അസംപ്ഷൻ യു പി എസ് ബത്തേരി/നല്ല പാഠം
നല്ല പാഠം
സാമൂഹ്യ പ്രതിബദ്ധതയും, സേവനതത്പരതയും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അസംപ്ഷൻ എ.യു.പി സ്കൂളിൽ മനോരമ നല്ല പാഠം ക്ലബ് പ്രവർത്തിക്കുന്നു. 2019 - 20 പ്രവർത്തനവർഷത്തിൽ കുട്ടികൾ പടുത്തുയർത്തുന്ന കേരളം എന്ന വിഷയത്തെ ആസ്പദമാക്കി നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു.
വിവിധ പ്രവർത്തനങ്ങൾ
മഴക്കുഴി നിർമ്മാണം, പൂമരത്തൈ നടൽ, മുള നടൽ, വയൽ അറിയൽ, വിവിധ ദിനാചരണങ്ങൾ, ലഹരിവിരുദ്ധ പ്രതിരോധ മതിൽ, ഗജദിനം
അപൂർവ്വ നെൽവിത്തു ശേഖരണം - വിത്ത്ഗാഥയുമായി അസംപ്ഷൻ എ.യു.പി
അന്യം നിന്നു പോകുന്ന നാടൻ നെൽവിത്തിനങ്ങളുടെയും, മറ്റ് സംസ്ഥാനങ്ങളിലെ തനത് നെൽവിത്തിനങ്ങളുടെയും അപൂർവ്വ ശേഖരവുമായി അസംപ്ഷൻ എ.യു.പി സ്കൂൾ.
വയനാടിന് അന്യമായി കൊണ്ടിരിക്കുന്ന നെൽകൃഷിയുടെ കാർഷിക - പാരമ്പര്യ സംസ്കൃതി കുട്ടികളിലൂടെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു കൂടി 54-ഓളം അപൂർവ്വ ഇനം നെൽവിത്തിനങ്ങൾ ശേഖരിക്കുകയും (രക്തശാലി, ആസ്സാം ബ്ലാക്ക്, പാക് ബസ് മതി, പുന്നാടൻ തൊണ്ടി, സക്കോവ പെരിയറ്റ്, കാശ്‌മീർ ബസ് മതി, ചെന്താടി, മല്ലി കുറവ തുടങ്ങിയ വിവിധ ഇനങ്ങൾ) ഇവ പുതിയ തലമുറയ്ക്ക് കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗ്രോബാഗുകളിൽ വിത്തുകൾ വിതയ്ക്കുകയും ചെയ്തു. ഹെഡ്‌മാസ്റ്റർ ശ്രീ ജോൺസൺ തൊഴുത്തുങ്കൽ നല്ലപാഠം കോർഡിനേറ്റേർസ് ഷിമിൽ അഗസ്റ്റിൻ, നിഷ ടി അബ്രഹാം, എന്നിവരും തോമസ് സ്റ്റീഫൻ, വർഗ്ഗീസ് പി.എ എന്നീ അധ്യാപകരും നേതൃത്വം നൽകി.
പേപ്പർ പെൻ
ഉപയോഗശേഷം വലിച്ചെറിയുന്ന ഇന്നത്തെ സംസ്കാരത്തിൽ നിന്ന് വിഭിന്നമായി ചിന്തിക്കാനും, പ്രവർത്തിക്കാനുമുള്ള ശേഷി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയും, പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി എന്ന അവബോധത്തിലേയ്ക്ക് ഓരോ വിദ്യാർത്ഥിയെയും എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി നല്ല പാഠം നടപ്പാക്കിയ കർമ്മപദ്ധതിയാണ് പേപ്പർ പെൻ.
യൂസ്ഡ് പെൻബോക്സ്
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കുട്ടികൾ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുനരുപയോഗം നടത്തുന്നതിനായി യൂസ്ഡ് പെൻ ബോക്സ് സ്ഥാപിച്ചു.
വെർട്ടിക്കൽ ഗാർഡൻ
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളിൽ പൂക്കൾ വസന്തം പ്ലാസ്റ്റിക് പുനരുപയോഗത്തിന്റെ പുതിയ മാനങ്ങൾ തേടിക്കൊണ്ട് മാതൃകാപരമായ പുനരുപയോഗം പരിചയപ്പെടുത്തുന്നതിനായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് വെർട്ടിക്കൽ ഗാർഡൻ നിർമ്മിച്ചു.