന്ന ശവശരീരങ്ങൾ. മരിച്ചുപോയ രോഗിയുടെ ചൂട് മാറാത്ത കിടക്കയിലേക്ക് മരണത്തിനായി കാത്തെന്ന പോലെ താഴെ കിടന്നിരുന്ന അടുത്ത രോഗിയെ എടുത്തുകിടത്തുന്നതും ആസന്നമരണരെ മരണത്തിനു മുൻപ്തന്നെ വെള്ളപുതപ്പിച്ചു കാൽവിരലുകൾക്കിടയിൽ ഡെത്ത് ടാഗ് ഇടുന്നതും ശവപ്പെട്ടി കിട്ടുന്നതുവരെ ശവശരീരങ്ങൾ വിറകുകൊള്ളികൾ പോലെ അടുക്കിവയ്ക്കുന്നതും ആരോഗ്യപ്രവർത്തകർക്ക് സാധാരണ കാര്യമായി മാറി. ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിക്കാനും ആദ്യമായി വൈറസുകൾ വേർതിരിച്ചെടുക്കാനും ആന്റിബയോട്ടിക്കുകൾ ഉപയോഗത്തിൽ വരാനുമെല്ലാം ഈ മഹാമാരിയുടെ താണ്ഡവം കഴിഞ്ഞ് ഒരുദശാബ്ദമെടുത്തു എന്നോർക്കുമ്പോഴാണ് അന്നത്തെ മനുഷ്യരുടെ ദുരിതത്തിന്റെയും ആതുരസേവന രംഗത്തുണ്ടായിരുന്നവരുടെ നിസ്സഹായാവസ്ഥയുടെയും ആഴം മനസ്സിലാവുക. രോഗത്തെക്കുറിച്ചുള്ള പരിമിതമായ അറിവുകളും അപര്യാപ്തമായ സാങ്കേതികജ്ഞാനവും വെച്ച് അജ്ഞാതനും അദൃശ്യനുമായ ശത്രുവിനെതിരെ പോരാടാൻ മദ്യവും മോർഫിനും വരെ ഉപയോഗിച്ചിരുന്ന കാലം. എന്നാൽ കാലമേതായാലും ഏതൊരു വിപത്തിനെയും നേരിടാൻ ആദ്യംവേണ്ടത് ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന, അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻ‌തൂക്കം കൊടുക്കുന്ന ഭരണാധികാരികളാണ്. അതിനുള്ള വലിയ ഒരു തെളിവായി അമേരിക്കയിലെ രണ്ടു നഗരങ്ങളെ – ഫിലാഡെൽഫിയയും സാൻഫ്രാൻസിസ്കോയും – സ്പാനിഷ് ഫ്ലൂ ബാധിച്ചത് എത്ര വ്യത്യസ്തമായാണെന്നും അതെന്തുകൊണ്ടാണെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മരണസംഖ്യ കുതിച്ചുകയറുന്നതിനിടയിലും പൊതുജനാരോഗ്യ വിദഗ്ധരുടെ ഉപദേശം അവഗണിച്ച്, അന്നത്തെ ഫിലാഡൽഫിയ നഗരത്തിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. വിൽമെർ ക്രൂസെൻ (Dr. Wilmer Krusen) സെപ്റ്റംബർ 28ന് നടത്താനിരുന്ന ലിബർട്ടി ലോൺ പരേഡ് മാറ്റിവയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. സാധാരണ വരുന്ന ഫ്ലൂ പോലെ മറ്റൊന്ന്, അധികം വൈകാതെ ഈ രോഗം തന്നെ അപ്രത്യക്ഷമാകും എന്നാണ് രാജ്യത്തെ പല ഹെൽത്ത് ഒഫീഷ്യലുകളെയും പോലെ വിൽമെർ ക്രൂസനും പറഞ്ഞത്. രാജ്യസ്നേഹം ഉണർത്തി വാർ ബോണ്ടുകൾ വിൽക്കാനുള്ള ഒരു