മലബാർ കുടിയേറ്റം

22:03, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12022 (സംവാദം | സംഭാവനകൾ) ('കോട്ടയം അതിരൂപതയുടെ ചരിത്രത്തിലെ അവിസ്മരണീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോട്ടയം അതിരൂപതയുടെ ചരിത്രത്തിലെ അവിസ്മരണീയവും ഐതിഹാസികവും അതിസാഹസികവുമായ സംരംഭങ്ങളിലൊന്നായിരുന്നു മലബാർ കുടിയേറ്റം. മദ്ധ്യതിരുവിതാംകൂറിലെ കോട്ടയം രൂപതയിൽപ്പെട്ട വിവിധ ഇടവകകളിൽ നിന്നും 72 കുടുംബങ്ങൾ 1943 ഫെബ്രുവരി മാസത്തിൽ ബഹു. അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ ക്‌നാനായ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രഫ. വി.ജെ ജോസഫ് കണ്ടോത്തിന്റെയും, ഫാ.മാത്യു ചെറുശ്ശേരിയുടെയും നേത്യത്വത്തിൽ ഇന്നത്തെ കാസർഗോഡ് ജില്ലയിലെ രാജപുരം കോളനിയിലേക്ക് സംഘടിതമായി കുടിയേറി. കുടിയേറ്റത്തോടനുബന്ധിച്ച് രാജപുരത്ത് ഒരു താത്കാലിക ഷെഡിൽ ആദ്യമായി ദിവ്യബലി അർപ്പിക്കുകയും പിന്നീട് ”തിരുക്കുടുംബ നാമധേയത്തിൽ” താത്കാലിക ദേവാലയം പണിയുകയും ചെയ്തു. സീറോ മലബാർ സഭയുടെ മലബാർ മേഖലയിലെ ആദ്യത്തെ പള്ളിയാണ് രാജപുരം. 1944 ൽ കുടിയേറ്റ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി എൽ.പി. സ്‌കൂൾ അനുവദിച്ചുകിട്ടി. 1953 നവംബർ 28-ാം തീയതി ഇന്നു നാം കാണുന്ന തിരുക്കുടുംബ ദേവാലയത്തിന്റെ പണി ആരംഭിക്കുകയും 1962 ഓഗസ്റ്റ് 15 ന് മാർ തോമസ് തറയിൽ പിതാവ് പുതിയ പള്ളിയുടെ കൂദാശ കർമ്മം നടത്തുകയും ചെയ്തു. തിരുക്കുടുംബ ദേവാലയത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നല്കിയത് അന്നത്തെ വികാരിയായ ഫാ. ഫിലിപ്പ് ചെമ്മലക്കുഴിയായിരുന്നു. തിരുക്കുടുംബ ദേവാലയത്തിന്റെ പ്രധാനതിരുനാൾ കുടിയേറ്റ തിരുനാൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ തിരുനാളിന് എല്ലാ കുടിയേറ്റ ജനതകളും എത്തിച്ചേരുകയും ദൈവത്തിന് നന്ദി അർപ്പിക്കുകയും ചെയ്തുവരുന്നു. കുടിയേറ്റ നാളുകളിൽ ഈ പ്രദേശത്തെ ”ഏച്ചിക്കോൽ” എന്നാണു വിളിച്ചിരുന്നത്. എന്നാൽ കുടിയേറ്റക്കാർ ആ പേരുമാറ്റി രാജാധിരാജനായ യേശുദേവൻ വാഴുന്ന ഇടം എന്നർത്ഥത്തിൽ രാജപുരം എന്ന് വിളിക്കുകയും ഇന്ന് രാജപുരമായി അറിയപ്പെടുകയും ചെയ്യുന്നു. 15-20 കി.മീ. ചുറ്റളവിലായി കുടിയേറ്റക്കാർ സ്ഥലം വാങ്ങുകയും കൃഷിയിറക്കുകയും വീട് പണിയുകയും താമസിക്കുകയും ചെയ്തിരുന്നു. എങ്കിലും ആത്മീയ പാലനത്തിനും, പ്രാഥമിക വിദ്യാഭ്യാസത്തിനും രാജപുരം മാത്രമായിരുന്നു ആശ്രയം. മലയോടും, മലമ്പാമ്പിനോടും, കാട്ടുമൃഗങ്ങളോടും, മലമ്പനിയോടും മല്ലിട്ട് ഭൂമിയിൽ കനകം വിളയിച്ച് സ്വന്തം മക്കളുടെ ഭാവിയൊരുക്കി സ്‌കൂളും കോളേജുമൊക്കെ പടുത്തുയർത്തിയ സഭാ നേതൃത്വത്തോടും ഇടവക വികാരിമാരോടും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച് 1960 ൽ രാജപുരത്ത് ഹോളിഫാമിലി ഹൈസ്‌കൂൾ രൂപം കൊണ്ടു. ഇന്ന് 2010-ൽ സ്‌കൂളിന്റെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ നിറവിലാണ് ഇടവകക്കാരും നാട്ടുകാരും. ഫാ. സ്റ്റീഫൻ മുതുകാട്ടിലിന്റെ ശ്രമഫലമായി 1969-ൽ വിസിറ്റേഷൻ കന്യകാ സമൂഹത്തിന്റെ ശാഖാഭവനം ഇവിടെ ആരംഭിച്ചു. ഇന്ന് മഠത്തോടനുബന്ധിച്ച് ഒരു നേഴ്‌സറി സ്‌കൂളും നടത്തിവരുന്നു. 1968-ൽ കുടിയേറ്റത്തിന്റെ രജതജൂബിലി സ്മാരകമായി രൂപതാദ്ധ്യക്ഷൻ രാജപുരം പള്ളിയെ ഫൊറോന പള്ളിയായി ഉയർത്തി. ഈ ഇടവകയുടെ കീഴിൽ1995-ൽ സ്ഥാപിതമായ പാലങ്കല്ല്, അയ്യങ്കാവ് കുരിശുപള്ളികളിൽ ഞായറാഴ്ചകളിലും മറ്റു വിശേഷ ദിവസങ്ങളിലും വി. കുർബ്ബാന അർപ്പിക്കുന്നു. താഴത്തോട്ടത്തിലച്ചന്റെ നേതൃത്വത്തിലാണ് കുടിയേറ്റക്കാരുടെ ചിരകാലാഭിലാഷമായിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥലം വാങ്ങുന്നതിനും അതിന്റെ അംഗീകാരത്തിനുമായുള്ള പ്രാഥമിക നടപടിക്രമങ്ങൾ ആരംഭിച്ചത്. 2000-ാം ആണ്ടിൽ രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂളിന് +2 അനുവദിച്ചുകിട്ടി. വിദ്യാഭ്യാസ രംഗത്ത് കുടിയേറ്റ മേഖല അടിക്കടി ഉയർന്നുക്കൊണ്ടിരിക്കുന്നു. ഇടവകയിൽ ക്‌നാനായ കത്തോലിക്ക കോൺഗ്രസ്, കെ.സി.വൈ.എൽ., കെ.സി.ഡബ്ല്യു.എ, വിൻസെന്റ് ഡി പോൾ, മിഷൻലീഗ്, തിരുബാലസഖ്യം എന്നീ ഭക്ത സംഘടനകൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. 375 കുടുംബക്കാർ ഇന്ന് രാജപുരം തിരുക്കുടുംബദേവാലയത്തിൽ ഇടവകക്കാരായുണ്ട്. 10 ഇടവകകളും 6 നടത്തുപള്ളികളും രാജപുരം ഫൊറോനാ ദേവാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

"https://schoolwiki.in/index.php?title=മലബാർ_കുടിയേറ്റം&oldid=532798" എന്ന താളിൽനിന്ന് ശേഖരിച്ചത്