ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/നാടോടി വിജ്ഞാനകോശം

കൈകൊട്ടിക്കളിപ്പാട്ടുകൾ.

സ്ത്രീകളുടെ വിനോദകലയാണ് കൈകൊട്ടിക്കളി (തിരുവാതിരക്കളി). ചിങ്ങമാസത്തിലെ ഓണാഘോഷത്തിനും ധനുമാസത്തിലെ ആതിരാഘോഷത്തിനും കൈകൊട്ടിക്കളി മുഖ്യമാണ്. കൈകൊട്ടിക്കളിപ്പാട്ടുകൾ ധാരാളം പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും ഇന്നു നഷ്ടപ്രായമായിരിക്കയാണ് (നോ. കൈകൊട്ടിക്കളിയും പാട്ടുകളും). സാഹിത്യലോകത്ത് പ്രശസ്തങ്ങളായ ചില കൈകൊട്ടിക്കളിപ്പാട്ടുകളുണ്ട്. പാർവതീസ്വയംവരം നാലു വൃത്തം, അംബരീഷചരിതം പന്ത്രണ്ടുവൃത്തം, പാർവതീസ്വയംവരം പന്ത്രണ്ടുവൃത്തം, ഗജേന്ദ്രമോക്ഷം നാലു വൃത്തം, ശാകുന്തളം നാലു വൃത്തം, സീതാസ്വയംവരം നാലു വൃത്തം, വൃകാസുരവധം രണ്ടു വൃത്തം, കല്യാണസൗഗന്ധികം രണ്ടു വൃത്തം തുടങ്ങിയ പാട്ടുകൾ മച്ചാട്ട് ഇളയതിന്റെ സംഭാവനകളാണ്. കോട്ടൂർ നമ്പ്യാർ കുചേലവൃത്തം, സുഭദ്രാഹരണം എന്നീ കഥകൾ കൈകൊട്ടിക്കളിപ്പാട്ടുകളായി രചിച്ചിട്ടുണ്ട്. അഹല്യാമോക്ഷം ഏഴു വൃത്തം, ലക്ഷ്മീസ്വയംവരം മൂന്നു വൃത്തം, അജാമിളമോക്ഷം നാലു വൃത്തം, ദക്ഷയാഗം പതിനെട്ടു വൃത്തം, പൂതനാമോക്ഷം എട്ടു വൃത്തം, രാസക്രീഡ ആറു വൃത്തം, രാജസൂയം പത്തു വൃത്തം, കിരാതം എട്ടു വൃത്തം മുതലായ അനേകം കൈകൊട്ടിക്കളിപ്പാട്ടുകളെപ്പറ്റി സാഹിത്യചരിത്രഗ്രന്ഥങ്ങളിൽ സൂചനകൾ കാണാം.

ധനുമാസത്തിലെ തിരുവാതിര ഹൈന്ദവവനിതകളുടെ ഉത്സവമാണ്. അശ്വതി നാൾ മുതൽ കുളിയും തുടിയും കളിയും തുടങ്ങും. പുലരുന്നതിനു മുമ്പേ കുളിക്കുവാൻ ചെല്ലും. ഗംഗയുണർത്തുപാട്ട്, കുളംതുടിപ്പാട്ട് എന്നിവ ആ സന്ദർഭത്തിൽ പാടുന്നവയാണ്. ഊഞ്ഞാൽപ്പാട്ടുകൾ പാടി ഊഞ്ഞാലാടുന്ന പതിവുണ്ട്. താലോലംപാട്ട്, തുമ്പിതുള്ളൽപ്പാട്ട് എന്നിവ തിരുവാതിരപ്പാട്ടുകളിൽപ്പെടുന്നവയാണ്. തിരുവാതിരക്കളിക്ക് ഗണപതി, സരസ്വതി, ശ്രീകൃഷ്ണൻ, പരമേശ്വരൻ തുടങ്ങിയവരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകൾ പാടും. കൂടാതെ മംഗളാതിരാപുരാണം, പാർവതീസ്വയംവരം, സത്യാസ്വയംവരം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകൾ പാടും. സാഹിത്യലോകത്ത് പ്രശസ്തങ്ങളായ ചില തിരുവാതിരപ്പാട്ടുകളുമുണ്ട്. കുഞ്ചൻ നമ്പ്യാരുടെ രുക്മിണീസ്വയംവരം പത്തു വൃത്തം, ഇരട്ടക്കുളങ്ങര രാമവാര്യരുടെ കിരാതം, കോട്ടൂർ നമ്പ്യാരുടെ കുചേലവൃത്തം, സുഭദ്രാഹരണം, കുട്ടിക്കുഞ്ഞു തങ്കച്ചിയുടെ ശിവരാത്രിമാഹാത്മ്യം, സീതാസ്വയംവരം, നാരദമോഹനം എന്നിവ ഇവയിൽ ചിലതാണ്. മച്ചാട്ടിളയത്, വെണ്മണിമഹൻ നമ്പൂതിരി തുടങ്ങിയവരും തിരുവാതിരപ്പാട്ടുകൾ എഴുതിയിട്ടുണ്ട്. ആതിരവ്രതം അനുഷ്ഠിക്കുന്ന സ്ത്രീകളാണ് തിരുവാതിരക്കളിയിൽ ഏർപ്പെടുന്നതെങ്കിലും അനുഷ്ഠാനത്തെക്കാൾ വിനോദത്തിനാണ് ഈ കളിയിൽ മുൻതൂക്കം കാണുന്നത്. പ്രസിദ്ധങ്ങളായ കഥകളിപ്പദങ്ങളും തിരുവാതിരക്കളിക്ക് ഉപയോഗിച്ചുവരുന്നു. നോ. കൈകൊട്ടിക്കളിയും പാട്ടുകളും

ഓണപ്പാട്ടുകൾ. കേരളീയരുടെ ദേശീയോത്സവമായ ഓണാഘോഷത്തോടനുബന്ധിച്ച് പാട്ടുകളും കളികളും കലാപ്രകടനങ്ങളും ഉദയം ചെയ്തിട്ടുണ്ട്. ഓണപ്പാട്ടുകളിൽ പ്രായേണ ഓണാഘോഷത്തിന്റെ ഐതിഹ്യങ്ങളും ചടങ്ങുകളുമാണ് വർണിക്കുന്നത്. 'മാവേലി നാടുവാണീടും കാലം' എന്ന നാടോടിപ്പാട്ട് പ്രചുരപ്രചാരമുള്ളതാണ്. ഓണത്തിന് പൂവിടുകയും പൂക്കളം നിർമിക്കുകയും ചെയ്യുമ്പോൾ പൂപ്പാട്ടുകൾ (പൂവിളിപ്പാട്ടുകൾ) പാടിവരുന്നു. അത്യുത്തര കേരളത്തിൽ 'ഓണത്താർ' എന്ന തെയ്യം ഭവനംതോറും വന്നു പാട്ടു പാടി ആടാറുണ്ട്. വണ്ണാന്മാർ പാടിവരുന്ന ഈ പാട്ടിന്റെ ഉള്ളടക്കം മഹാബലിയുടെ കഥയാണ്. ഓണക്കാലത്തു പുള്ളുവരും പാണരും ഭവനങ്ങളിൽ വന്നു പാട്ടു പാടും . ഓണപ്പാട്ടുകൾ പാടിയാൽ അവർക്കു പ്രത്യേക പാരിതോഷികങ്ങൾ ലഭിക്കും . ഓണക്കാലത്തെ വിനോദങ്ങൾക്കു പാടുന്ന പാട്ടുകളും കുറവല്ല. തുമ്പിതുള്ളൽപ്പാട്ടുകളും തലയാട്ടപ്പാട്ടുകളും ഊഞ്ഞാൽപ്പാട്ടുകളും കുമ്മിപ്പാട്ടുകളും മറ്റും ഗ്രാമീണാന്തരീക്ഷത്തിൽ ഇന്നും പ്രചാരത്തിലിരിക്കുന്നു.