സുവർണ്ണാവസരം മാത്രമായിരുന്നു ആ ലിബർട്ടി ലോൺ പരേഡ്. യുദ്ധകാലമായതിനാൽ പകർച്ചവ്യാധിയുടെ യഥാർഥ ഭീകരത മൂടിവയ്ക്കാനാണ് രാജ്യത്തുടനീളം ഭരണകൂടം ആദ്യമുതൽതന്നെ ശ്രമിച്ചിരുന്നത്. ഭരിക്കുന്നവർക്ക് ഓശാനപാടുന്ന പത്രങ്ങളും അസത്യം ആവർത്തിച്ചുകൊണ്ടേയിരുന്നു. യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന സ്പെയിനിലെ പത്രങ്ങളിൽ മാത്രമാണ് സെൻസർഷിപ്പില്ലാതെ യഥാർഥ വിവരങ്ങൾ വന്നിരുന്നത്. സ്പാനിഷ് ഫ്‌ളു ആ പേരിൽ അറിയപ്പെടുന്നതിന്റെ കാരണവും അതു തന്നെ. രണ്ടു ലക്ഷത്തിലധികം പേർ പങ്കെടുത്ത ഫിലാഡൽഫിയയിലെ പരേഡ് ഭംഗിയായി നടന്നു. വെറും എഴുപത്തിരണ്ട് മണിക്കൂറിനുള്ളിൽ അന്നാട്ടിലെ മുപ്പത്തിയൊന്ന് ആശുപത്രികളും നിറഞ്ഞു. യുദ്ധകാലസേവനത്തിനായി ഡോക്ടർമാരെയും നഴ്സ്മാരെയും പലയിടങ്ങളിലേക്ക് പറഞ്ഞയച്ചിരുന്ന കാലമായതുകൊണ്ട് ചികിൽസയ്ക്കായുള്ള കാത്തുനിൽപ്പിനിടയിൽ തന്നെ പലരുടെയും ജീവൻ പൊലിഞ്ഞു. വെറും ഒരാഴ്ചക്കുള്ളിൽ ആയിരത്തിലധികവും ആറ് ആഴ്ചകൾക്കുള്ളിൽ പന്തീരായിരം പേരുമാണ് മരിച്ചത്. മരിച്ചവരുടെ പ്രായത്തിനനുസരിച്ചു പല നിറങ്ങളിൽ ഉള്ള ക്രേപ്പ് പേപ്പറുകൾ ജനാലകളിൽ തൂക്കുമായിരുന്നത്രേ. ഇരുപതിനും നാല്പതിനും ഇടയിലുള്ള ആളുകളായിരുന്നു മരിച്ചവരിൽ അധികവും. അയ്യായിരത്തോളം കുട്ടികൾ ദിവസങ്ങൾക്കുള്ളിൽ അനാഥരായി. രോഗബാധ ഭയന്ന് ആ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ പോലും ആളുകൾ മടിച്ചു. സംസ്കരിക്കാൻ ആൾക്കാരില്ലാത്തതു കൊണ്ട് കോൾഡ്സ്റ്റോറേജ് പ്ലാന്റുകൾ മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള മോർച്ചറിയായി. ശവപ്പെട്ടികൾ മോഷണം പോവുകയും കൈക്കൂലി കൊടുക്കുന്നവരുടെ ബന്ധുക്കളുടെ മൃതദേഹങ്ങൾ മാത്രം സംസ്കരിക്കപ്പെടുകയും ചെയ്തപ്പോൾ കരിമ്പടങ്ങളിൽ പൊതിഞ്ഞു ഇടുങ്ങിയ വഴികളിലും അതിന് പറ്റാത്തവർ വീടുകൾക്കുള്ളിൽ മുറികളുടെ മൂലയിലും സൂക്ഷിച്ച മൃതദേഹങ്ങൾ അഴുകി മരണത്തിന്റെ ഗന്ധം നഗരമെങ്ങും നിറഞ്ഞു. പകർച്ചവ്യാധിക്ക് മുൻപു തന്നെ അഴിമതിയും ജനപ്പെരുപ്പവും ദാരിദ്ര്യവും വൃത്തിഹീനമായ ജീവിതസാഹചര്യങ്ങളും കൊണ്ട് അവശതയിലായിരുന്ന ഫിലാഡൽഫിയ നഗരം ഈ ദുരന്തത്തോടെ അക്ഷരാർഥത്തിൽ ഒരു പ്രേതനഗരമായി. വർഷങ്ങൾക്കിപ്പുറം ലോകം മുഴുവൻ മറ്റൊരു മഹാമാരിയെ നേരിടുമ്പോൾ ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യം എന്നവകാശപ്പെടുന്ന അമേരിക്കയുടെ പ്രസിഡന്റ് പറഞ്ഞതും ഫ്‌ളുവിന്റെപേരിൽ നമ്മൾ രാജ്യം അടച്ചിടാറില്ലല്ലോ എന്നായിരുന്നു. ആ പ്രസ്താവന കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ മൂന്നരലക്ഷത്തോളം രോഗബാധിതരും പരിമിതമായ മെഡിക്കൽസൗകര്യങ്ങളുമായി പകച്ചുനിൽക്കുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ ഉത്തരവാദിത്തം ഇക്കാലത്തും ഇതുപോലെ അനാസ്ഥ കാണിക്കുന്ന ഒരു നേതാവിനെ തിരഞ്ഞെടുത്ത ജനതയുടേതു കൂടിയാണ്. സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്താനും അതിനനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളാനും അതിലെല്ലാം സുതാര്യത പുലർത്താനും ആർജ്ജവമുള്ള ഒരു ഗവൺമെന്റ് ജനങ്ങൾക്ക് പകരുന്ന ആത്മവിശ്വാസം എത്ര വലുതാണെന്ന് അനുഭവിച്ചറിഞ്ഞവരാണ് കേരളീയർ. സ്പാനിഷ് ഫ്ലൂ ചരിത്രത്തിലുമുണ്ട് അത്തരമൊരു അധ്യായം. ഉത്തരവാദിത്തപ്പെട്ടവരുടെ സമയോചിതമായ ഇടപെടൽമൂലം ദുരന്തത്തിന്റെ തോത് വളരെയധികം കുറഞ്ഞ നഗരമാണ് സാൻഫ്രാൻസിസ്‌കോ. അവിടത്തെ ബോർഡ് ഓഫ്ഹെൽത്ത് ചീഫ് ഡോ. വില്യം ഹസ്‌ലെർ (Dr. William Hassler) മുൻകരുതലുകൾ എടുക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. ഫ്ലൂ കേസുകൾ ബോർഡ് ഓഫ് ഹെൽത്തിൽ റിപ്പോർട്ട്ചെയുന്നത് നിർബന്ധമാക്കുകയും രോഗികളെയെല്ലാം ഐസലേറ്റ് ചെയ്യുകയും നേവൽ പോർട്ടുകൾ ക്വാറന്റീൻ ചെയ്യുകയും വിദ്യാഭ്യാസസ്ഥാപനങ്ങളും തിയേറ്ററുകളും അടച്ചിടുകയും ആൾക്കൂട്ടങ്ങൾ നിരോധിക്കുകയും തുടക്കത്തിലേ ചെയ്തു. ഇതിനു പുറമേ, രോഗം പടർന്നുപിടിച്ചുതുടങ്ങിയപ്പോൾത്തന്നെ അതിന്റെ ഭീകരാവസ്ഥയും നേരിടാനുള്ള അധികൃതരുടെ പ്രാപ്തിക്കുറവും നിസ്സഹായതയും ഒരുമായവും ചേർക്കാതെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചതും ഒരു പരിധിവരെ ആ നഗരത്തിനെ രക്ഷിച്ചു എന്നു പറയപ്പെടുന്നു. സത്യാവസ്ഥ മനസ്സിലാക്കിയ ജനങ്ങൾ അവരെക്കൊണ്ട് ആവുന്ന പോലെ സഹകരിക്കാനും സഹായിക്കാനും തയാറായി. ഫിലാഡൽഫിയയിൽ കൂട്ടശവക്കുഴികൾ കുഴിക്കുമ്പോൾ സാൻഫ്രാൻസിസ്‌കോയിൽ ശുചിത്വത്തിനെപ്പറ്റിയുള്ള ബോധവൽക്കരണവും