നിർവികാരം
പുല്ലാംകുഴൽ നാദത്തെപ്പോലെ മധുരമായ നാദം തുടിക്കുന്ന ഒരു കൊച്ചു ഗ്രാമം.
ഇളംതെന്നൽ ഓടിനടക്കുന്ന ഗ്രാമം. വൻ മരങ്ങളിൽ നിന്നും ഉതിർന്നുവീഴുന്ന രസകരമായ ശബ്ദം. നിശബ്ദമായ ഗ്രാമചുറ്റുപാടിൽ നിന്ന് ഉതിരുന്ന ആ ശബ്ദങ്ങൾ ഗ്രാമത്തിന് ശാന്തി മന്ത്രം പോലെയായിരുന്നു. ക്രൂരതകൾ ഇല്ലാത്ത, പരിഭവങ്ങൾ ഇല്ലാത്ത സമാധാനത്തിന്റെ ഭൂമി. ചെറിയ ആവശ്യങ്ങൾക്ക് പോലും ഒത്തുകൂടിയിരുന്ന നിഷ്കളങ്കരായ ഭാഗ്യവാന്മാരായിരുന്നു അവിടെയുള്ള ജനങ്ങൾ. എന്നാൽ ഒരു ദിവസം അസ്തമയ സുര്യനെ സാക്ഷിയാക്കി , ഭീമാകാരമായ ഒരു പരുന്ത് വൃത്താകാര മാതൃകയിൽ പറക്കുന്നത് ഗ്രാമത്തിൽ വെളിവായി. എന്നാൽ ആർക്കും അത് ദൃശ്യമായില്ല. അവർ അറിയാതെ അവരിലേക്ക് വന്ന ക്ഷണിക്കാത്ത അതിഥിയായിരുന്നു പരുന്ത്. എന്നാൽ ആ പരുന്ത് എന്നത് പറക്കുന്ന പക്ഷിയെയല്ല, അവരിലേക്ക് വന്ന ദുരന്തത്തെയാണ് വെളിവാക്കുന്നത്.
ഇലകളിൽപ്രതിഫലിച്ചുവന്ന ആ ഇളംചൂടേറിയ വെളിച്ചം അവനിലെ ശരീരത്തെ നിർവികാരമാക്കിതീർത്തു. പടുകൂറ്റൻ കസേരയിൽ ഇരുന്നുകൊണ്ട് ചെറിയ മാർദ്ദവമുള്ള കൈകളാൽ അവൻ തൂവൽകൊണ്ട് ഇലയാകുന്ന പേപ്പറിൽ എഴുതുകയായിരുന്നു. നിമിഷങ്ങൾക്കകം അവൻ വഴിയരികിലെ മാവിന്തോട്ടത്തിൽ നിന്ന് ഒരു ചെറിയ മാങ്ങാ പറിച്ചെടുത്തുകൊണ്ട് വെളുമ്പി പശുവിനടുത്തെക്ക് പോയി. എഴുതിയ താൾ പോക്കറ്റിൽ വച്ചിരുന്നു. എഴുതാനെടുത്ത മഷി ആ കയ്യിൽ പുരണ്ടിരുന്നു. മാങ്ങയിൽനിന്ന് ഉതിർന്നൊഴുകിയ ആ മധുരനീർ കയ്യിലെ മഷിയുമായി കലർന്നു. വഴിയരികിലേക്ക് ഓടി കയറിയ അവൻ കയ്യിലിരുന്ന തൂവൽ ചുവന്ന കൂടാരത്തിൽ നിക്ഷേപിച്ചു . തൂവലിൽ മാങ്ങയുടെ മഷിയായ കറചാറ് പുരണ്ടിരുന്നു. അച്ഛന് സ്വന്തം കൈപ്പടയിൽ എഴുതിയ കത്തായിരുന്നു അത്. അല്പം മുൻപ് വരെയുണ്ടായിരുന്ന സന്തോഷം നഷ്ടപ്പെട്ടതുപോലെ അവന് തോന്നി. എന്നാൽ പെട്ടെന്ന് വ്യാകുലതയേന്തിയ മുഖം പുഞ്ചിരിയിലേക്ക് വീണു. ഇപ്പോൾ അവന്റെ മുഖം വികാരങ്ങൾ നിറഞ്ഞതാണ്.
