എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണക്കാലം..എന്റെ നിരീക്ഷണം

കൊറോണക്കാലം..എന്റെ നിരീക്ഷണം

ചൈനയിലെ വുഹാൻ എന്ന കച്ചവടനഗരത്തിൽനിന്നുത്ഭവിച്ച വൈറസായ കോവിഡ്-19 അഥവാ കൊറോണ ലോകത്തെയാകെ ഇപ്പോൾ തകിടം മറിച്ചുകൊണ്ടിരിക്കുകയാണ്.പതിറ്റാണ്ടുകൾക്കിടയിൽ വരുന്ന വൈറസുകളെപ്പോലെ ഈ സുക്ഷ്മാണുവും മനുഷ്യജീവനുകളെ കൊയ്യുകയാണ്.ഇറ്റലി,സ്പെയിൻ,യുഎസ് തുടങ്ങിയ വമ്പൻ സാമ്പത്തിക ശക്തികളെ നിശബ്ദമാക്കിക്കൊണ്ട് കോവിഡ് 19 അതിന്റെ യാത്ര തുടരുകയാണ്.പ്രതിരോധ വാക്സിനുകൾ കണ്ടുപിടിക്കാൻ ഇതുവരെ മനുഷ്യന് കഴിഞ്ഞിട്ടില്ല.ഈ വൈറസിനെതിരായ മരുന്ന് 'സാമൂഹ്യ അകലം പാലിക്കുക 'എന്നതു മാത്രമാണ്. രാജ്യത്താകമാനം ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ചിലമാറ്റങ്ങൾ പ്രകൃതിക്കും മനുഷ്യർക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു.ഒരു ഭാഗത്ത് ഇത് മനുഷ്യരെ കൊല്ലുകയും മറുഭാഗത്ത് പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുന്നു."ആശങ്കയല്ല അതിജാഗ്രതയാണ് വേണ്ടത് "എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം എത്ര ശരിയാണ്!ഈ ജാഗ്രത പണ്ടേ പാലിച്ചിരുന്നെങ്കിൽ ആശങ്കപ്പെടേണ്ട ഒരാവശ്യവും ലോകജനതക്ക് ഉണ്ടാവില്ലായിരുന്നു.ഗതാഗതം നിലച്ചതോടെ റോഡപകടങ്ങൾ ഇല്ലാതായി,ജനങ്ങൾ വീടിനുള്ളിൽ ഒതുങ്ങിക്കൂടുന്നതിനാൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു,ലോകത്താകെ എന്തൊരു ശാന്തതയാണ് ഈ കാര്യങ്ങളിൽ അനുഭവപ്പെടുന്നത്.സമാധാനവും ശാന്തിയും പ്രകൃതിക്കും ആവശ്യമാണല്ലോ.ഒരുതരത്തിൽ പറഞ്ഞാൽ വൈറസ് ബാധ പ്രകൃതിക്ക് അനുകൂലമായി.വീട്ടുമുറ്റത്ത് വന്നിരിക്കുന്ന കിളികളുടെ എണ്ണംദിനന്തോറും വർദ്ധിക്കുന്നു.പ്രകൃതി നമ്മിൽ നിന്ന് മാറിപ്പോകുമെന്ന ചിന്ത മാറ്റേണ്ട സമയമായപോലെ.
പത്രസർവീസുകളും മറ്റു അവശ്യസ‍ർവീസുകളും മാത്രമേ ഇപ്പോൾ അടച്ചിടാതായിട്ടുള്ളു.പത്രവാർത്ത മുഴുവനും കോവിഡ് 19 എന്ന വൈറസിനെക്കുറിച്ചാണ്.മനുഷ്യരുടെ ചെയ്തികൾ ഇപ്പോൾ വീടുകളിൽ മാത്രം ഒതുങ്ങിയിരിക്കുന്നു.യാത്രകളില്ലാതെ വ്യത്യസ്ത അനുഭവങ്ങളില്ലാതെ ജനങ്ങൾ വീടുകളിൽ പാ‍ർക്കുന്നു.കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ആശയവിനിമയം നടത്തുവാനുള്ള സാഹചര്യം ഉടലെടുക്കുന്നു.’മനുഷ്യർക്ക് വീടുകളിലിരിക്കാം കൊറോണ വൈറസ് ലോകമൊന്ന് കാണട്ടെ!!’
മനുഷ്യകോശങ്ങളിൽ പ്രവേശിക്കുമ്പോൾ മാത്രമാണ് ഈ വൈറസിന് ജീവിതമുള്ളു എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.അതിനാൽ വൈറസ് ബാധയുള്ള ആളുകൾ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്.സമ്പർക്കവിലക്കാണിവർക്ക്.വ്യക്തിശുചിത്വവും പരിസരശുചിത്വവും ഇതിലെ അവിഭാജ്യ ഘടകങ്ങളാണ്.സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചു തന്നെ കൈകൾ ഇടക്കിടെ കഴുകേണ്ടതുണ്ട്.
വീടിനുവെളിയിൽ പോകുവാൻ കഴിയാത്തതുകൊണ്ട് വീട്ടിൽ വെറുതെയിരിക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്.ആത്മാവിനെ അടുത്തറിയാനുള്ള കാലമാണിത്.ഓരോരോ നല്ല കാര്യങ്ങളിൽ ഏർപ്പെട്ട് സമയത്തെ സമ്പുഷ്ടമാക്കണം.ഈ വൈറസിൽ നിന്നും ലോകത്തെ രക്ഷിക്കുവാൻ രാപ്പകൽ കഷ്ടപ്പെടുന്നവരാണ് ഡോക്ടർമാർ,നഴ്സുമാർ,പോലീസ് ഉദ്യോഗസ്ഥർ മറ്റു ഭരണാധികാരികൾ എന്നിവർ.ഇവർനൽകുന്ന നിർദ്ദേശങ്ങൾ നാം പാലിക്കണം.ആധുനിക നഴ്‍സിംഗ് സംവിധാനം ആവിഷ്ക്കരിച്ച ഫ്ലോറൻ‍സ് നൈറ്റിംഗേലിന്റെ ഇരുന്നൂറാം ജന്മവാർഷികത്തിന്റെ പ്രസക്തിതന്നെ നഴ്‍സുമാരുടെ കഠിനാദ്ധ്വാനവും പരിശ്രമവുമാണ്. ലക്ഷക്കണക്കിന് രോഗികളുടെ ജീവൻ തിരിച്ചുപിടിക്കുവാനുള്ള ഇവരുടെ കഠിന പ്രയത്നത്തിനും സേവനത്തിനും മുന്നിൽ ശിരസ് നമിക്കുന്നു.വൈറസിനെ ചെറുക്കുവാനുള്ള മരുന്നിന്റെ അഭാവം നമ്മുടെ ശാസ്ത്രം ഇനിയും എത്രയോ മുന്നേറുവാനുണ്ടെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഐവിൻ ഫ്രാൻസിസ്
9 എസ്ഡിപിവൈബിഎച്ച്എസ് പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം