കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. എട്ടാം ക്ലാസിൽ വിദ്യാർത്ഥികൾ ക്ലബിൽ അംഗത്വമെടുക്കുകയും ഒമ്പതാം ക്ലാസിൽ ഇരുപത്തി അഞ്ച് മൊഡ്യൂളിലുമായി അവർക്ക് പരിശീലനം ലഭിക്കുകയും ചെയ്യുന്നു. പത്താേ ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.
വിവര വിനിമയ സാങ്കേതിക രംഗത്തു കുട്ടികൾ പ്രകടിപ്പിക്കുന്ന താൽപര്യത്തെ പരിപോഷിപ്പിക്കാനും ഈ സങ്കേതങ്ങൾ ആഴത്തിൽ സ്വായത്തമാക്കാനുളള സാഹചര്യമൊരുക്കാനും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഉപയോഗത്തിനും പരിപാലനത്തിനും കുട്ടികളെ സജ്ജമാക്കാനും കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഐ യു എച്ച് എസ് പരപ്പൂറിലെ ലെ 26 കുട്ടികളെ മാർച്ച് മൂന്നിനു നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തു.
കൈറ്റ് മാസ്റ്ററായി ആനന്ദ് മോഹൻ.സി സാറിനെയും കൈറ്റ് മിസ്ട്രസ്സായി ജ്യോതി ജോർജ്ജ് ടീച്ചറെയും ചുമതലപ്പെടുത്തി.