ദൂരദേശത്തു ഉദ്യോഗമുള്ള അച്ഛനെഴുതിയ കത്ത് അവന്റെ മനസ്സിൽ ഇപ്പോഴും മായാശകലങ്ങളാൽ നില്കുന്നു. എന്നാൽ അച്ഛൻ വ്യാകുലതകളാൽ മനം ഇടറി നിൽക്കുന്ന വ്യക്തി ആയിരുന്നു. ഡെൽഹിയിൽ ജോലിക്കുപോയ അയാളുടെ ശരീരതതിൽ മഹാവ്യാധിയായ കാൻസർ ആയിരുന്നു. ഒറ്റ മകനാണെന്നും, ചെറു പ്രായമാണെന്നും അവനെ പരിചരിക്കാൻ പറ്റാത്തതിലും ഇനി അവനെ കാണാൻകഴിയുമോ എന്ന ചിന്താഭാരമായി അയാൾ ഡൽഹിയെ നോക്കി നിസ്സഹായമായി നിൽക്കുകയാണ്. എന്നാൽ മകന്റെ ജനനത്തോടെ മരണത്തിനു വിധേയപ്പെട്ട അമ്മയുടെ മുഖം മറന്ന ആ പിഞ്ചുകുഞ്ഞിന്റെ നിഷ്കളങ്കതയാണ് നാടിനെ കുറിച്ചുള്ള ഓർമ്മ. നോക്കെത്താദൂരത്തോളം നീണ്ടുനിന്ന പാടവരമ്പുകൾ നോക്കിൽനിൽകെ അവൻ അച്ഛനെ മനസ്സിൽ കാണുകയായിരുന്നു. നാട്ടിലെ ജനങ്ങൾക്കെല്ലാം സുപരിചിതമായ രാഘവന്റെ മകൻ ശ്രീറാം ആയിരുന്നില്ല അവൻ. നാടിന്റെ ശ്രീ ആയിരുന്നു. ചെറു പുഞ്ചിരി ഉതിർത്തുകൊണ്ടു നാട്ടിലെ ജനങ്ങൾക്ക് സമാധാനം നല്കിയിരുന്നവനാണ് അവൻ. അച്ഛന്റെ വ്യാകുലതകൾ നിറഞ്ഞ ഭാരം അയാളിൽ വികാരങ്ങൾക്ക് പുറമെ ഭയം ആണ് ഉണ്ടാക്കിയത്. നാട്ടിലുണ്ടാകുമ്പോൾ ഭയം = മരണം, അതിജീവനം (ജാഗ്രത) = ജീവിതം എന്ന് കൂട്ടുകാരിലേക്ക് നിറച്ചിരുന്ന അവന്റെ മനസ്സ് ഇപ്പോൾ ഡൽഹിയുടെ മതിൽകെട്ടിലെ പുകമഞ്ഞിൽ അലിഞ്ഞുപോയിരുന്നു. മനം തളർന്ന അയാൾ മകന്റെ പുഞ്ചിരി മറന്നു. ഒരു ചെറിയ കയറിൽ ജീവിതം അയാൾ ഉയർത്തി. എന്നാൽ ആ ജീവിതം പിടയുന്നതായിരുന്നു. ഭയം എന്ന ഭാരം അയാൾ കയറിൽ ഉയർത്തിയപ്പോൾ മരണം എന്ന രംഗബോധം ഇല്ലാത്ത വിഡ്ഢിയെ അയാൾ അറിഞ്ഞിരുന്നു. കാഴ്ചയില്ലാത്ത ഏഴുവർണങ്ങൾക്ക് മറ്റുള്ളവരെ കാണാൻ കഴിയില്ല. എന്നാൽ മറ്റുള്ളവർക്കു ആ ഏഴു വർണങ്ങളെ കാണാം. ഇതുപോലെയാണ് ശ്രീ റാമിന്റെ ജീവിതം. കാഴ്ചയുള്ള രാഘവൻ, ഉത്തരവാദിത്വമുള്ള രാഘവൻ മകനെ അറിയാൻ ശ്രമിച്ചില്ല. എന്നാൽ മകൻ തന്റെ ഉള്ളുകൊണ്ട് ആ വർണ്ണ ശകലങ്ങൾകൊണ്ട് അച്ഛന്റെ മായാ ചിത്രം വരച്ചിടുകയായിരുന്നു. മരണ വിവരങ്ങൾ നാട്ടിലറിഞ്ഞു, എന്നാൽ മകൻ അറിഞ്ഞില്ല. നോവിന്റെ പടവിൽ നിൽക്കുന്ന അവന്റെ ദുഃഖത്തിലേക്ക് താഴുകയായിരുന്നു. ഒരു വൃദ്ധന്റെ തണലിൽ കഴിഞ്ഞിരുന്ന അവന്റെ ജീവിതം നാടിന്റെ പൊതു പ്രശ്നമായി മാറി. നിഷ്കളങ്കരായ ഭാഗ്യവാന്മാർക് നാടിന്റെ ശ്രീയെ ഏറ്റെടുക്കേണ്ടിവന്നു. ഒടുവിൽ അവൻ അച്ഛന്റെ മരണം അറിഞ്ഞു. അവന്റെ മാനസിക നില തകർന്നടിഞ്ഞു. പടവുകൾ ഇടറി, മനം നുറുങ്ങി. ഇടറിപ്പോയ നാളുകൾ ഇടുങ്ങിയതുപോലെ തോന്നി. വിഭ്രാന്തമായ ജീവിതവഴികൾ അവനായി തുറന്നു. നാട്ടിലെ വ്യക്തികൾ കാട്ടിയ വഴി അവനിൽ നിന്ന് മറഞ്ഞു. പകരം വിഭ്രാന്തിയുടെ മനോവികാരമില്ലാത്ത വഴി തുറന്നു. ഇപ്പോൾ ആ മുഖത്തു സന്തോഷമില്ല. നിർവികാരമായ നിസ്സഹായതയിൽ ഉതിർന്ന ഭ്രാന്തത മാത്രം. നാടിന്റെ ശ്രീ നാടിന്റെ ഭീതിയായി. ഇപ്പോൾ അവൻ തന്റേതായ നിർവികാര ലോകത്ത്. രാഘവൻ കളഞ്ഞത് ഒരു ജീവിതമാണ്. പിഞ്ചുകുഞ്ഞിന്റെ വികാരമായ ജീവിതരീതിയാണ്. ദൈവത്തിന്റെ മാലയിലെ ഒരു മുത്താണ്. ഇപ്പോൾ മധുരനാദം അലയടിച്ചിരുന്ന ഗ്രാമത്തിൽ വെളുമ്പിപ്പശുവിന്റെ തേങ്ങൽ മാത്രം. എന്നാൽ ഡൽഹിയുടെ മതിൽ കെട്ടുകളിൽ മധുരനീർ പുരണ്ട വെള്ളത്തൂവൽ മാത്രം പ്രകടം. നാട്ടിലെ മാവുകൾ നിശ്ചലം. മധുരനാദം നിശ്ചലം. നോക്കെത്താദൂരത്തോളം നീണ്ട വയലിൽ ഇപ്പോൾ ഉരുണ്ട കെട്ടുകളാക്കിയ വയ്ക്കോൽ മാത്രം. ചലിക്കുന്ന ആ പഴയ ഗ്രാമത്തിൽ പ്രത്യക്ഷമായ പരുന്ത് നിശ്ചലമായ ഗ്രാമത്തിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ചുവന്ന അസ്തമയ സൂര്യൻ പതിയെ നിലവും താരങ്ങളുമില്ലാത്ത രാവിലേക്കു വഴുതിവീണു. ജീവിതം പോയ്മറഞ്ഞ വികാരങ്ങളില്ലാത്ത, പ്രതീക്ഷകൾ നശിച്ച രാവിലേക്ക്.
|