എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/തിരിച്ചു പോക്ക്

16:07, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തിരിച്ചു പോക്ക് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചു പോക്ക്
ഉണ്ണി ഇന്ന് പതിവിലും നേരത്തെ ഉണർന്നു. അടുക്കളയിൽ ചെന്നപ്പോൾ അമ്മയെ കണ്ടില്ല. മുഖമൊന്നു കഴുകിയിട്ട് അവൻ തൊഴുത്തിലേക്ക് നടന്നു. തന്റെ ഊഹം തെറ്റിയില്ല. അമ്മ കുഞ്ഞമ്മിണിയെ കറക്കുകയാണ്. അമ്മേ... അവൻ ഉറക്കെ വിളിച്ചു. ഇന്നെന്തു പറ്റി ഉണ്ണി? നേരത്തെ എണീറ്റോ? അമ്മ തിരിഞ്ഞു നോക്കാതെ ചോദിച്ചു. അവൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല. അവന്റ മനസ്സിൽ ഇന്നലത്തെ പച്ചക്കറികൃഷി ആയിരുന്നു. ചാക്കിൽ മണ്ണ് നിറച്ചും തടം എടുത്തും ചാണക പൊടി ഇട്ടും ഒക്കെ ഇന്നലെ സമയം പോയത് അറിഞ്ഞില്ല. 'ഉണ്ണിയെ... രാവിലെ പോത്ത് പോലെ കിടന്നുറങ്ങിയേക്കരുത് ' മുത്തശ്ശൻ ഇന്നലെയെ പറഞ്ഞിരുന്നു.


                പോയി പല്ല് തേയ്ക്ക്  മോനെ.. അപ്പോഴേക്കും  അമ്മ ചായ ഉണ്ടാക്കി വയ്ക്കാം. അമ്മ പറഞ്ഞത് കേട്ട് കുഞ്ഞമ്മിണിയുടെ അരുമകിടാവിന്റെ നെറുകയിൽ തലോടി അവൻ വീണ്ടും അടുക്കളയിൽ വന്നു. പല്ല് തേച്ചുവന്നപ്പോൾ ചായ റെഡി. ചായ കുടിച്ച്  പത്ര മെടുത്ത് തലക്കെട്ട് എല്ലാം ഒന്ന് ഓടിച്ചു വായിച്ചു. കോവിഡ്  മരണം കേരളത്തിൽ കുറഞ്ഞിട്ടുണ്ട്. അല്പം  ആശ്വാസം.     
       
          ഈ ലോക്ക് ഡൌൺ   കാലഘട്ടം  അവനു  വളരെ സന്തോഷപ്രദം ആണ്. അച്ഛന് ഓഫീസിൽ പോകണ്ട. മുത്തശ്ശിയും അമ്മയും ഒക്കെ തിരക്കിൽ നിന്നും അല്പം ഒരാശ്വാസത്തിലാണ്. സാധാരണ  മുത്തശ്ശൻ  മാത്രമാണ് പച്ചക്കറി നടൽ ഒക്കെ ചെയ്യുന്നത്. എന്നാൽ ഇപ്പോൾ എല്ലാവരും അത് ഒരു വിനോദമാക്കിയിരിക്കുന്നുകുവൈറ്റിൽ നിന്നും ആന്റി വിളിച്ചപ്പോൾ പറഞ്ഞു. 'പച്ചക്കറി ഒക്കെ നട്ടു  വളർത്തിക്കോ  ഒന്നും കിട്ടാനില്ലാതെ വരും. അവനോന്റെ  തൊടിയിൽ വല്ലതും ഉണ്ടെങ്കിൽ കൊള്ളാം. '   ചിന്നുന്റെ  അച്ഛനും ഇത് തന്നെയാ  പറയുന്നത്.  ഇന്നലെ അമ്മ ചിന്നുനു  കുറച്ച് പച്ചക്കറികൾ കൊടുത്തു വിട്ടു.  കറിവേപ്പില പോലും കടയിൽ നിന്നും വാങ്ങുന്ന അവരൊക്കെ എന്ത് ചെയ്യുമോ എന്തോ?   അപ്പുറത്തെ ലീന ആന്റി  അമ്മയോട് പച്ചക്കറി വിത്ത് ചോദിക്കുന്ന കേട്ടു.  വെറുതെ ഇരിക്കുവല്ലേ ചേച്ചി... മൂന്നാല്  ചോടു  പയറുണ്ടേൽ മതി ആഴ്ചയിൽ ഒന്ന് കറി വയ്ക്കാമല്ലോ. കടയിലൊന്നും പച്ചക്കറി വരുന്നില്ലാത്രെ..... 


അവർക്കൊക്കെ എന്തൊരു പുച്ഛമായിരുന്നു. അവരെ പണ്ടേ തനിക്ക് ഇഷ്ടമില്ല പച്ചക്കറി തോട്ടത്തിൽ തന്നെ കാണുമ്പോൾ തുടങ്ങും കൊച്ചു കർഷകാ... പഠിക്കാൻ ഒന്നും ഇല്ലേ.. കൃഷി കൊണ്ട് ഒന്നും ഇന്നത്തെ കാലത്ത് ഒരു കാര്യവും ഇല്ല മോനെ.. എന്ന് . അവരുടെ മോൾ തന്റെ ക്ലാസ്സിലാ.. നന്നായി പഠിക്കും അതിന്റെ ഗമയാ അവർക്ക്. പഠിക്കുമെങ്കിലെന്താ .മറ്റുള്ളവരുമായി ഒരു അടുപ്പവും ഇല്ലാത്ത സാധനം. വെറും പുസ്തകപുഴു. പഠിക്കാൻ താനും അത്ര പുറകിൽ അല്ല. എന്നിട്ടും അവർ തന്റെ കാര്യം പറഞ്ഞ് അമ്മയെ വിഷമിപ്പിക്കും. ഇപ്പോൾ എല്ലാവർക്കും ഉണ്ണിയുടെ പച്ചക്കറി വേണം. പഴുത്തു പാകമായ തക്കാളി കുലകളെ മെല്ലെ തലോടി ഉണ്ണി ചുറ്റും നോക്കി പല തരം പച്ചക്കറികൾ. അവന് അഭിമാനം തോന്നി. അവന്റ പ്രായത്തിലുള്ള കുട്ടികൾ എല്ലാം ടി വി. ക്കും മൊബൈൽ ഫോണിനും മുൻപിലാണ്. എന്നാൽ അവനു അതിലൊന്നും വലിയ താല്പര്യം ഇല്ല. പ്രകൃതിയെ അവനു പണ്ടേ ഇഷ്ടമാ ണ്. കുലച്ച വാഴയിൽ തേനുണ്ണാൻ എത്തുന്ന പച്ച പനംതത്തയും, അണ്ണാറകണ്ണനും, പൂത്തുമ്പികളും, പൂമ്പാറ്റകളുമെല്ലാം അവന്റെ കൂട്ടുകാരാണ്. എത്ര സുന്ദരമാണ് ഈ ലോകം. എങ്കിലും മനുഷ്യൻ അവന്റ സ്വാർത്ഥതക്കു വേണ്ടി ഈ ഭൂമിയെ നശിപ്പിക്കുന്നു കോൺക്രീറ്റ് സൗധങ്ങൾക്ക് വേണ്ടി ഭൂമിയെ വെട്ടി പിളർക്കുന്നു. ഭംഗിയുള്ള നെൽപ്പാടങ്ങൾ ഫ്ലാറ്റുകൾ ആക്കുന്നു. പച്ച വിരിച്ച വനഭൂമിയെ വെട്ടി നശിപ്പിച്ചു. പരിസ്ഥിതിയെ ചൂഷണം ചെയ്തു. അതിന്റെ ഒക്കെ ഫലമായി ശുദ്ധ വായു ശുദ്ധ ജലം എല്ലാം ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി. പകരം നിപ്പ, കൊറോണ, ഡെങ്കി, എന്നിങ്ങനെ പല പല പേരുകളിലായി മഹാ വ്യാധികൾ രൂപമെടുക്കുന്നു. പ്രളയങ്ങളും, ഉരുൾ പൊട്ടലുമെല്ലാം നിത്യ സംഭവങ്ങൾ ആയി. ഇത് വരെ തല ഉയർത്തി നിന്ന അവൻ ഇപ്പോൾ തന്റെ പ്രാണനു വേണ്ടി യാചിക്കുന്നു. പ്രകൃതി അവനു മാപ്പ് നൽകുമോ?

      ' ഉണ്ണി എന്താ ആലോചിച്ചു നിൽക്കുന്നത് ' ഇന്ന് പുതിയ വിത്തുകൾ പാകേണ്ടേ... മുത്തശ്ശന്റെ ശബ്ദം അവനെ ചിന്തയിൽ നിന്നും ഉണർത്തി. മുത്തശ്ശ....എനിക്ക് നല്ലൊരു കൃഷിക്കാരൻ ആകണം. അവൻ ഓടി ചെന്ന് മുത്തശ്ശനെ  കെട്ടിപ്പിടിച്ചു. അപ്പോൾ അവന്റ കണ്ണുകൾ നിറഞ്ഞിരുന്നു എന്തിനെന്നു അറിയാതെ..... 




അഭിനീത് ജോസഫ് ബിജു
5A എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