മാസ്ക് വിതരണവും നടക്കുകയായിരുന്നു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് അഞ്ച് ഡോളർ ആയിരുന്നു ഫൈൻ. ബാക്കിയുള്ള നഗരങ്ങളെക്കാൾ താരത്യമേന ചെറിയ നാശം വിതച്ച് ആ രോഗം കടന്നുപോയതിന് ഈ മുൻകരുതലുകൾ മാത്രമാണ് കാരണം. പക്ഷേ ഇതിൽ നിന്നുണ്ടായ സാൻഫ്രാൻസിസ്കോയുടെ അമിത ആത്മവിശ്വാസം സ്പാനിഷ് ഫ്‌ളുവിന്റെ മൂന്നാംവരവിൽ അവർക്ക് വിനയായി. അത്തവണ ഒരുപാടു പേർക്ക് അസുഖം പിടിപെട്ടു. സമയമാവുന്നതിനു മുൻപേ തിരക്കിട്ടു പ്രതിരോധനടപടികൾ പിൻവലിക്കുന്നതിന്റെ അപകടം ജനങ്ങളും ഭരണകൂടവും മനസ്സിലാക്കി. പക്ഷേ മൂന്നാമത്തെ വരവിൽ രോഗം അത്ര കഠിനമല്ലാത്തതുകൊണ്ട് മാത്രം കാര്യമായ മുൻകരുതലുകൾ ഉണ്ടായിരുന്നില്ലെങ്കിലും മരണനിരക്ക് താഴ്ന്നുതന്നെ നിന്നു. തെറ്റായ ഒരു തീരുമാനം ഒരുപാട് പേരുടെ മരണത്തിനിടയാക്കിയതിന്റെ ആഘാതത്തിൽ ആത്മഹത്യ ചെയ്ത ഒരാളുടെ കഥയും സ്പാനിഷ് ഫ്ലൂ ചരിത്രത്തിലുണ്ട്. ഇല്ലിനോയിലെ റോക്‌ഫോഡിൽ മിലിട്ടറി ക്യാംപ് കമാൻഡർ കേണൽ ഹജ്ഡോൺ (Col. C.B. Hagadorn) ഫ്ലൂ റിപ്പോർട്ട്ചെയ്തതിന് ശേഷവും ക്യാംപിലെ മൂവായിരം പേരെ ആയിരം മൈൽദൂരെയുള്ള ക്യാംപ് ഹാൻകോക്കിലേക്ക് പറഞ്ഞയച്ചിരുന്നു. തിങ്ങിനിറഞ്ഞ കംപാർട്മെന്റുകളിലെ നരകതുല്യമായ ആ യാത്രയ്ക്കൊടുവിൽ രണ്ടായിരത്തിലധികം പേർ രോഗബാധിതരായിത്തീർന്നു. കൂടാതെ യാത്രക്കിടയിൽ ആ ട്രെയിൻ നിർത്തിയ ഇടങ്ങളിലെല്ലാം രോഗം പടർന്നുപിടിക്കാനും തുടങ്ങി. ക്യാംപ് ഹാൻകോക്കിൽ എത്തിയ ഉടൻ മരിച്ചുവീഴാൻ തുടങ്ങിയ പട്ടാളക്കാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ പോലും കേണൽ ഭയന്നു. തനിക്കു പറ്റിയ വീഴ്ചയുടെ ആഴം മനസ്സിലാക്കിയ കേണൽ മരണസംഖ്യ അഞ്ഞൂറിനടുത്തെത്തിയപ്പോൾ അടച്ചിട്ടമുറിക്കുള്ളിൽ സ്വയം വെടിവെച്ചു ജീവനൊടുക്കി. കോവിഡ് -19 സകല ശക്തിയോടെയും ആഞ്ഞടിക്കാൻ സാധ്യതയുള്ള അവസ്ഥയിൽ ഒറ്റരാത്രികൊണ്ട് പതിനായിരങ്ങളെ പെരുവഴിയിലാക്കിയ തീരുമാനമെടുത്ത ഒരു ഭരണകൂടത്തിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന ഓരോരുത്തരും വായിക്കേണ്ട ചരിത്രമാണ് ഇതെല്ലാം. 1918ലെ ഫ്ലുവിൽ ആസ്പിരിന്റെ അമിതോപയോഗം കൂടുതൽ മരണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടാവാം എന്ന് പറയപ്പെടുന്നു. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് സർജൻ ജനറൽ അന്ന് നിർദ്ദേശിച്ച ഡോസ് ഇന്നത്തെ സേഫ് ഡോസിനേക്കാളും രണ്ടിരട്ടിയിലധികമായിരുന്നു. പണ്ടത്തെ കാലമല്ലേ, അങ്ങിനെ ഉണ്ടായിരുന്നെങ്കിലും അദ്ഭുതമില്ല എന്ന് കരുതാം. പക്ഷേ നൂറു വർഷങ്ങൾക്ക് ശേഷവും വിഡ്ഢിത്തരങ്ങളും അർധസത്യങ്ങളും അശാസ്ത്രീയമായ കാര്യങ്ങളും വിളിച്ചുപറയുന്ന നേതാക്കളും അതെല്ലാം അങ്ങിനെതന്നെ വിഴുങ്ങുന്ന ജനങ്ങളും മനുഷ്യർ എന്ന നിലയിൽ നമ്മുടെ എന്ത് പുരോഗതിയെയാണ് ചൂണ്ടിക്കാണിക്കുന്നത്? കൊറോണ വൈറസിനെ തോൽപ്പിക്കാൻ മലേറിയ മരുന്നിനാവും എന്ന അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന ഒന്നിലധികം ജീവനെടുത്തുകഴിഞ്ഞു. പാത്രം കൊട്ടി ശബ്ദമുണ്ടാക്കലും പന്തം കത്തിക്കലും പടക്കം പൊട്ടിക്കലുമല്ല ഒരു മഹാവ്യാധിയെ നേരിടാൻ വേണ്ടതെന്ന് ജനങ്ങളെ പറഞ്ഞുമനസ്സിലാക്കേണ്ട നേതാക്കൾ തന്നെ അശാസ്ത്രീയമായ കാര്യങ്ങൾ പറഞ്ഞുപരത്തുമ്പോൾ രാജ്യത്തെ ജനങ്ങളുടെ ഭാവി എന്താകും? നൂറു വർഷം മുൻപ് യുദ്ധവും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടിയിരുന്ന മനുഷ്യരുമായി താരതമ്യംചെയ്താൽ സുഖലോലുപതയിൽ മയങ്ങി ജീവിക്കുന്ന നമ്മളിൽ പലർക്കും ഈ കൊറോണകാലം വെറും അസൗകര്യങ്ങളുടേത് മാത്രമാണ്. പക്ഷേ ഈ കാലഘട്ടം നമ്മൾ ചരിത്രത്തിൽ എങ്ങിനെ അടയാളപ്പെടുത്തുന്നു എന്നതും വളരെ പ്രധാനമാണ്. സോഷ്യൽ മീഡിയചാലഞ്ചുകളും ലോക്ക്ഡൗൺ നേരമ്പോക്കുകളും നല്ലതുതന്നെ. എന്നാൽ ലോകത്തിന്റെ പലഭാഗങ്ങളിൽ ഇപ്പോൾ മനുഷ്യർ അനുഭവിക്കുന്ന ക്ലേശങ്ങൾ, സങ്കടങ്ങൾ ഇതൊന്നും മനസ്സിലെങ്കിലും അടയാളപ്പെടുത്താതെ ഈ കാലഘട്ടം കഴിഞ്ഞുപോകരുത്. മനുഷ്യർ പ്രാണികളെപ്പോലെ ചത്തൊടുങ്ങിയ പ്ലേഗിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ് 1918 ൽ അതുപോലൊരു ദുരിതം ലോകത്തിന് നേരിടേണ്ടി വന്നത്. പലസ്ഥലങ്ങളിലും പ്ലേഗ് കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന അവസ്ഥയായിരുന്നു സ്പാനിഷ് ഫ്ലൂ മൂലം ഉണ്ടായത്. നൂറ് വർഷങ്ങൾക്ക് ശേഷം ആ ദുരിതകാലഘട്ടങ്ങളുമായി സാമ്യമുള്ള പലതും നമ്മൾ ഇപ്പോൾ കാണേണ്ടിവരുന്നു. രണ്ടു ലോകമഹായുദ്ധങ്ങൾ, പിന്നീടുണ്ടായ കൊറിയൻ യുദ്ധം, വിയറ്റ്നാം യുദ്ധം- ഇതിലെല്ലാം മരിച്ച അമേരിക്കക്കാരുടെ എണ്ണം ഒരുമിച്ചെടുത്താലും സ്പാനിഷ്ഫ്ലൂ മൂലമുണ്ടായ മരണസംഖ്യയുടെ ഒപ്പമെത്തില്ല. പക്ഷേ വളരെ കുറഞ്ഞ കാലയളവിൽ ഒരുപാട് മരണത്തിന് കാരണമായ ഈ പകർച്ചവ്യാധിയെപ്പറ്റി കേട്ടിട്ടുള്ള അമേരിക്കക്കാർ തുച്ഛമാണ്. യുദ്ധവുമായി ബന്ധപ്പെട്ട എന്തു കാര്യവും ഓർമിക്കുകയും വളർന്നുവരുന്ന തലമുറകളെ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു രാജ്യം എന്തുകൊണ്ട് മനുഷ്യരാശിയുടെ ചരിത്രത്തിൽത്തന്നെ ഇത്രയധികം നാശം വിതച്ച ഒരു സംഭവം അടയാളപ്പെടുത്താൻ താല്പര്യം കാണിക്കുന്നില്ല? ദേശസ്നേഹവും യുദ്ധകാലവീരകഥകളും പഠിപ്പിക്കുന്നതിനു പകരം മനുഷ്യർ ഒന്നടങ്കം നേരിടേണ്ടി വന്ന ഇത്തരം ദുരിതങ്ങളുടെ ചരിത്രം പഠിപ്പിച്ചാൽ അതു കേട്ട് വളരുന്ന കുട്ടികളിലൊരാളാവാം അടുത്ത മഹാമാരിയെ തടഞ്ഞുനിർത്തി മനുഷ്യരാശിയെതന്നെ രക്ഷിക്കുക. സ്പാനിഷ് ഫ്ലൂ വൈദ്യശാസ്ത്രരംഗത്തെ പല ഗവേഷണങ്ങൾക്കും വളർച്ചക്കും കാരണമായി. മനുഷ്യർ അന്നനുഭവിച്ച പല ദുരിതങ്ങൾക്കും പരിഹാരമുണ്ടാക്കാൻ അപ്പോൾ മുതൽ ശാസ്ത്രജ്ഞർ പരിശ്രമിച്ചതിന്റെ ഫലമാണ് ഇന്നത്തെ മരുന്നുകൾ, വാക്സിനേഷൻ, മികച്ച ചികിത്സാസൗകര്യങ്ങൾ തുടങ്ങിയതെല്ലാം. പക്ഷേ ഇതുകൊണ്ടൊന്നും നമ്മൾ സുരക്ഷിതരായിട്ടില്ല എന്ന പാഠം കോവിഡ് 19 നമ്മളെ പഠിപ്പിച്ചുകഴിഞ്ഞു. ശാസ്ത്രം എത്ര മുന്നോട്ടു പോയാലും വേണ്ടത് വേണ്ട സമയത്തു വേണ്ട പോലെ ഉപയോഗിക്കാൻ കഴിവുള്ള ഒരു ഭരണകൂടം വേണം. ഒരിക്കലും ഉപയോഗിക്കാനിടയില്ലാത്ത അണുവായുധങ്ങളാണോ എല്ലാവർക്കും ആവശ്യത്തിനനുസരിച്ചു കിട്ടുന്ന മരുന്നുകളാണോ നമുക്ക് വേണ്ടത് ? രാജ്യം ഒരു മഹാവിപത്തിനെ നേരിടുമ്പോഴും കിട്ടാൻപോകുന്ന വോട്ടുകൾ മനസ്സിൽ കണ്ടു മാത്രം സഹായവും സംരക്ഷണവും നൽകുന്ന ഭരണാധികാരികളെ നമുക്കാവശ്യമുണ്ടോ? നമ്മുടെ നികുതിപ്പണം എങ്ങനെ, എന്തിനുവേണ്ടി ഉപയോഗിക്കണം എന്ന് നിശ്ചയിക്കാൻ നമുക്കവകാശമില്ലേ? ചരിത്രം ഇനിയും ആവർത്തിച്ചുകൂടെന്നില്ല, പക്ഷേ അപ്പോഴും വേണ്ട തയ്യാറെടുപ്പുകളില്ലാതെ അതിനെ നേരിടേണ്ടി വന്നാൽ മനുഷ്യകുലത്തിന്റെ തന്നെ പരാജയമായിരിക്കും അത്.

അമർത്യ വി.ആർ
8ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം