ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ അളകാപുരിയും ജനങ്ങളും

17:57, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അളകാപുരിയും ജനങ്ങളും


അളകാപുരം എന്ന് പേരുള്ള ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടെ ധാരാളം ആൾക്കാർ താമസിച്ചിരുന്നു. ആ ഗ്രാമത്തിൽ കുറച്ചകലെയായി ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു. ആ പുഴയുടെ സമീപത്തായി ചെറിയൊരു കാടുണ്ടായിരുന്നു. അളകാപുരത്തിനു തൊട്ടപ്പുറത്തുള്ള ഗ്രാമത്തിൽ നിന്നും വിറക് വെട്ടാനായി ഒരപ്പുപ്പനും അമ്മുമ്മയും ഈ കാട്ടിൽ വരുമായിരുന്നു. ഈ വിറക് കൊണ്ട് പോയി വിറ്റാണ് അവർ ജീവിച്ചിരുന്നത്. അളകാപുരം ഗ്രാമത്തിലുള്ള ആൾക്കാരെല്ലാം മാലിന്യങ്ങളും, പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ഈ പുഴയിലാണ് വലിച്ചെറിഞ്ഞിരുന്നത്. അങ്ങനെ ഈ പുഴ വളരെ മലിനമായാണ് ഒഴുകിയത്. ഇത് കണ്ട അപ്പുപ്പനും അമ്മുമ്മയ്ക്കും വളരെ സങ്കടമായി. പുഴയുടെ ഈ അവസ്ഥ കാടിൻെറ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് അവർക്ക് മനസിലായി. കാട് നശിച്ചാൽ തങ്ങളുടെ ഉപജീവന മാർഗവും ഇല്ലാതാകുമെന്ന് ഭയന്ന അവർ പുഴ വൃത്തിയാക്കാനായി ആ ഗ്രാമത്തിലുള്ള ആൾക്കാരുടെ സഹായം തേടി. എന്നാൽ ആ ഗ്രാമീണർ അതിനു തയാറായില്ല. മാത്രമല്ല അവരെ കളിയാക്കി പറഞ്ഞയച്ചു.വിഷമത്തോടെ തിരികെ വന്ന ആപ്പുപ്പനും അമ്മുമ്മയും വളരെ പാടുപെട്ട് കുറച്ച് ദിവസങ്ങൾ കൊണ്ട് പുഴയിലെ മാലിന്യമെല്ലാം നീക്കി പുഴ വൃത്തിയാക്കി. ഏറെ ദിവസം കഴിയും മുൻപെ അളകാപുരിയിൽ കൊടും വരൾച്ച വന്നു. അവിടെയുള്ള കിണറുകളും കുളങ്ങളുമെല്ലാം വറ്റി വരണ്ടു. ജലമില്ലാതെ ആൾക്കാർ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോൾ അപ്പുപ്പനും അമ്മുമ്മയും അവരുടെ അടുത്ത് വന്ന് പറഞ്ഞു "പുഴയിലെ മാലിന്യങ്ങളെല്ലാം നമ്മൾ നീക്കം ചെയ്തു വൃത്തിയാക്കിയിട്ടു ഇപ്പോൾ ആ പുഴയിൽ ശുദ്ധമായ ജലമാണ് ഒഴുകുന്നത്, നിങ്ങൾക്ക് ആവശ്യമായ ജലം ആ പുഴയിൽ നിന്നും ശേഖരിക്കാം". ഇത് കേട്ട ഗ്രാമീണർ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവർക്ക് അവരുടെ തെറ്റ് മനസിലായി. ഇനിയൊരിക്കലും പുഴയിൽ മാലിന്യങ്ങളൊന്നും വലിച്ചെറിയാതെ പുഴ വൃത്തിയായി സൂക്ഷിച്ചുകൊള്ളാമെന്ന് അവർ ആ വൃദ്ധദമ്പതികൾക്ക് ഉറപ്പുനൽകി.


ആർദ്ര .D.S
3.B ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