19:16, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ കാലത്ത് കൂട്ടുകാരോട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെയെല്ലാം ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ശുചിത്വം .വ്യക്തിശുചിത്വം പരിസര ശുചിത്വം അങ്ങനെ ശുചിത്വത്തെ തരംതിരിച്ച് പഠിക്കുന്നുണ്ട് . ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് 19 എന്ന കൊറോണ വൈറസ് ഡിസീസ് 2019. ആദ്യം ഭയമായിരുന്നു എല്ലാവർക്കും. പിന്നീട് ആ ഭയം തിരിച്ചറിവായി. അത് പ്രതിരോധമായി. എന്നാൽ ഇന്ന് നാം പൊരുതുകയാണ്. ആരോഗ്യപ്രവർത്തകർ നമുക്ക് ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അവ നമുക്ക് ശീലങ്ങൾ ആക്കി മാറ്റണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടവയാണ് .ശുചിത്വം പാലിക്കുന്നവർ തങ്ങളെ മാത്രമല്ല താനുമായി ഇടപെടുന്നവരെ കൂടി വൈറസിൽ നിന്ന് രക്ഷിക്കുകയാണ് .രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർ വ്യക്തിശുചിത്വം പാലിക്കാനായി നമ്മളോട് വീണ്ടും വീണ്ടും ആവശ്യപ്പെടുമ്പോൾ നമ്മൾ അതിനെ സ്വന്തം ആവശ്യമായി മാത്രം കാണുകയോ അവയെ തള്ളിക്കളയുകയോ ചെയ്യരുത് .തന്റെ പിഴവു കൊണ്ട് മറ്റൊരാൾ വേദനിക്കരുത് എന്ന് നമുക്ക് ഓരോരുത്തർക്കും ചിന്തിക്കാൻ ആകണം. നമുക്കറിയാവുന്നതിനുമപ്പുറത്തേക്ക് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പോലുള്ള സംഘടനകൾ പറയുന്ന കാര്യങ്ങൾ കൂടി മനസ്സിലാക്കാനും അവ നടപ്പിലാക്കാനും നാം ശ്രദ്ധിക്കണം. നമ്മളാൽ ആവുന്ന എല്ലാ മുൻകരുതലുകളും എടുക്കാൻ നമുക്കാവണം.
തന്റെ വീട്ടിലെ മാലിന്യങ്ങൾ വലിയ മെനക്കേട് ഇല്ലാതെ അടുത്ത് തൊടിയിലോ റോഡിലോ പുഴയിലോ കൃത്യമായി സംസ്കരിച്ചു കൊണ്ടിരുന്നത് ഭൂരിഭാഗം വീടുകളിലെയും കാഴ്ചകൾ ആയിരുന്നല്ലോ. പുറത്തേക്കിട്ടതെല്ലാം ഒരിക്കൽ ഒഴുകി അകത്തേക്ക് വന്നപ്പോൾ എങ്കിലും നമ്മൾ അത് മനസ്സിലാക്കേണ്ടതായിരുന്നു . എന്നാൽ ഇപ്പോഴും അത് മനസ്സിലാക്കാത്തവർ നമുക്കു ചുറ്റുമുണ്ട്. അവരെ പറഞ്ഞ് മനസ്സിലാക്കേണ്ട ചുമതല കൂടി നമുക്കുണ്ട് . ലോക്ഡൗണിന്റെ മണമുള്ള ഈ വിഷുവിനും അതു തന്നെ ആയിക്കോട്ടെ നമ്മുടെ സേവനം. നമ്മുടെ വീടും പരിസരവും എങ്കിലും വൃത്തിയാക്കാൻ നമ്മളോരോരുത്തരും ഇറങ്ങണം .
വിദേശരാജ്യങ്ങളിൽ മരണനിരക്ക് സ്വർണ്ണവില പോലെ കുതിച്ചുയരുമ്പോൾ ഓരോ ദിവസവും രോഗികളെക്കാൾ കൂടുതൽ രോഗമുക്തി നേടുന്നവരാണ് കേരളത്തിൽ .അതിനു കാരണം കൃത്യമായ ഇടപെടലുകളും നിർദ്ദേശങ്ങളും നൽകിയ സർക്കാരും ആരോഗ്യ പ്രവർത്തകരും പൊലീസും അവരെ അനുസരിച്ച നമ്മളോരോരുത്തരും ആണെന്നതിൽ നമുക്ക് അഭിമാനിക്കാം . എന്നത്തെയും പോലെയല്ല ഇന്നത്തെ നമ്മുടെ ജീവിതം. ശുചിത്വത്തിന്റെ കവചങ്ങൾ നിങ്ങൾ ഓരോരുത്തരെയും ഈ മഹാമാരിയിൽ നിന്നും രക്ഷിക്കട്ടെ. ഒരു കാലിൽ നിന്ന് മറ്റൊരു കാലിലേക്ക് കുതിക്കുന്ന ഫുട്ബോൾ പോലെ പടരുന്ന വൈറസിനെ ഒരു ഗോളിയെ പോലെ വിദഗ്ധമായി പ്രതിരോധിക്കുന്ന തടുത്ത് നിർത്തുന്നവരാണ് ഇനി താരങ്ങൾ. കൂട്ടുകാരെ നമുക്ക് ഓരോരുത്തർക്കും ഇനി മിന്നും താരങ്ങളാകാം.