മന്ദങ്കാവ് എ. എൽ. പി സ്കൂൾ/കൂടുതൽ വിവരങ്ങൾ

രാജകീയ പ്രൗഢികളോടെ ഒരു ഗ്രാമം

ഒരു പ്രദേശത്തിന്റെ ചരിത്രം രൂപപ്പെടുന്നത് ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ പശ്ചാത്തലത്തിൽ നിന്നാണ്. ആ സമൂഹത്തിന്റെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വിശ്വാസങ്ങൾക്കും ആരാധനാരീതികൾക്കും മറ്റും അതിൽ നിർണ്ണായകവും അനിഷേധ്യവുമായ സ്ഥാനമുണ്ട്.

പഴയ കുറുമ്പ്രനാട് താലൂക്കിൽ ഉൾപ്പെട്ട ഈ പ്രദേശം ഭൂമിശാസ്ത്രപരമായി ഏതാണ്ട് ഒറ്റതിരിഞ്ഞുകിടക്കുന്ന ഒരു ഗ്രാമീണമേഖലയാണ്. ഒരു കാലത്ത് രാജകീയ പ്രൗഢികളോടെ വിളങ്ങിയ ഈ പ്രദേശം പ്രകൃതിയുടെ വൈവിധ്യമാർന്ന വരദാനങ്ങൾ കൊണ്ട് സമ്പുഷ്ടവും നിബിഡമായ തരുലതാദികൾ കൊണ്ട് സുശോഭനവും ഒരു ഭഗവതീ ക്ഷേത്രത്തിന്റെ ആത്മീയപ്രഭകൊണ്ട് സമുജ്ജ്വലവുമായിരുന്നുവത്രെ. നെൽകൃഷികൊണ്ട് സമൃദ്ധമായ വയലുകളും ഈ നാടിന്റെ ഹരിതഭംഗിയുടെ സ്രോതസ്സായിരുന്നു. പടിഞ്ഞാറ് ദിശയിലൂടെ കോരപ്പുഴ ലക്ഷ്യമാക്കി കടന്നുപോവുന്ന രാമൻ പുഴ ഈ പ്രദേശത്തിന്റെ ചാരുതയ്ക്ക് ഇന്നും മിഴിവേകുന്നുണ്ട്. കേരഫെഡ്, ടെക്സ്ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ നിലയുറപ്പിച്ചിട്ടുളളത് ഇവിടെയുള്ള വിശാലമായ പറമ്പിൻകാട് മലയിലാണ്. ജാതിമതവർഗ്ഗരാഷ്ടീയങ്ങൾക്ക് അതീതമായ സൗഹ്യദവും സാമൂഹികമായ കൂട്ടായ്മയും ഈ ഗ്രാമീണസംസ്കൃതിയുടെ സവിശേഷതയാണ്.

കാലാനുസൃതമായ മാറ്റങ്ങൾ ഈ പ്രദേശത്തിന്റെ ഗ്രാമീണ സംസ്കൃതിയിലും ഇന്ന് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഓലയും ഓടും മേഞ്ഞ വീടുകൾ ഇന്ന് കോൺക്രീറ്റ് സൗധങ്ങൾക്ക് വഴിമാറിയിട്ടുണ്ട്. ഒരു കാലത്ത് കാൽനടയായിമാത്രം ആളുകൾ സഞ്ചരിച്ചുകൊണ്ടിരുന്ന ഈ പ്രദേശത്ത് ടാറിട്ട റോഡുകളും ചെമ്മൺ നിരത്തുകളൂം ധാരാളം. വാഹനഗതാഗതവും സുലഭം. എങ്കിലും നാഗരികതയുടെ മറ്റുതരത്തിലുള്ള കടന്നുകയറ്റമൊന്നും ഏറെ ഉണ്ടായിട്ടില്ല.

സ്കൂളിന്നടുത്ത് സ്ഥിതി ചെയ്യുന്ന ഒരു പോസ്റ്റാഫീസ് മാത്രമായിരുന്നു അടുത്ത കാലംവരെ ഇവിടെ ഉണ്ടായിരുന്ന ഏക സർക്കാർ സ്ഥാപനം. കുടുംബശ്രീ, ജനശ്രീ തുടങ്ങിയവയുടെ പ്രവർത്തനവും ഇവിടെ സജീവമാണ്. രണ്ടു അംഗൻവാടികൾ അടുത്തകാലത്തായി ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസസ്ഥാപനം എന്നു പറയാൻ ഒരു മദ്രസ്സയും ഈ വിദ്യാലയവുമല്ലാതെ മറ്റൊന്നുമില്ല. ജനങ്ങളിൽ വിദ്യാഭ്യാസബോധം വളർന്നുവരുന്നുണ്ടെങ്കിലും സമൂഹത്തിന് ഇംഗ്ലീഷിനോട് ഉണ്ടായിക്കൊണ്ടിരിക്കുന്ന അന്ധമായ ഭ്രമം ഈ പൊതുവിദ്യാലയത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.