പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/സനാഥർ

00:40, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സനാഥർ
ആർദ്രഹൃദയം അനാഥാലയത്തിലെ അന്തേവാസിയാണ് രാധ. ഒന്നരവയസ്സുള്ളപ്പോഴാണ് അവൾ അവിടെ എത്തുന്നത്.അവൾ എപ്പോഴും എന്തെങ്കിലും ആലോചിച്ച് കൊണ്ടിരിക്കുമായിരുന്നു. അവൾ അധികമാരോടും സംസാരിച്ചിരുന്നില്ല. ചിന്താമഗ്നയായ അവളെ ആരും കൂടെ കൂട്ടിയിരുന്നുമില്ല. അവളുമായി ആകെ സംസാരിച്ചിരുന്നത് റോസി മാത്രമാണ്.റോസി അവളോട് ചോദിക്കുമായിരുന്നു അവൾ എന്താണ് ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുന്നതെന്ന്. രാധ ആ ചോദ്യത്തിന് ഉത്തരം നൽകിയിരുന്നില്ല. ഉത്തരം ലഭിക്കില്ല എന്ന് അറിയാമായിരുന്നിട്ടും റോസി അവളോട് ഈ ചോദ്യം ആവർത്തിക്കുമായിരുന്നു.രാധയുടെ ചിന്ത ഒന്നുമാത്രമായിരുന്നു ബാക്കി എല്ലാവരും തങ്ങൾ അനാഥരാണെന്ന് പറഞ്ഞു സങ്കടപ്പെടുമ്പോഴും റോസി മാത്രം എന്താണ് ഇത്ര സന്തോഷവതിയായി നടക്കുന്നത്?സംശയത്തിന്റെയും ആശ്ചര്യത്തിന്റെയും തിരമാല രാധയുടെ മനസ്സിൽ ആർത്തിരച്ചുകൊണ്ടിരുന്നു.പലപ്പോഴും റോസിയോട് ചോദിക്കണമെന്ന് അവൾ വിചാരിച്ചെങ്കിലും അവൾ അത് ചോദിക്കാൻ മടിച്ചു. ഒരു ദിവസം ഇതൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് രാധ അത് ശ്രദ്ധിച്ചത്. റോസി അതാ എവിടെയോപോകുന്നു. തിരിച്ചെത്തിയ റോസി അതീവസന്തുഷ്ടയായിരുന്നു. അടുത്ത ദിവസങ്ങളിലും ഇത് ആവർത്തിച്ചു.റോസിയുടെ സന്തോഷത്തിന്റെ രഹസ്യം അറിയാൻ രാധയുടെ മനസ്സ് വെമ്പൽ കൊണ്ടു. അടുത്തദിവസം റോസി പോകുവാൻ ഇറങ്ങിയപ്പോൾ രാധ അവളോട് ചോദിച്ചു. ഞാൻ ഏറെ നാളായി ശ്രദ്ധിക്കുന്നു നീ എവിടെയാണ് പോകുന്നത്. "എന്റെ അമ്മയെ കാണാൻ", റോസി പറഞ്ഞു. കൂടുതലൊന്നും പറയാൻ നിൽക്കാതെ റോസി അവിടെ നിന്നും പോയി.രാധയുടെ മനസ്സിൽ ചോദ്യത്തിന്റെ ഒരു മഹാമേരു ഉയർന്നുവന്നു അമ്മയുണ്ടായിട്ടും അവൾ എന്തിനാണ് ഇവിടെ നിൽക്കുന്നത്?അങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ രൂപം കൊണ്ടു.അവളെ പോലെ തനിക്കും ഒരു അമ്മയുണ്ടായിരുന്നുവെങ്കിൽ എന്ന് അവൾ ആശിച്ചു. അമ്മയില്ലാത്തതിന്റെ ദുഃഖം അവളിൽ തളംകെട്ടി നിന്നു. അന്നു രാത്രി അവൾ ഉറങ്ങിയില്ല.അടുത്ത ദിവസം റോസി പുറത്തു പോയപ്പോൾ അവളുടെ അമ്മയെ കാണാൻ രാധ റോസിയെ പിന്തുടർന്നു.രാധ റോസിയെ പിന്തുടർന്ന് എത്തിച്ചേർന്നത് സ്നേഹ മുറ്റം എന്നൊരു വൃദ്ധസദനത്തിൽ ആയിരുന്നു. റോസി വൃദ്ധസദനത്തിന്റെ അകത്തേക്ക് പ്രവേശിച്ചു. രാധ എല്ലാം ഒളിഞ്ഞു നിന്നു നോക്കുന്നുണ്ടായിരുന്നു.മക്കൾ ഉപേക്ഷിച്ചിട്ടുപോയ ഒരുപാട് അമ്മമാർ റോസിയെ സ്നേഹത്തിൽ പൊതിയുന്നത് രാധ കണ്ടു. അവൾക്കും ആ അമ്മമാരുടെ സ്നേഹം കിട്ടിയിരുന്നെങ്കിൽ എന്ന് അവൾ ചിന്തിച്ചു. അവൾ റോസിയുടെയും ആ അമ്മമാരുടെയും മുമ്പിലേക്ക് വന്നിട്ട് അമ്മമാരോട് ചോദിച്ചു "റോസിക്കു കൊടുക്കുന്നതിൽ ഒരിത്തിരി സ്നേഹം എനിക്ക് കൂടെ തരുമോ?"രാധയുടെ ചോദ്യം എല്ലാവരുടെയും മനസ്സിനെ പിടിച്ചുലച്ചു. അതിലൊരമ്മ, പഞ്ഞിപോലെ നരച്ച തലയും നെറ്റിയിൽ നീളത്തിൽ വരച്ച ഭസ്മക്കുറിയും കൈയ്യിലൊരു രുദ്രാക്ഷത്തിന്റെ ജപമാലയും പിടിച്ചിരിപ്പുണ്ടായിരുന്നു. നാമജപം മതിയാക്കി ആ അമ്മ കണ്ണു തുറന്നു നോക്കി എന്നിട്ടിങ്ങനെ ചോദിച്ചു."നീ എന്താ മോളെ അങ്ങനെ ചോദിച്ചത്”? നീയും ഞങ്ങളുടെ മകൾതന്നെയാണ്. ഞങ്ങൾ നൊന്തു പ്രസവിച്ച ഞങ്ങളുടെ മക്കൾ തന്നെയാണ് ഞങ്ങളെ ഇവിടെ ഉപേക്ഷിച്ചത്. ആ ഞങ്ങൾക്ക് സ്നേഹിക്കാൻ ഞങ്ങളെ സ്നേഹിക്കാൻ ദൈവം തന്നതാണ് നിങ്ങളെ."ഇന്നുമുതൽ റോസി മാത്രമല്ല നീയും ഞങ്ങളുടെ മകൾ തന്നെയാണ്"അതിരിക്കട്ടെ, നിന്റെ പേര് എന്താണ്?"അവർ ചോദിച്ചു. "രാധ"അവൾ മറുപടി പറഞ്ഞു. അങ്ങനെ രാധയും ആ അമ്മമാരുടെ സ്നേഹത്തിന് പാത്രമായി തീർന്നു. അതിനുശേഷം രാധ തന്റെ ചിന്തയിൽ മുഴുകിയിരിക്കുന്ന സ്വഭാവം വെടിഞ്ഞു. തന്റെ കൂട്ടുകാരുമൊത്ത് സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി.അവളുടെ കൂട്ടുകാർ അത്ഭുതത്തോടെ രാധയോട് ആരാഞ്ഞു"നിനക്ക് എന്താണ് പറ്റിയത് രാധേ? നേരത്തെ നീ ഞങ്ങളുടെ കൂടെ കളിക്കാൻ വരില്ലായിരുന്നല്ലോ പിന്നെ ഇപ്പോൾ ഇതെന്തുപറ്റി?"രാധ ചിരിച്ചു.

സുഹൃത്തുക്കളുടെ ചോദ്യത്തിന് ഉത്തരം നൽകിയത് റോസിയായിരുന്നു. നേരത്തെ അവൾ അനാഥയാണെന്ന അപകർഷതാബോധവും ദുഃഖവും അവളെ വേട്ടയാടിക്കൊണ്ടിരുന്നു.എന്നാൽ ഇപ്പോൾ അവൾ അനാഥയല്ല അവൾക്ക് സ്നേഹനിധികളായ അമ്മമാരുണ്ട്.ഏവരും ആശ്ചര്യ ചകിതരായി നിന്നു." അമ്മമാരോ?"അവർ ഒരേ സ്വരത്തിൽ ചോദിച്ചു. റോസി എല്ലാകാര്യങ്ങളും അവർക്കു മുൻപിൽ അവതരിപ്പിച്ചു. അവരും ആ അമ്മമാരുടെ സ്നേഹത്തിനായി വെമ്പൽകൊണ്ടു.ഇതെല്ലാം സിസ്റ്ററമ്മ കേൾക്കുന്നുണ്ടായിരുന്നു. സിസ്റ്ററമ്മ അവരുടെ അടുത്തേക്ക് വന്നു,എല്ലാ കുട്ടികളും അവർക്ക് വൃദ്ധസദനത്തിൽ പോകണമെന്ന ആഗ്രഹം സിസ്റ്ററമ്മയെ അറിയിച്ചു.ചിന്താമഗ്നനനായിരുന്ന രാധയുടെ മാറ്റം സിസ്റ്ററമ്മയെ വല്ലാതെ അമ്പരപ്പിച്ചു.റോസിയും രാധയും അനുഭവിച്ച അമൂല്യ സ്നേഹം ബാക്കി കുട്ടികൾക്കും ലഭിക്കട്ടെ എന്ന് കരുതി സിസ്റ്ററമ്മ എല്ലാവരെയും എന്നും ആ വൃദ്ധസദനത്തിലേക്ക് കൊണ്ടു പോകാൻ തുടങ്ങി.അത് ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു അനാഥത്വം പേറിയിരുന്നവർ സനാഥരാകുന്ന വലിയ മാറ്റത്തിന്റെ തുടക്കം.എല്ലാവരും ഉണ്ടായിട്ടും മക്കളാൽ ഉപേക്ഷിക്കപ്പെട്ട് അനാഥരായിതീർന്ന കുറെ അമ്മമാർ,അവർക്കിടയിൽ ഉറ്റവരും ഉടയവരും ഇല്ലാതെ ആരാലും സ്നേഹിക്കപ്പെടാൻ ഇല്ലാതെ അനാഥരായി തീർന്ന കുറെ കുഞ്ഞു ബാല്യങ്ങൾ.അവർ രണ്ടുകൂട്ടരും ഒന്നിച്ചു ചേർന്നപ്പോൾ അവിടെ ഒരു സനാഥത്വത്തിന്റെയും സന്തോഷത്തിന്റെയും സ്വർഗ്ഗകവാടം തുറക്കപ്പെടുകയായിരുന്നു . അവിടെ"സനാഥരായ അമ്മമാരും സനാഥരായ മക്കളും മാത്രം".

നിരുപമ
9 F പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