ദേശാന്തരങ്ങൾ കടന്നുഗ്രം... നിശ്ശബ്ദ കാട്ടുതീ പോലെ, ലോകരെ നാൾക്കുനാൾ, ധനികനോ ദരിദ്രനോ കേവലമന്തരങ്ങൾക്കപ്പുറം മർത്ത്യന്റെ ശ്വാസ നിശ്വാസങ്ങൾ മെല്ലെ യടക്കിയീ നിഗൂഢമാം വൈറസ് . പ്രിയരുടെ വേർപാടിലൊരു നോക്കു കാണാതെ അകലത്തിരുന്നു നാം കണ്ണീരൊഴുക്കുന്നു. ചുടലക്കാട് കാറ്റൂതി കനലെരിഞ്ഞ് ദേശങ്ങൾ കൂട്ട ശവപ്പറമ്പാകുന്നു. കനലുകൾ താണ്ടുവാൻ കൂട്ടായ്, കരുതലായ് മനസ്സുകൊണ്ടൊന്നായ് നാമെല്ലാമീവേള. ഉണരുവാൻ, ഉദ്ബോധനം പകർന്നീടുവാൻ ഈ കൊടും വ്യാധിയെ പിഴുതെറിഞ്ഞീടുവാൻ അശ്രാന്തയത്നങ്ങൾ തളരാതെ തീർത്തു കൊ- ണ്ടേറ്റം ജയിച്ച നാടും ഭരണവും. നാളുകൾ നിസ്വാർത്ഥസേവകരായ് ജീവനു കാവൽ പോരാളികളിവർ മാലാഖമാർ. അകന്നിരുന്നാലെന്നുമടുത്തിരിക്കാമെന്ന- റിഞ്ഞു രാജ്യം അടച്ചിട്ട നാളുകൾ. ആധി വെടിഞ്ഞിട്ടു ജാഗ്രത കൈക്കൊണ്ട് രാജ്യം വരച്ചിട്ടു ലക്ഷ്മണരേഖകൾ. അരികിലായിത്തീരുവാൻ, അകലേയിരിക്കുവാ- നവബോധമുള്ളിലുറച്ച സമൂഹം നാം. അന്നം മുടങ്ങാതെ, ആശങ്ക പടരാതെ കരുതലായ് പെയ്തൊരീ ഏകാന്തനാളുകൾ. സംഹാരതാണ്ഡവമാടും കൊറോണയെ എതിരിട്ടു പോരാടി ജയിക്കും നാം; ഏകരായ് കാറ്റും പ്രളയവും പേമാരിയും കരുത്തോടെ താണ്ടിയീ മലയാളഭൂമി. ഭാരതഭൂപടത്തിലെന്നുമൊന്നാമ- തായ് നാമീ അതിജീവന ഗാഥയിൽ... നാമീ അതിജീവന ഗാഥയിൽ...