English Login HELP
കാലങ്ങൾ താണ്ടിയീ ലോകത്തിനു താങ്ങായ മണ്ണുവിതുമ്പുന്നുവോ! താഴേയ്ക്കു നോക്കും വിണ്ണു വീണ്ടും നോവു പകർന്ന് വിലപിച്ചുവോ! ജീവൻ വിരിഞ്ഞോരീ മണ്ണിലിന്ന് ഭീതിയോടെത്തും ശവങ്ങൾ മാത്രം അന്ത്യശുശ്രൂഷയ്ക്കായാരുമില്ല അന്ത്യചുംബനത്തിന്റെ നോവുമില്ല പണ്ടു മൈഥിലിയെ മാറിലാഴ്ത്തി സത്യം തെളിയിച്ച കഥയുണ്ടുപോൽ ഇന്നു നിൻ മാറുപിളർന്നുകീറി ഏറ്റുവാങ്ങുന്നിതാ ഗദ്ഗദങ്ങൾ എങ്ങനെ വന്നു പടർന്നുപോയീ മൃത്ത്യുവിൻ മുഖവുമായീ മാരിയും വേനൽ കടുത്തത് മണ്ണിലല്ല മാനവർ തന്നുടെ ഹൃത്തിലാണ് വറ്റിവരണ്ടത് പുഴകളല്ല ആർദ്രമാം ലോകത്തിൻ കനവുമാത്രം എവിടെയീ മർത്ത്യന്റെ കൈക്കരുത്ത്? വാനിന്നുമപ്പുറം ചേക്കേറിയോർ പ്രപഞ്ചത്തിനുള്ളറ കാട്ടിത്തന്നോർ സ്വന്തമാക്കീടുവാനെന്തു ബാക്കി? എത്രയും ചിട്ടയായി കൈകഴുകി ഒറ്റയായൊറ്റയായിപ്പാർപ്പുമായി ലോകവാതായനങ്ങൾ പൂട്ടിയിട്ട് മർത്ത്യ ജീവന്നായി കാവലാളായി താണ്ടുവാനിനിയുമിന്നെത്ര ദൂരം? ലക്ഷ്മണരേഖ വരയ്ക്കു വീണ്ടും ഇനിയുമീ ലോകം പുലരുവാനായി വളമായി മാറുക മണ്ണിൻ ധർമ്മം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത