07:49, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം | color=3 }} <p> <br>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൗരയുഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമാണ് ഭൂമി.ഈ ഭൂമിയിൽ നമുക്കു ചുറ്റും ഉള്ള സർവ്വ ചരാചരങ്ങളും പ്രകൃതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നു. സസ്യലതാദികളും വായുവും ജലവും മണ്ണും എല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇന്ന് മനുഷ്യൻ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം പരിസ്ഥിതി മലിനീകരണവും പരിസ്ഥിതി നാശവുമാണ്. മനുഷ്യന്റെ അനാരോഗ്യകരമായ ഇടപെടലുകൾ കൊണ്ട് ഇന്ന് അന്തരീക്ഷം, വായു മണ്ണ് ഇവ വിഷമയമായികൊണ്ടിരിക്കുകയാണ്.
മനുഷ്യൻ ഇന്ന് ഏറ്റവും അധികം അതിക്രമം കാണിക്കുന്നത് പ്രകൃതിയുടെ മേലാണ്. അവൻ ഏറ്റവും ആകുലപ്പെടുന്നതും അതേകുറിച്ച് തന്നെ. സർവ്വം സഹയാണ് ഭുമി എന്ന് നാം ഭൂമിയെക്കുറിച്ച് പറയുന്നു. ഭൂമിയെ വെട്ടിമുറിച്ചാലും മാലിന്യങ്ങൾ നിറച്ച് ശ്വാസം മുട്ടിച്ചാലും അമ്മയെപ്പോലെ എല്ലാം ക്ഷമിക്കുമെന്നായിരുന്നു മനുഷ്യന്റെ വിചാരം. എന്നാൽ ഭൂമിയുടെ മനസ്സും മാറുകയാണ്. മനുഷ്യന്റെ പ്രവർത്തികൾക്കെതിരെ ഭൂമി പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു. ഭൂകമ്പമായും സുനാമിയായും കൊടുങ്കാറ്റായും പ്രളയമായുമൊക്കെ ഭൂമിയമ്മ നമ്മെ ഭയപ്പെടുത്തുന്നു. കേരളത്തൽ ഉണ്ടായ പ്രളയവും മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, ചൂട് , കാലാവസ്ഥാ വ്യതിയാനം ഓസോൺ പാളിയുടെ നാശം തുടങ്ങിയ അപകടങ്ങളും പ്രകൃതിദുരന്തങ്ങൾക്ക് ഉദാഹരണമാണ്. പ്രകൃതിയുടെ അമൂല്യ സമ്പത്താണ് മരങ്ങൾ . മരങ്ങൾ പ്രകൃതിയുടെ താങ്ങും തണലുമാണ്. അരയാലും പേരാലും മാവും പ്ലാവും അത്തിയും ഇത്തിയുമെല്ലാം പ്രകൃതിയെ ശുചീകരിക്കുന്നതിനോടൊപ്പം മധുരഫലങ്ങളുടെയും ഔഷധങ്ങളുടെയും ഉറവിടം കൂടിയാണ്. എന്നാലിന്ന് മനുഷ്യൻ വനത്തിനും മരത്തിനും അനാവശ്യമായി കോടാലി വയ്ക്കുന്നു.
പ്രകൃതിയുടെ മറ്റൊരു വരദാനമാണ് ജലം. മനുഷ്യന്റെ നിലനില്പിന് അത്യാവശ്യമാണ് ജലം.
എന്നാൽ ഈ അമൂല്യ നിധി ഇന്ന് മലിനമായികൊണ്ടിരിക്കുകയാണ്. ഇത് സംരക്ഷിച്ചേ മതിയാകൂ. ഇന്ന് മനേഹരമായ ജലാശയങ്ങളിൽ ആമ്പൽപൂക്കൾക്കുപകരം പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റ് മാലിന്യങ്ങളുമാണ്. ഇന്നത്തെ ഏറ്റവും വലിയ ആഗോളപ്രശ്നമായി മാറിയിരിക്കുകയാണ് ജലമലിനീകരണം . ഇത് പല രോഗങ്ങളെയും ക്ഷണിച്ച് വരുത്തുന്നു.
പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ ജലമാണ് മഴവെള്ളം . ഇതൊഴുക്കികളയാതെ മണ്ണിൽ താഴത്താനായി മഴക്കുഴി , കുളങ്ങൾ, തടയണകൾ എന്നിവ നിർമ്മിച്ച് സംഭരിച്ച് നിർത്തണം. എന്നും ഭൂമിയെ ആർദ്രമാക്കുന്ന തണ്ണീർതടങ്ങളും നെൽവയലുകളും കണ്ടൽകാടുകളും നശിക്കാതെ നാം കാക്കണം. ഈ അടുത്തകാലത്തായി നാം ഭയപ്പാടോടെ കാണുന്ന കാലാവസ്ഥാ വ്യതിയാനവും അമിതമായ ചൂടും കാലം തെറ്റിയുള്ള മഴയും കൃഷിനാശവുമൊക്കെ തടയാൻ പ്രകൃതി സംരക്ഷണത്തിലൂടെ കഴിയും. ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന എക്കോ ക്ലബ്ബ് പ്രവർത്തനങ്ങളിലും മറ്റ് പ്രകൃതി സംരക്ഷണപ്രവർത്തനങ്ങളിലും നമുക്ക് പങ്കാളികളാകാം.
നമ്മുടെ വീട്ടിലും സ്കൂളിലും ഒരു മരമെങ്കിലും നാം ഓരോർത്തർക്കും നട്ടുവളർത്താം. അനന്തവും അജ്‍ഞാതവും അവർണ്ണനീയവുമായ ഈ പ്രകൃതിയുടെ നിലനില്പിന് വേണ്ടി നാം ഉണർന്ന് പ്രവർത്തിക്കണം . വരും തലമുറകൾക്ക് വേണ്ടി മാലിന്യമുക്തവും പച്ചപ്പുനിറഞ്ഞതുമായ ഭൂമിയുടെ നിലനില്പിനായി നമുക്ക് കഠിനപരിശ്രമം ചെയ്യേണ്ടതുണ്ട്.