ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/മത്സ്യ കന്യക
മത്സ്യ കന്യക
പണ്ട് വൈകുണ്ഠപുരം എന്ന സ്ഥലത്ത് ഒരു കൊട്ടാരം ഉണ്ടായിരുന്നു.അവിടെ മഹാരാജാവും രാജ്ഞിയായ ഹരിനന്ദിനിയും താമസിച്ചിരുന്നു.അവർ വളരെ സന്തോഷത്തോടെ ആ കൊട്ടാരത്തിൽ കഴിഞ്ഞിരുന്നു.അവരുടെ സന്തോഷപൂർണമായ ജീവിതത്തിൽ ഹരിചന്ദ്ര മഹാരാജാവിനും ഹരിനന്ദിനി രാജ്ഞിക്കും ഒരു മകൻ ജനിച്ചു.നന്ദകൃഷ്ണൻ ആ മകൻ വളർന്നു വരികെ വളരെ വികൃതിക്കാരനായിരുന്നു.എന്നാൽ ഏല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞ ജീവിതം ആയതുകൊണ്ടു തന്നെ നന്ദകൃഷ്ണനെ മഹാരാജാവും പത്നിയും കൊട്ടാരത്തിനു പുറത്തു കടക്കാൻ അനുവദിച്ചിരുന്നില്ല.എന്നാൽ വികൃതിക്കാരനായ നന്ദകൃഷ്ണൻ തൻ്റെ മാതാപിതാക്കൾ അറിയാതെ ഒരു ദിവസം കൊട്ടാരത്തിനു പുറത്തു പോയി. വളരെ മനോഹരമായ ഗ്രാമത്തിൻ്റെ ഭംഗി നന്ദകൃഷ്ണനെ അത്ഭുതപ്പെടുത്തി.കിളികളുടെ ഗാനവും വലിയവൃക്ഷങ്ങളും കുന്നുകളും കുന്നിൻചെരുവിലൂടെ ഒഴുകുന്ന പുഴയും താഴ്വാരങ്ങളും നീലാകാശവും പച്ചപരവതാനി വിരിച്ചതുപോലുള്ള ചെറുപുല്ലുകളും നിറഞ്ഞ വൈകുണ്ഠപുരം എന്ന ഗ്രാമത്തിലെ അതിമനോഹരമായ കാഴ്ചകൾ കണ്ട് നന്ദകൃഷ്ണൻ വളരെ സന്തോഷിച്ചു.എന്നാൽ താൻ കാഴ്ചകൾ കണ്ട് ആസ്വദിക്കെ കൊട്ടാരത്തിൽനിന്നും അന്വേഷിച്ചുവരുന്ന തൻ്റെ മാതാപിതാക്കളെ അവൻ കണ്ടു.വികൃതിക്കാരനായ അവൻ മാതാപിതാക്കളെ വകവയ്ക്കാതെ അവിടെ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.പക്ഷേ നിർഭാഗ്യമെന്നു പറയാം നന്ദകൃഷ്ണനെ തൻ്റെ മാതാപിതാക്കൾ കൊട്ടാരത്തിനകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.അത് അവനെ വലിയ വിഷമത്തിലാക്കി.തൻ്റമാതാപിതാക്കൾ അവനെ ശാസിക്കുകയും ചെയ്തു.അതിനു ശേഷം അവൻ എന്നും രാത്രി അവൻ കണ്ട കാഴ്ചകൾ കൊട്ടാരത്തിനുള്ളിൽ ഒറ്റയ്ക്കിരുന്ന് ആലോചിക്കുമായിരുന്നു.ആ ആലോചനക്കിടയിൽ അവൻ കണ്ട കാഴ്ചയായ കുന്നിൻചെരുവിലൂടെ ഒഴുകുന്ന ആ പുഴയിൽ പോകണം എന്ന ആഗ്രഹം മനസിലുദിച്ചു.നന്ദകൃഷ്ണൻ ആ ആഗ്രഹത്തെ തൻ്റെ മനസിൽ സൂക്ഷിച്ചു.കുറച്ചുദിവസങ്ങൾ കഴിയവെ അവൻ തന്റെ മാതാപിതാക്കൾ ഉറങ്ങികഴിഞ്ഞ് രാത്രി അവരറിയാതെ കൊട്ടാരത്തിൽ നിന്നും പുറത്തിറങ്ങി.നിലാവുള്ള ആ രാത്രിയിൽ പുറത്തുള്ള ആ ഭംഗികൾ ആസ്വദിച്ച് കുന്നിൻചെരുവിലൊഴുകുന്ന പുഴയ്ക്കരികിലെത്തി.തൻ്റെ ആഗ്രഹം സാധിച്ചതിലുള്ള സന്തോഷത്തിലായിരുന്നു നന്ദകൃഷ്ണൻ.എന്നാൽ അവൻ ആ പുഴയ്ക്കരികിലിരിക്കെ വലിയൊരു പേടിപ്പെടുത്തുന്ന ഒച്ച കേട്ടു.ആ ഒച്ച നന്ദകൃഷ്ണന്റെ ചെവികളിൽ കൂടുതൽ ശബ്ദത്തോടെ കേൾക്കാൻ തുടങ്ങി.നന്ദകൃഷ്ണന് മെല്ലെ മെല്ലെ പേടി വർദ്ധിച്ചുവന്നു. അവസാനം നന്ദകൃഷ്ണൻ ആ പേടിപ്പെടുത്തുന്ന കാഴ്ച കണ്ടു. പേടിപ്പെടുത്തുന്ന ആ ഒച്ച ഒരു സിംഹത്തിന്റെ അലർച്ചയായിരുന്നു എന്ന സത്യം അവന് അപ്പോഴാണ് മനസിലായത്.നന്ദകൃഷ്ണനെ കടിച്ചു കീറി അവന്റ ചോരയുടെ രുചിയറിയാമെന്ന അഹംഭാവത്തിൽ കൂറ്റൻ പല്ലുകളുമായി ആ സിംഹം ആർത്തിരച്ചുകൊണ്ട് മെല്ലെ നന്ദകൃഷ്ണനടുത്തേക്ക് വരാൻ തുടങ്ങി. എന്നാൽ അവൻ പേടിച്ചു കരയാൻ തുടങ്ങി.പെട്ടെന്ന് ആ പുഴയിൽ നിന്നും ഒരു അത്ഭുത കാഴ്ച അവൻ കണ്ടു.ആയിരക്കണക്കിന് വർണ്ണമത്സ്യങ്ങളോടൊപ്പം ഒരു വേറിട്ട രൂപം.വർണ്ണമത്സ്യത്തിന്റെ ഉടലും മനുഷ്യസാദൃശ്യമേറിയ ശിരസ്സുംചേർന്ന രൂപമായിരുന്നു.ഒരു മനോഹരമായ മത്സ്യ കന്യകയായിരുന്നു അത്.അവന്റെ ചോരയുടെ രുചി അറിയാൻ കൊതിച്ചുനിന്ന സിംഹത്തിൽ നിന്നും രക്ഷിച്ച് ആ മത്സ്യകന്യക അവനെ ചുമലിലേറ്റി ആ പുഴയിലൂടെ സഞ്ചരിച്ച് അവനെ കൊട്ടാരത്തിലെത്തിച്ചു.നടന്നതെല്ലാം ഒരു സ്വപ്നമെന്നു കരുതി അവൻ മെല്ലെ ഉറക്കത്തിലേക്കു വഴുതിവീണു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |