ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/എന്റെ ഗ്രാമം

14:40, 25 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yoonuspara (സംവാദം | സംഭാവനകൾ) (editing)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മഞ്ചേരി

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിന്റെ ആസ്ഥാന നഗരസഭ.കേരളത്തിലെ ഏറ്റവും കൂടുതൽ വിസ്തിയുള്ളതും ഗ്രാമ-നഗരസമിശ്ര സാമൂഹ്യഘടനയുള്ളതുമായ മഞ്ചേരി അതിന്റെ പേരു സൂചിപ്പിക്കുന്നപ്പോലെ മണ്ണും പ്രകൃതിയും കാർഷികവൃത്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. എല്ലാ മതസമുദായങ്ങളിൽപ്പെട്ട കുലീന കുുടുംബങ്ങളും അധ്വാനികളായ മനുഷ്യരും സൗഹൃദതണലിൽ ഒന്നിച്ചിരുന്ന സ്നേഹത്തിന്റെ തുരുത്ത്.വ്യത്യസ്ത ചിന്താഗതികളും സംസ്കാരങ്ങളും ആചാരനുഷ്ഠാനങ്ങളും മഞ്ചേരിയുടെ മണ്ണിടം ഉൗഷ്മളമായാണ് സ്വീകരിച്ചത്.ഭൂപ്രദേശത്തിന്റെ വൈവിധ്യം പോലെ തന്നെ ഹൃദയ വിശാലതയുടെ അവബോധംഎല്ലാ മനുഷ്യരേയും ഒരുപോലെ ഉൾക്കൊള്ളാനുള്ള പക്വത ചരിത്രം പകർന്ന് തരുന്നു. അപൂർവ്വവും അതുല്യവുമായ നേട്ടങ്ങളും മറക്കാനാവാത്ത ചരിത്ര സംഭവങ്ങളും ,പ്രശസ്തമായ മതസംസ്കാരിക കൂട്ടായ്മകളും ,വൈദേശിക മേധാവിത്വത്തിനെതിരെയുള്ള വ്യത്യസ്തമായ പോരാട്ട വഴികളും രാഷ്ട്രീയ ദിശാബോധം നൽകിയ നേതൃത്വങ്ങളും മഞ്ചേരിയെ മാനവ ചരിത്രത്തിലെ മഹാചേരിയാക്കി ഉയർത്തി.

മഞ്ചേരി കലാപം 1849

1849-ൽ മഞ്ചേരി കച്ചേരിപ്പടിയിൽ മാപ്പിളകലാപകാരികളും ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ട‌ൽ പ്രധാനസംഭവമാണ്.അത്തൻകുരിക്കളുടെ പിൻമുറക്കാരാനായ അത്തൻമോയിൻ കുരിക്കളായിരുന്നു ഈ കലാപത്തിന് മുന്നിൽ ഉണ്ടായിരുന്നത്.കുന്നത്തമ്പലത്തിനകത്ത് ഒളിതാവളമാക്കിയ കലാപകാരികളെ നേരിടാൻ 43-ാം റെജിമെന്റിന്റെ ഒരു ഡിറ്റാച്ച്മെന്റ് വിങ്ങുമായി ക്യാപ്റ്റൻ വാട്ട് മലപ്പുറത്ത് നിന്നും മഞ്ചേരിയിലെത്തി.ഇന്നത്തെ താലൂക്ക് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന താലൂക്ക് കച്ചേരിയിലായിരുന്നു സൈന്യം നിലയുറപ്പിച്ചിരുന്നത്.കുന്നത്തമ്പലത്തെ കച്ചേരിക്കുന്നുമായി വേർത്തിരിച്ചിരുന്ന നെൽവയലിലൂടെ ക്യാപ്റ്റൻ എൻസിൻവൈസിന്റെ നേതൃത്വത്തിൽ കമ്പനിപ്പട്ടാളം ലഹളക്കാരെ നേരിടാൻ മുന്നോട്ട് നീങ്ങി.അസിസ്റ്റന്റ് മജിസ്ട്രേറ്റ് കൊലറ്റ് ഉൾപ്പെടെ ബാക്കി സൈന്യം കച്ചേരിക്കുന്നിൽ തന്നെ നിന്നു. മ‍ഞ്ചേരി കച്ചേരിക്കും കുന്നത്തമ്പലത്തിനും മധ്യേയുള്ള പാടത്തുകൂടി ലഹളക്കാരെ എതിർക്കുവാൻ ക്യാപ്റ്റൻ വാട്ട് കൽപന കൊടുത്തു.

ഒന്നാം ലോകയുദ്ധവും മഞ്ചേരിനിവാസികളും

നൂറ് വർഷം പൂർത്തിയാകുന്ന ഒന്നാം ലോകയുദ്ധത്തിൽ മഞ്ചേരിയിൽ ഒരു സ്മാരകമുണ്ട് .ബ്രിട്ടനു വേണ്ടി യുദ്ധഭൂമിയിൽ പോരാടാൻ കടൽ കടന്ന മഞ്ചേരി വില്ലേജിലെ 31പട്ടാളക്കാരാണ് ആയുധമണിഞ്ഞത്.യുദ്ധമുഖത്ത് രണ്ട് പേരുടെ ജീവൻ ബലികഴിച്ചു.ഇക്കാര്യം രേഖപ്പെടുത്തിയ സ്മാരകശില മഞ്ചേരിയിലെ പഴയ താലൂക്ക് കച്ചേരി ഓഫീസായിരുന്ന ഇപ്പോഴത്തെ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ കാണാം.ഒന്നാം ലോകമഹായുദ്ധത്തിൽ മഞ്ചേരിയുടെ പങ്കാളിത്തം തെളിയിക്കുന്ന സ്മാരകമെങ്കിലും പട്ടാളക്കാരുടെ പേരുവിവരങ്ങളൊന്നുമില്ല.ഇന്ത്യയിൽ സംരക്ഷിച്ചു വരുന്ന 500ഓളം യുദ്ധസ്മാരകങ്ങളിലൊന്നാണിത്.ഇന്ത്യയിൽ നിന്നും 10 ലക്ഷം ജവാന്മാർ 1914മുതൽ 19വരെ ബ്രിട്ടനുവേണ്ടി പോരാടിയത് ജർമ്മനിയിലും ഇറാൻ-ഇറാഖ് പ്രവിശ്യയിലും ഫ്രാൻസിലുമായിരുന്നു.മരിച്ചവരോ കാണാതാവുകയോ ചെയ്ത 75000 പേരിൽ മദ്രാസ് റെജിമെന്റിന്റെ ഭാഗമായിരുന്ന 200 ഓളം ജവാന്മാരും ഉൾപ്പെടും. ലോകയുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ ജവാന്മാർക്ക് മലബാറിൽ ഖിലാഫത്ത് സമരങ്ങളെ നേരിടാനുള്ള ഊഴമായിരുന്നു.തുർക്കി ഖിലാഫത്ത് സംരക്ഷിക്കുമെന്ന വാഗ്ദാനം ബ്രിട്ടൻ ലംഘിക്കുകയും തുർക്കിയെ തകർക്കുകയും ചെയ്തപ്പോഴാണ് ഖിലാ‍ഫത്ത് പ്രസ്ഥാനം ആരംഭിച്ചത്.യുദ്ധത്തിൽ പങ്കെടുത്ത ജവാന്മാർക്ക് മതിയായ ശമ്പളം നൽകാത്തതിലും പരിഭവമുണ്ട‌ായി.പലരും പട്ടാളപ്പണി നിർത്തി.നിർത്തിയവരും ബ്രിട്ടീഷുകാർ നൽകിയ അവരുടെ ആയുധങ്ങളും കലാപത്തിൽ ഉപയോഗപ്പെട്ടിട്ടുണ്ട്.